Sorry, you need to enable JavaScript to visit this website.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം; അന്വേഷണത്തിന് പ്രത്യേക സംഘം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു 

ബംഗലൂരു- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ അറിയിച്ചു. ഐ ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്തിലായിരിക്കും അന്വേഷണം. അതിനിടെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു. ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ഹെല്‍മെറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് ലഭിച്ചത്.

ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കും തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ഹിന്ദുത്വ ശക്തികളാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ഗൗരിയുടെ കൊലപാതകത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം ശക്തിപ്പെട്ടു വരുന്നു. വിവിധയിടങ്ങളില്‍ മാധ്യമപ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും, പൊതുജനങ്ങളും പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി.

സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി നിരവധി നേതാക്കളും രംഗത്തുവന്നു. ആര്‍ എസ് എസിന്റേയും ബിജെപിയുടേയും നിലപാടുകളെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയും ആക്രമിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഒരു ശബ്ദം മാത്രമെ ഉയരാന്‍ പാടുള്ളൂ എന്ന നിലപാട് ഈ രാജ്യത്തിന്റെ സ്വഭാവമല്ലെന്നും അദ്ദേഹം പറഞ്ഞു.    

ആക്രമികളെ പിടികൂടാനുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടക കൂടാതെ മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ചെക്ക്‌പോസ്റ്റുകളിലും ടോള്‍ പാതകളിലും പരിശോധന നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ബംഗലുരുവിലെ സ്വന്തം വീടിനു മുമ്പില്‍ വച്ചാണ് ഗൗരി ലങ്കേഷിനെ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്.

കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് കര്‍ണാടകയില്‍ നിന്നുള്ള കേന്ദ്ര  മന്ത്രി സദാനന്ദഗൗഡ രംഗത്തെത്തി. കൊലപാതകികളെ ഉടന്‍ പിടികൂടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൌരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു

Latest News