Sorry, you need to enable JavaScript to visit this website.

റാം അല്ലെങ്കിൽ ഹജ്; ഗുജറാത്തിൽ വിറളിപൂണ്ട ബിജെപിയുടെ വർഗീയ പ്രചാരണം

ന്യൂദൽഹി- നിയമസഭാ തെരഞ്ഞെടുപ്പിനു ഒരു മാസം മാത്രം ശേഷിക്കെ ഗുജറാത്തിൽ വലിയ തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന ബി.ജെ.പി പതിവു ശൈലിയിൽ സോഷ്യൽ മീഡിയയിൽ വർഗീയ വിദ്വേഷ പ്രചാരണവുമായി രംഗത്ത്. ബി.ജെ.പിയുടെ പരമ്പരാഗത വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കി കോൺഗ്രസ് നടത്തുന്ന മുന്നേറ്റത്തിൽ വിറളി പൂണ്ട സംഘപരിവാറാണ് വർഗീയത പ്രചരിപ്പിച്ച വോട്ടർമാരെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത്. അഹമദാഹാദിലെ അംറായിവാഡി നഗറിലെ ആർ.എസ്.എസ് ശാഖയാണ് ഹിന്ദു-മുസ്ലിം ഭിന്നിപ്പ് ലക്ഷ്യമിട്ട് പുതിയ പോസ്റ്റർ വാട്‌സാപ്പിൽ പ്രചരിപ്പിക്കുന്നത്. 

റാം അല്ലെങ്കിൽ ഹജ്ജ് ഇവയിലേതു തെരഞ്ഞെടുക്കണമെന്ന് വോട്ടർമാർ തീരുമാനിക്കണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ പേരുകളെടുത്ത് രൂപാനി, അമിത് ഷാ, മോദി (RAM) ത്രയം, അഥവാ ഹൈന്ദവ ദൈവമായ റാമിനെ തെരഞ്ഞെടുക്കണമെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഇവരോടൊപ്പം അയോധ്യയിൽ നിർമ്മിക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രവും ബിജെപിയുടെ താമര ചിഹ്നവും ചേർത്തിരിക്കുന്നു.  

ഇതോടൊപ്പം തന്നെ ബിജെപിക്കെതിരെ ശക്തമായ പ്രചരണവുമായി രംഗത്തുള്ള പട്ടിദാർ സമരനേതാവ്  ഹർദിക് പട്ടേൽ ഈയിടെ കോൺഗ്രസിൽ ചേർന്ന ഒബിസി നേതാവ്  അൽപേഷ് ഠാക്കൂർ, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവരുടെ ചിത്രങ്ങളും പേരുകളിലെ ആദ്യാക്ഷരങ്ങളെടുത്ത് ഹജ് (HAJ) എന്ന് എഴുതുകയും ചെയ്തിരിക്കുന്നു. ഇതോടൊപ്പം മക്കയിലെ കഅബയുടെ ചിത്രവും കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും ചേർത്തിട്ടുണ്ട്. ഇങ്ങനെ റാം അല്ലെങ്കിൽ ഹജ് ഏതു തെരഞ്ഞെടുക്കണമെന്ന് വോട്ടർമാർ തീരുമാനിക്കുക എന്നതാണ് പോസ്റ്റർ നൽകുന്ന സൂചന.

ഹർദിക്, അൽപേഷ്, ജിഗ്‌നേഷ് ത്രയത്തിന് ഗുജറാത്തിലെ പ്രബല വിഭാഗങ്ങൾക്കിടയിലുള്ള സ്വാധീനത്തിലും ബിജെപിയുടെ ഭരണത്തെ തുറന്നുകാട്ടുന്ന അവരുടെ സർക്കാർ വിരുദ്ധ പ്രചാരണങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയിലും വിറളി പൂണ്ടിരിക്കുകയാണ് ബിജെപി. വികസനം മാത്രം ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നു തിരിച്ചറിഞ്ഞ ബിജപി സർക്കാർ വർഗീയ കാർഡ് പുറത്തെടുത്താണ് ഇപ്പോൾ പ്രചാരണം കൊഴുപ്പിക്കുന്നത്. 22 വർഷത്തെ ബിജെപി ഭരണകാലത്തുണ്ടായ സാമൂഹിക വിഭജനങ്ങളും അസമത്വവും ഉയർത്തിക്കാട്ടിയാണ് ഈ യുവ നേതാക്കളുടെ സർക്കാർ വിരുദ്ധ പ്രചാരണം. 

മുഖ്യമന്ത്രി വിജയ് രൂപാനി നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് അഹമദ് പട്ടേലിന് ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയപരമായി നേരിടാൻ കഴിയാതെ അസംബന്ധവും വർഗീയ ധ്രുവീകരണപരവുമായ പ്രചാരണമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് തിരിച്ചടിക്കുകയും ചെയ്തു. 
ഇതിനകം തന്നെ വർഗീയ ധ്രുവീകരണം നടന്നു കഴിഞ്ഞ ഗുജറാത്തിൽ ഈ മൂന്ന് നേതാക്കളേയും മുസ്ലിംകളുമായി ബന്ധപ്പെടുത്തി നേട്ടം കൊയ്യാമെന്ന ലക്ഷ്യമാണ് ഈ പോസ്റ്ററിനു പിന്നിൽ. സംഘരിവാർ നിയന്ത്രണത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി ഈ പോസ്റ്റർ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇത്തരം പ്രചാരണങ്ങളോട് പ്രതികരിക്കാതെ വിവേക പൂർണമായ സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
 

Latest News