Sorry, you need to enable JavaScript to visit this website.

മോശം വിഡിയോ; സരിത നിങ്ങളുടെ പേരു പറയുമോ?

സൈബര്‍ ലോകത്തുനിന്ന് ആരോ വരുന്നുണ്ട്.
 
ഓണ്‍ലൈനിലുള്ള ഇടപെടലുകള്‍ നേരിട്ടുള്ള പെരുമാറ്റമായി തന്നെ കണ്ടാല്‍ പിന്നീട് ഖേദിക്കേണ്ടി വരില്ലെന്നു പറയാറുണ്ട്. പിന്നിട്ട വഴികളില്‍നിന്ന് ആരും തിരഞ്ഞു വരാതിരിക്കാനും സുരക്ഷിതമാകാനും ഏതെങ്കിലും ഘട്ടത്തില്‍ ഖേദിക്കേണ്ടി വരുന്ന ഓണ്‍ലൈന്‍ പോസ്റ്റുകള്‍ പാടേ ഒഴിവാക്കുകയാണ് വഴി.
ബ്രിട്ടനില്‍ വനിതാ സമത്വ കമ്മിറ്റിയില്‍നിന്ന് രാജിവെക്കേണ്ടിവന്ന ലേബര്‍ പാര്‍ട്ടി എം.പി ജേര്‍ഡ് ഒ മാറയുടെ കഥ നോക്കൂ. പത്ത് വര്‍ഷം മുമ്പ് അദ്ദേഹം പോസ്റ്റ് ചെയ്ത അശ്ലീല തമാശകളാണ് തിരിച്ചടിച്ചതും രാജിവെക്കേണ്ടി വന്നതും.
കേരളത്തില്‍ രാഷ്ട്രീയ നേതാക്കളെ പിടിച്ചു കുലുക്കിയ സോളാര്‍ സരിത നിങ്ങളുടെ പേരു പറയുമോ എന്ന തമാശ ട്രോളുകളില്‍ ഇടം പിടിച്ചിരുന്നു. സരിത പറയുന്ന ആ മോശം വിഡിയോ എത്ര പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ടാകും. 
ഓണ്‍ലൈന്‍ ജീവിതം ഇപ്പോള്‍ പാടേ മാറിയെങ്കിലും പഴയ കാലത്തെ എങ്ങനെ മായ്ച്ചുകളയാമെന്ന് ചിന്തിക്കുന്നവര്‍  ധാരാളം കാണും.
പഴഞ്ചന്‍ പോസ്റ്റുകള്‍ തിരഞ്ഞു വന്ന് തിരിഞ്ഞു കുത്താതിരിക്കാന്‍ എന്തു വഴികള്‍ സ്വീകരിക്കുമെന്ന ചോദ്യമാണ് ജേര്‍ഡ് ഒ മാറ നേരിട്ട പ്രശ്‌നം ഉയര്‍ത്തുന്നത്. ഈ വഴിയില്‍ അദ്ദേഹം തനിച്ചല്ല. രാഷ്ട്രീയ, പൊതു രംഗത്തുനിന്ന് മാത്രമല്ല, ജീവിതത്തില്‍നിന്നു തന്നെ ഒളിച്ചോടി ആത്മഹത്യ ചെയ്യേണ്ടി വരുന്ന അവസ്ഥ. കുടുംബ, വൈവാഹിക ബന്ധങ്ങളുടെ തകര്‍ച്ച.
പഴയ ഓണ്‍ലൈന്‍ ചരിത്രം മായ്ക്കാന്‍ പോകുന്നവരോട് വിദഗ്ധര്‍ നല്‍കുന്ന മറ്റൊരു മുന്നറിയിപ്പുണ്ട്. ചരിത്രത്തെ വെറുതെ വിടുകയാണ് ബുദ്ധിയെന്നും അതു മായ്ക്കാന്‍ പോയാലായിരിക്കും കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്യുക എന്നാണ് അവരുടെ താക്കീത്. മൂടിവെക്കാനുള്ള ശ്രമമായിരിക്കാം ചിലപ്പോള്‍ വലിയ വിവാദത്തിലേക്കും പ്രശ്‌നങ്ങളിലേക്കും വഴി തുറക്കുക.
ഏതെങ്കിലുമൊരു സെര്‍ച്ച് എന്‍ജിനില്‍ നിങ്ങളുടെ പേരടിച്ചുകൊണ്ടുവേണം തുടങ്ങാന്‍. അടുത്ത സെക്കന്റില്‍ വിരല്‍ തുമ്പില്‍ റിസള്‍ട്ട് ലഭിച്ചുകൊള്ളണമെന്നില്ല. നിങ്ങള്‍ പാടേ വിസ്മരിച്ചു കഴിഞ്ഞ പേജുകളില്‍ മുങ്ങിത്തപ്പേണ്ടി വരും. ഏറ്റവും എളുപ്പം നിങ്ങള്‍ പോസ്റ്റ് ചെയ്ത വെബ് സൈറ്റ് ഓര്‍ത്തെടുത്ത് അതില്‍ ലോഗിന്‍ ചെയ്ത് സാധ്യമാകുമെങ്കില്‍ അതിന്റെ സ്രോതസ്സില്‍നിന്ന് തന്നെ മായ്ച് കളയുകയാണ്.
ക്ഷമ ചോദിക്കേണ്ടിവരുന്ന പോസ്റ്റുകളൊന്നും ഓണ്‍ലൈനില്‍ ബാക്കിയില്ലെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ഉപയോഗിച്ച മെസേജ് ബോര്‍ഡുകളൊക്കെയും പൊതുവെ അവ ഡിലീറ്റ് ചെയ്യാനും മാറ്റം വരുത്താനും അവസരം നല്‍കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ പുതിയ സൈറ്റുകള്‍ വന്നപ്പോള്‍ അപ്രത്യക്ഷമായ പല സൈറ്റുകളുണ്ട്. ഓര്‍ക്കുട്ട്, മൈസ്‌പേസ്, ഫേസ്പാര്‍ട്ടി അങ്ങനെ പലതും. അവയിലെ അക്കൗണ്ടുകള്‍ അതു പോലെ വിടുകയാണോ അതല്ല, ഡിആക്ടിവേറ്റ് ചെയ്തിട്ടുണ്ടോ. പഴയ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലായിരിക്കും ഖേദിക്കേണ്ടിവരുന്ന ഫോട്ടോകളും പോസ്റ്റുകളുമൊക്കെ ഉണ്ടാകുക.
പഴയ സൈറ്റകളും ബ്ലോഗുകളുമൊക്കെ സെര്‍ച്ച് ഫലങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ പൗരന്മാര്‍ക്ക് അവസരമുണ്ട്. സെര്‍ച്ച് ചെയ്യുമ്പോള്‍ പ്രസക്തമല്ലാത്ത പഴമ്പുരാണങ്ങള്‍ കയറി വരാതിരിക്കാനാണിത്. അതേസമയം, ഇങ്ങനെ പഴയ ചരിത്രം മൂടിവെക്കാനുള്ള അവസരം ക്രിമിനലുകളും കവര്‍ച്ചക്കാരുമൊക്കെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിവാദം ഉയര്‍ന്നിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെട്ട അഴിമതിക്കഥകളൊക്കെ ഇല്ലായ്മ ചെയ്യാന്‍ അപ്രസക്തമാക്കാനുള്ള അവകാശം ദുരുപയോഗം ചെയ്യാം. സെര്‍ച്ച് റിസള്‍ട്ടില്‍നിന്ന് ഒഴിവാക്കണമെന്ന അഭ്യര്‍ഥന ഗൂഗിള്‍, ബിങ് തുടങ്ങിയ സെര്‍ച്ച് സൈറ്റുകള്‍ സ്വീകരിക്കുന്നുണ്ട്.
ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്ത വിവരങ്ങള്‍ നിയന്ത്രിക്കന്‍ കൂടുതല്‍ അധികാരവും അവകാശവും നല്‍കുന്ന ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റഗുലേഷന്‍ നിയമം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂനിയന്‍.
സമൂഹമാധ്യമങ്ങളില്‍ ചില സൈറ്റുകള്‍ അക്കൗണ്ട് എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാന്‍ അനുവദിക്കുന്നില്ല. താല്‍ക്കാലികമായി ഡിആക്ടിവേറ്റ് ചെയ്യാനാണ് അവര്‍ നല്‍കുന്ന അനുമതി. എന്നെന്നേക്കുമായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ അഭ്യര്‍ഥിക്കാവുന്ന പേജ് ഫെയ്‌സ് ബുക്കില്‍ ലഭ്യമാണ്. ഡആക്ടിവേറ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ 30 ദിവസത്തിനുശേഷം ട്വിറ്റര്‍ തന്നെ നീക്കും. ഇവ രണ്ടിലും അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്താലും പബ്ലിക് പോസ്റ്റുകളുടെ പകര്‍പ്പുകള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പൊങ്ങിവരും.
പൊതുവാളുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങളേക്കാള്‍ ഗുരുതരം ഷെയര്‍ ചെയ്യുന്ന പ്രൈവറ്റ് മെസേജുകളാണ്. ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എപ്പോഴും ശക്തമായ പാസ് വേഡുകളാല്‍ അടയ്ക്കപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പുവേണം. ഇരുതല വെരിഫിക്കേഷന്‍ സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ ഇത്തിരി പ്രയാസമുണ്ടായാലും അതു സ്വീകരിക്കണം. കാരണം ഇവയ്ക്ക് നിങ്ങളുടെ പാസ് വേഡ് മാത്രം പോരാ മൊബൈല്‍ ഫോണ്‍ കൂടി വേണം.

Latest News