Sorry, you need to enable JavaScript to visit this website.

അഹമദ് പട്ടേലിന് തീവ്രവാദ ബന്ധമെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ആരോപണം

അഹമദാബാദ്- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമദ് പട്ടേലിനെതിരെ ഗുരുതര ആരോപണവുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘം (എടിഎസ്) ഈയിടെ അറസ്റ്റ് ചെയ്ത ഐഎസ് അനുഭാവികളെന്ന് ആരോപിക്കപ്പെടുന്ന രണ്ടു യുവാക്കളില്‍ ഒരാള്‍ ജോലി ചെയ്തിരുന്നത് പട്ടേലുമായി ബന്ധമുള്ള ബറൂച്ചിലെ ആശുപത്രിയിലായിരുന്നുവെന്നാണ് രൂപാനിയുടെ ആരോപണം. പട്ടേല്‍ ഇതു നിഷേധിച്ചു. തെരഞ്ഞെടുപ്പിനു വേണ്ടി ദേശീയ സുരക്ഷാ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പട്ടേല്‍ പ്രതികരിച്ചു.

ആശുപത്രി ജീവനക്കാരനെ തീവ്രവാദ ബന്ധമുള്ള കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ അഹമദ് പട്ടേല്‍ എം പി സ്ഥാനം രാജിവയ്ക്കണമെന്നും രുപാനി ആവശ്യപ്പെട്ടു. മുഹമ്മദ് കാസിസ് സ്തിംബര്‍വാല, അഭിഭാഷകന്‍ ഉബൈദ് അഹമദ് മിര്‍സ എന്നിവരേയാണ് തീവ്രവാദ അനുഭാവം ആരോപിച്ച് ഗുജറാത്ത് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഗുജറാത്തില്‍ ബിജെപിക്ക് വലിയ തലവേദന സൃഷ്ടിച്ച് കോണ്‍ഗ്രസ് നടത്തുന്ന മുന്നേറ്റത്തെ ഉന്നം വച്ചാണ് രൂപാനിയുടെ ഗുരുതരമായ ആരോപണം. ഒരു 'തീവ്രാവാദിയെ' പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും രുപാനി ആവശ്യപ്പെട്ടു. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്തിംബര്‍വാല ആശുപത്രിയില്‍ നിന്ന് രാജിവച്ചത്. 

അറസ്റ്റ് മൂന്‍കൂട്ടി കണ്ട് സര്‍ദാര്‍ പട്ടേല്‍ ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇദ്ദേഹത്തെ രാജിവയ്പ്പിച്ചതാണോ എന്നു രൂപാനി ചോദിച്ചു. ഈ ആശുപത്രി നടത്തുന്ന ട്രസ്റ്റില്‍ അംഗമാണ് പട്ടേല്‍. അറസ്റ്റിലായവര്‍ ഹിന്ദു മതകേന്ദ്രങ്ങളും ജൂത സിനഗോഗും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും രുപാനി ആരോപിച്ചു. 

Latest News