Sorry, you need to enable JavaScript to visit this website.

ജയ് ശ്രീറാം വിളിക്കാത്തതിന് മർദനമേറ്റ ടാക്സി ഡ്രൈവർ മരിച്ചു

നോയിഡ- ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ജയ് ശ്രീറാം വിളിക്കാത്തതിനെ തുടര്‍ന്ന് മര്‍ദനമേറ്റ 45 കാരനായ കാര്‍ ഡ്രൈവര്‍ ആശുപത്രയില്‍ മരിച്ചു.


ഗ്രേറ്റര്‍ നോയിഡയിലെ ബദലാപുർ പ്രദേശത്ത്  കാറില്‍ പരിക്കേറ്റ     നിലയില്‍ കണ്ടെത്തിയ അഫ്താബ് ആലം സമീപത്തെ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്.   എന്നാല്‍ ജയ് ശ്രീറാം വിളിക്കാത്തതിനാണ് കൊലപാതകമെന്ന കുടുംബത്തിന്‍റെ ആരോപണം പോലീസ് നിഷേധിച്ചു.


ദല്‍ഹിയിലെ ത്രിലോക്പുരി പ്രദേശത്ത് താമസിച്ചിരുന്ന ആലം ഞായറാഴ്ച രാത്രി ഗുഡ്ഗാവില്‍ നിന്ന് ഒരു യാത്രക്കാരനുമായി പുറപ്പെട്ടതായിരുന്നു.  ഓണ്‍ലൈന്‍ ആപ്പില്‍ ബുലന്ദ്ഷഹറിലാണ് ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇവിടെനിന്ന് മടങ്ങുമ്പോഴാണ് ബദ് ലാപൂരില്‍വെച്ച് ആക്രമണം നടന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

വിവിധ വകുപ്പുകള്‍ പ്രകാരം  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ജയ് ശ്രീറാം വിളിക്കാത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തയതെന്ന് അഫ്താബ് ആലമിന്റെ മൂത്ത മകന്‍ മുഹമ്മദ് സാബിര്‍ പറഞ്ഞു.

മൂന്ന് പേര്‍ ടാക്‌സിയില്‍ കയറിയതിനു പിന്നാലെ സംശയം തോന്നിയ പിതാവ് ഫോണ്‍ ഡയല്‍ ചെയ്ത് ഒന്നും പറയാതെ അരികില്‍വെച്ചുവെന്നും ഫോണിലൂടെയാണ് കാറില്‍ നടന്ന സംഭാഷണങ്ങള്‍ കേട്ടതെന്നും സാബിര്‍ പറഞ്ഞു.

41 മിനിറ്റ് ഓഡിയോ റെക്കോര്‍ഡു ചെയ്തിട്ടുണ്ട്.  മൂന്നുപേരും  പിതാവിനോട് ജയ് ശ്രീ റാം വിളിക്കാന്‍ പറയുന്നത് കേട്ടു. തുടര്‍ന്ന് ആലാമിന്റെ മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫായി.  ഇതിനു പിന്നാലെ കുടുംബം മയൂര്‍ വിഹാര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.


എഫ്‌ഐആറില്‍ ഓഡിയോയുടെ ഉള്ളടക്കം പരാമര്‍ശിക്കാന്‍ താന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും  അന്വേഷിച്ച് പിന്നീട് ചേര്‍ക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നുവെന്ന് സാബിര്‍ പറഞ്ഞു.

 

Latest News