Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ മരണം 18 ആയി; കർഫ്യൂ തുടരുന്നു

ന്യൂദൽഹി- വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ചൊവ്വാഴ്ച രാത്രിയും തുടർന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ജി.ടി.ബി ഹോസ്പിറ്റല്‍ അധികൃതരാണ് അറിയിച്ചത്. കൂടുതല്‍ പേർ മരിച്ചതായി അനൌദ്യോഗിക റിപ്പോർട്ടുകളുണ്ട്.

തെരുവിലിറങ്ങിയ അക്രമികള്‍ ജനങ്ങളെ ക്രൂരമായി മർദിക്കുകയും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയിടിക്കുകയും തീവെക്കുകയും ചെയ്തു. 48 പോലീസുകാരടക്കം 200 ലേറെ പേർക്ക് പരിക്കേറ്റു. ആശുപത്രിയില്‍ കഴിയന്നവരില്‍ പകുതിയോളം പേർക്ക് വെടിയേറ്റാണ് പരിക്ക്. ചാന്ദ്ബാഗ്, ഭജന്‍പുര, ഗോകുല്‍പുരി, മോജ്പുർ, കർദാംപുരി, ജാഫറാബാദ് എന്നിവിടങ്ങളിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമബാധിത പ്രദേശങ്ങളില്‍ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ ബുധനാഴ്ചയും സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കയാണ്.

തിങ്കളാഴ്ച യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദൽഹിയിലെത്തുന്നതിന് തൊട്ടുമുമ്പാണ് പൌരത്വ നിയമത്തെ എതിർത്ത് പ്രക്ഷോഭം തുടരുന്നവർക്കെതിരെ ആക്രമണം ആരംഭിച്ചത്.  ചൊവ്വാഴ്ച അക്രമം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. നാലു പോലീസ് സ്റ്റേഷൻ പരിധിയിൽ അക്രമികളെ കണ്ടാലുടൻ വെടിവെക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 

https://www.malayalamnewsdaily.com/sites/default/files/2020/02/26/protest26-1.jpg

വെടിവെപ്പില്‍ പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരയി തുടരുകയാണ്. മോജ്പുർ, ബാബർപുർ മെട്രോ സ്റ്റേഷനുകൾക്കു സമീപമുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചൊവ്വാഴ്ച ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. വെടിയുണ്ടകളും പെട്രോൾ ബോംബും കല്ലുകളും വർഷിച്ച സംഘർഷത്തിൽ കുട്ടികളടക്കം നൂറിലേറെപ്പേർക്കു പരിക്കേറ്റു. യുദ്ധസമാനമായ അന്തരീക്ഷത്തിൽ അക്രമികളെ പിരിച്ചുവിടാൻ പോലീസ് പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിനിടെ മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണമുണ്ടായി. ജെ.കെ. 24x7 ന്യൂസ് റിപ്പോർട്ടർ അക്ഷയ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. എൻ.ഡി.ടി.വി.യുടെ രണ്ട് റിപ്പോർട്ടർമാരെ  ക്രൂരമായി മർദിച്ചു.

https://www.malayalamnewsdaily.com/sites/default/files/2020/02/26/protest26.jpg

സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചുവരികയാണെന്ന് ജോയന്റ് പോലീസ് കമ്മിഷണർ അലോക് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ദൽഹി പോലീസിലെ ആയിരം പേർക്കു പുറമേ അർധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.

 

Latest News