Sorry, you need to enable JavaScript to visit this website.

ടാറ്റയുമായി വേർപിരിയാൻ സമയമായെന്ന് മിസ്ത്രി കുടുംബം

മുംബൈ- ടാറ്റ ഗ്രൂപ്പിൽ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി കൈവശമുള്ള മിസ്ത്രി കുടുംബം ടാറ്റയുമായി വേർപിരിയുന്നു. ടാറ്റയിലെ തങ്ങളുടെ ഓഹരിയുടെ ഈടിന്മേൽ വായ്പ എടുക്കാനുള്ള ശ്രമം ടാറ്റ ഗ്രൂപ്പ് തടഞ്ഞതിനെ തുടർന്നാണ് ഈ നീക്കം. തങ്ങളുടെ താൽപര്യങ്ങൾ  ടാറ്റയിൽ നിന്ന് വേർപ്പെടുത്തേണ്ടതുണ്ടെന്ന് മിസ്ത്രി കുടുംബം വ്യക്തമാക്കി. മിസ്ത്രി കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഷപൂർജി പാലൻജി (എസ്പി) ഗ്രൂപ്പിന് 18 ശതമാനം ഓഹരിയാണ് ടാറ്റയിലുള്ളത്. പണം ആവശ്യമുണ്ടെങ്കിൽ ഈ ഓഹരി വാങ്ങാൻ തയാറാണെന്ന് ടാറ്റ ഗ്രൂപ്പ് ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. എസ്പി ഗ്രൂപ്പ് ഇപ്പോൾ സാന്പത്തിക പ്രതിസന്ധിയിലാണ്. കടബാധ്യത തീർക്കാൻ ആവശ്യമായ പണം സമാഹരിക്കാനുള്ള ശ്രമങ്ങളിലാണ് ഗ്രൂപ്പ്. ഇതിന്റെ ഭാഗമായാണ് ടാറ്റയിലെ തങ്ങളുടെ ഓഹരി പണയപ്പെടുത്തി വായ്പ എടുക്കാൻ എസ്പി ഗ്രൂപ്പ് തുനിഞ്ഞത്. എന്നാൽ ഇത് അപകട സാധ്യതയുള്ള ഇടപാടായാണ് ടാറ്റ് ഗ്രൂപ്പ് കാണുന്നത്. ഈ ഓഹരികൾ തങ്ങളുമായി പൊരുത്തപ്പെടാത്ത നിക്ഷേപകരിൽ എത്തിയേക്കുമെന്നും ടാറ്റ കരുതുന്നു.

ടാറ്റയുടെ ഈ നീക്കം ടാറ്റയുടെ പകപോക്കൽ സമീപനത്തിന്റെ ഏറ്റവും പുതിയ തെളിവാണെന്ന് എസ്പി ഗ്രൂപ്പ് പ്രതികരിച്ചു. 70 വർഷം നീണ്ട എസ്പി-ടാറ്റ ബന്ധം വിശ്വാസത്തിന്മേലും സൌഹൃദത്തിന്മേലും വളർന്നു വന്നതാണ്. എല്ലാ അനുബന്ധ ഗ്രൂപ്പുകളുടേയും മികച്ച താൽപര്യം സംരക്ഷിക്കുന്നതിന് വേർപിരിയൽ ആവശ്യമാണെന്ന് ഇന്ന് വളരെ വേദനയോടെ മിസ്ത്രി കുടുംബം ബന്ധം മനസ്സിലാക്കുന്നു-എസ് പി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.  

 

Latest News