Sorry, you need to enable JavaScript to visit this website.

നിയമവിരുദ്ധ വോയ്പ് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്;  മലയാളി മുംബൈ പോലീസിന്റെ പിടിയില്‍

ന്യൂദല്‍ഹി-അനധികൃതമായി വിദേശ ഫോണ്‍കോളുകള്‍ സാധ്യമാക്കുന്ന സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ പാലക്കാട് സ്വദേശി ചങ്ങരംകുളത്ത് അറസ്റ്റില്‍. മുഹമ്മദ് കുട്ടി എന്നയാളെയാണ് മുംബൈ പൊലീസും മിലിട്ടറി രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. സിം ബോക്‌സ് എന്ന ഉപകരണം ഉപയോഗിച്ച് അന്താരാഷ്ട്ര ഫോണ്‍കോളുകള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി മാറ്റം വരുത്തുന്ന ഉപകരണമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കളുടെ ഇടപെടലില്ലാതെ അന്താരാഷ്ട്ര കോളുകള്‍ സാധ്യമാക്കുന്ന സംവിധാനമാണിത്. വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഫോണ്‍കോളുകള്‍ പ്രദേശിക ജിഎസ്എം കോളുകളായി തെറ്റിദ്ധരിപ്പിക്കാന്‍ ഈ അനധികൃത സംവിധാനത്തിലൂടെ സാധിക്കും. ഇത്തരം കോളിന്റെ ഉറവിടം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
നേരത്തെ യുഎഇയില്‍ ജോലിചെയ്തിരുന്ന മുഹമ്മദ് കുട്ടി അവിടെവെച്ച് പരിചയത്തിലായ ചിലര്‍ മുഖേനയാണ് ഈ ശൃംഖലയില്‍ കണ്ണിയായതെന്ന് അന്വേഷണ സംഘം പറയുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിലൂടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്നും അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2019 സെപ്തംബറില്‍ പ്രതിരോധ വിഭാഗത്തിന് ലഭിച്ച സംശയകരമായ ചില ഫോണ്‍കോളുകളാണ് അന്വേഷണത്തിന് തുടക്കമിട്ടത്. സുപ്രധാനമായ ചില സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരം തേടിക്കൊണ്ടുള്ളതായിരുന്നു ആ ഫോണ്‍വിളികള്‍. എന്നാല്‍ ആ ഫോണ്‍വിളിയുടെ ഉറവിടത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മിലിട്ടറി ഇന്റലിജന്‍സും മുംബൈ പൊലീസും നടത്തിയ അന്വേഷണത്തില്‍ നോയ്ഡയിലും കേരളത്തിലും അനധികൃതമായ വോയ്പ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ഇതിനായി ഉപയോഗിക്കുന്ന സിം ബോക്‌സ് ചൈനീസ് നിര്‍മിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധനകളില്‍ ഇത്തരത്തിലുള്ള എട്ട് സിം ബോക്‌സുകളും 600 സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. 2017 മുതല്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനം നടന്നുവരികയാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

Latest News