Sorry, you need to enable JavaScript to visit this website.

കൊറോണ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു

ആഗോള ഓഹരി വിപണികൾ പലതും കൊറോണ വൈറസ് ഭീതിയിൽ നീങ്ങിയപ്പോൾ വിദേശ ഫണ്ടുകളുടെ കരുത്തിൽ ഇന്ത്യൻ ഇൻഡക്‌സുകൾ പ്രതിവാര നേട്ടം കൈവരിച്ചു. കൊറോണ വൈറസ് ഏഷ്യയും യൂറോപും കടന്ന് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലും തല ഉയർത്തിയത് ഓഹരി സൂചികളുടെ കുതിപ്പിനെ മാർച്ച് വരെ പിടിച്ചു നിർത്താം. ഇത് മൂലം ഫണ്ടുകൾ വൻ ബാധ്യതകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സാധ്യതകൾ സ്വർണത്തിന് തിളക്കം പകരാം. ബോംബെ സെൻസെക്‌സ് 115 പോയന്റും നിഫ്റ്റി 15 പോയന്റും പോയവാരം കയറി.
വിനിമയ വിപണിയിൽ രൂപ നേരിയ റേഞ്ചിലാണ് നീങ്ങുന്നതെങ്കിലും വിപണിയുടെ സാങ്കേതിക ചലനങ്ങൾ നൽകുന്ന സൂചന വിലയിരുത്തിയാൽ വീണ്ടും മൂല്യത്തകർച്ചക്ക് ഇടയുണ്ട്. വാരാന്ത്യം 71.52 ൽ നിലകൊള്ളുന്ന വിനിമയ നിരക്ക് ഈ വാരം 70.71-71.90  റേഞ്ചിൽ നീങ്ങാം. ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനുള്ള സാധ്യത ഇന്ത്യൻ നാണയത്തിൽ സമ്മർദം സൃഷ്ടിക്കാം. 
എണ്ണ ഉൽപാദക രാജ്യങ്ങളുടെ അടിയന്തര യോഗം വേണമെന്ന നിലപാടിലാണ് സൗദിയെങ്കിലും ഇതിൽ നിന്ന് അവരെ പിൻതിരിപ്പിക്കാൻ ഒപ്പെക്കിലെ മറ്റ് രാജ്യങ്ങൾ നടത്തുന്ന ശ്രമം വിജയം കണ്ടില്ല. വൈറസ് ബാധയിൽ ആഗോള തലത്തിൽ ക്രൂഡ് ഓയിലിന് ഡിമാന്റ് മങ്ങിയതും വില തകർച്ചയുമാണ് സൗദിയെ ഉൽപാദനം കുറക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. 
അഞ്ച് ആഴ്ചകളിലെ തുടർച്ചയായ ഇടിവിന് ശേഷമാണ് എണ്ണ വില പോയവാരം ഈ വർഷത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടം കൈവരിച്ചത്.     സാമ്പത്തിക രംഗത്ത് മികവ് നിലനിർത്തുമെന്ന ചൈനയുടെ വെളിപ്പെടുത്തൽ ക്രൂഡ് ഓയിൽ വില ബാരലിന് 52.17 ഡോളറിലേക്ക് ഉയർത്തി. ഈവാരം 53.9955  ഡോളർ എണ്ണ മാർക്കറ്റിന് നിർണായകമാണ്. ഈ പ്രതിരോധം തകർന്നാൽ 57.90 വരെ മുന്നേറാം. അത്തരം ഒരു സാഹചര്യത്തിൽ ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ കാലിടറുമെന്നത് ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളെ പിരിമുറുക്കത്തിലാക്കും.
അതേ സമയം ഞായറാഴ്ച ചൈനീസ് ധനമന്ത്രി ലിയു കുൻ വ്യക്തമാക്കിയത് രാജ്യത്തിന്റെ ധന വരുമാനം കുറയുമെന്നും ഭാവിയിൽ ചെലവ് ഉയരുമെന്നുമാണ്. കമ്യൂണിസ്റ്റ് പാർട്ടി സൈദ്ധാന്തിക ജേണലായ ക്യുഷിയിലാണ് ധനമന്ത്രി ഈ അഭിപ്രായം പങ്കുവെച്ചത്. 
നിഫ്റ്റി സൂചിക 12,000 പോയന്റിലെ താങ്ങു നിലനിർത്തുന്നത് നിക്ഷേപകർക്ക് പ്രതീക്ഷ പകരുന്നു. 12,098 ൽ നിന്ന് 11,990 ലേക്ക് സൂചിക തളർന്നെങ്കിലും താഴ്ന്ന റേഞ്ചിൽ നിഷേപകരുടെ വരവിൽ മുൻവാരം സൂചിപ്പിച്ച 12,234 ആദ്യ പ്രതിരോധം തകർത്ത് 12,246 പോയന്റ് വരെ കയറിയ ശേഷം ക്ലോസിങിൽ 12,113 ലാണ്. ഈ വാരം നിഫ്റ്റിക്ക് 12,342 ൽ ആദ്യ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 12,372 വരെ മുന്നേറാമെങ്കിലും പ്രതികൂല വാർത്തകൾക്ക് കരുത്ത് കൂടിയാൽ 11,986 ലേക്കും തുടർന്ന് 11,860 ലേക്കും തളരാം. 
ബോംബെ സൂചികയിൽ വൻ ചാഞ്ചാട്ടം ദൃശ്യമായി. 41,122 ൽ നിന്ന് 40,798 ലേയ്ക്ക് ഇടിഞ്ഞ സെൻസെക്‌സ് തിരിച്ചു വരവിൽ 41,709 വരെ കയറി കരുത്ത് കാണിച്ചു. ടെലികോം മേഖലയെ കുറിച്ച് വാരാന്ത്യം പുറത്തുവന്ന വാർത്തകൾ ഫണ്ടുകളെ ഈ വിഭാഗം ഓഹരികളിൽ വിൽപനക്കാരാക്കിയതോടെ ക്ലോസിങിൽ സൂചിക 41,257 ലേക്ക് തളർന്നു. ഈ വാരം 40,800 പോയന്റിലെ താങ്ങു നിലനിർത്തി 41,711 ലേക്ക് മുന്നേറാൻ വിപണി ശ്രമം നടത്താം. ഈ നീക്കം വിജയിച്ചാൽ 42,165 നെ ലക്ഷ്യമാക്കി നീങ്ങാം. എന്നാൽ ആദ്യ താങ്ങിൽ കാലിടറിയാൽ 40,343 പോയന്റ് വരെ സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം. 
ഈ മാസം ആദ്യ പകുതിയിൽ വിദേശ ഓപറേറ്റർമാർ 24,617 കോടി രൂപ ഇന്ത്യയിൽ ഇറക്കി. ബജറ്റിന് ശേഷമുള്ള അനുകൂല സാഹചര്യവും റിസർവ് ബാങ്ക് ധനനയ അവലോകനത്തിൽ സ്വീകരിച്ച നിലപാടും വിദേശ ഫണ്ടുകളെ ആകർഷിച്ചു. വിദേശ ഓപറേറ്റർമാർ 10,426 കോടി രൂപ കടപത്രത്തിലും ഇറക്കി. 
രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം 1.701 ബില്യൺ ഡോളർ ഉയർന്ന് ഫെബ്രുവരി 7 വരെയുള്ള ആഴ്ചയിൽ 473 ബില്യൺ ഡോളറിലെത്തി. ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 1570 ഡോളറിൽ നിന്ന് 1589 ഡോളറിലേക്ക് മുന്നേറി. ജനുവരി ആദ്യം രേഖപ്പെടുത്തിയ 1595 ഡോളറിലെ പ്രതിരോധം ഈ വാരം തകർക്കാനായാൽ 1616 ഡോളർ വരെ മഞ്ഞലോഹം തിളങ്ങാം.  

Latest News