വാക്കുകൾ ബുള്ളറ്റുകളെക്കാൾ ശക്തമാണ്. വെടിയുണ്ടകൾ കൊന്നതിലപ്പുറം ജനപദങ്ങൾ കൊല്ലപ്പെട്ടതും തുടച്ചുനീക്കപ്പെട്ടതും പകയുടെയും വെറുപ്പിന്റെയും വാക്കുകളാലാണ്. അതുകൊണ്ടാണ് അച്ഛന്റെ വാക്കുകൾ ഹൃദയം ഭേദിക്കുന്നതും വിമർശിക്കപ്പെടുന്നതും. അച്ഛൻ മുസ്ലിംകളെ വംശഹത്യ നടത്തണമെന്ന് പറഞ്ഞിട്ടില്ല. പക്ഷെ, അങ്ങനെ പറയുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന കക്ഷികൾക്ക് പിന്തുണ കൊടുക്കുന്നു, അച്ഛന്റേതായ ഉപാഖ്യാനങ്ങളിലൂടെ. തെറ്റിദ്ധരിപ്പിക്കപ്പെട്ട ചരിത്രത്തിന്റെ പുനർവായന മനുഷ്യത്വത്തെ നശിപ്പിക്കും. അതുവഴി എന്ത് ഹീന പ്രവൃത്തിയും ചെയ്യാൻ മനുഷ്യൻ ഒരുമ്പെടും.
നാഥുറാം ഗോഡ്‌സെക്ക് ഗാന്ധിജിയെ കൊന്നതിൽ കുറ്റബോധമുണ്ടായിരുന്നില്ല. കാരണം അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെടലിന്റെ ഇരയായിരുന്നു. ഗാന്ധിജിക്കെതിരെ കുറ്റപത്രം തയ്യാറാക്കുന്നുണ്ട് ഗോഡ്‌സെ. ഗാന്ധിജി ദേശീയ പ്രസ്ഥാനവും ഖിലാഫത്തും കൂട്ടിക്കെട്ടുകവഴി മുസ്ലിംകളെ പ്രീണിപ്പിച്ചുവെന്നതാണ് അതിലെ ഒന്നാമത്തെ ആരോപണം. ഖിലാഫത്തിന്റെ ഭാഗമായി മലബാറിൽ നടന്ന 1921ലെ സമരം ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാൻ മുസ്ലിംകൾക്ക് അവസരമുണ്ടാക്കിയെന്നതാണ് മറ്റൊന്ന്. ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യാൻ മൗലാന മുഹമ്മദലി ജൗഹർ അഫ്ഗാൻ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്നും അതിനെ ഗാന്ധിജി പിന്തുണച്ചുവെന്നുമാണ് മൂന്നാമത്തേത്. സമാനമായ മറ്റേതാനും ആരോപണങ്ങൾകൂടി ഉയർത്തുന്നുണ്ട്. നിഷ്പക്ഷമായി ചിന്തിച്ചാൽ ഗോഡ്‌സേയല്ല, അദ്ദേഹത്തിൽ കുറേശ്ശെയായി അടിഞ്ഞുകൂടിയ അയഥാർത്ഥ ചരിത്ര ബോധമാണ് ഗാന്ധിജിയെ കൊല്ലുകയെന്ന തീരുമാനമെടുപ്പിച്ചത്. ഉപബോധമനസ്സ് അത്രയും ശക്തമാണ്; അചഞ്ചലമാണ്. അതിലേക്ക് വിഷത്തുള്ളികൾ ഇറ്റിവീഴാതിരിക്കാൻ സമൂഹം ജാഗ്രത കാണിക്കണം.
1757ലെ പ്ലാസിയുദ്ധം മുതലാരംഭിക്കുന്നതാണ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരേയുള്ള ചെറുത്തുനിൽപ്പ്. ജാജ്വലമായ ആ ഏടുകളിൽ മൈസൂർ രാജാക്കന്മാരായ ഹൈദരലിക്കും മകൻ ടിപ്പുവിനും അനൽപമായ പങ്കുണ്ട്. ഇന്ത്യയിലെ ഒരു നാട്ടുരാജാവോ ചക്രവർത്തിയോ ബ്രിട്ടീഷുകാരോട് നേരിട്ട് ഏറ്റുമുട്ടി മരണപ്പെട്ടിട്ടില്ല, ടിപ്പുവല്ലാതെ. ഇന്ത്യയിൽ മറ്റൊരു സൈന്യത്തെയോ മനുഷ്യനെയോ ബ്രിട്ടീഷ് സൈന്യം ഇത്ര ഭയപ്പെട്ടിരുന്നില്ല.
1799 മെയ് നാലിന് നാലാം മൈസൂർ യുദ്ധം അവസാനിച്ചപ്പോൾ കൊല്ലപ്പെട്ട ടിപ്പുവിന്റെ ഭൗതികശരീരത്തിനടുത്ത് വന്ന് ജനറൽ ഹാരിസ് ഉറക്കെ അട്ടഹസിച്ചത് 'ഇന്ന് ഇന്ത്യ നമ്മുടെതായി' എന്നുപറഞ്ഞാണ്. വെല്ലസ്ലി പ്രഭുവാവട്ടെ, ഇന്ത്യയുടെ ശവം വീണു. നമുക്ക് കുടിച്ച് മദിച്ചാനന്ദിക്കാമെന്ന് പറഞ്ഞാണ് ടിപ്പുവിന്റെ അന്ത്യത്തെ വരവേറ്റത്. ടിപ്പുവിന്റെ പതനം ആഘോഷിക്കാൻ ഉണ്ടാക്കിയതാണ് മദ്രാസിലെ പ്രസിദ്ധമായ രാജാജി ഹാൾ. അന്നതിന്റെ പേര് ബ്ലാങ്കെറ്റ് ഹാൾ എന്നായിരുന്നു.
ബ്രിട്ടീഷുകാരുടെ ആയുധങ്ങൾ മൂർച്ചയുള്ളവയായിരുന്നു; ആധുനികമായിരുന്നു; ബുദ്ധിപരമായിരുന്നു. അവരുടെ ശത്രുക്കൾ പിന്നീട് ഉയിർത്തെഴുന്നേറ്റ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഭീഷണിയിലകപ്പെടാതിരിക്കാൻ എല്ലാമുൻകരുതലുകളും അവരെടുക്കാറുണ്ടായിരുന്നു. സ്മരണകൾ നശിപ്പിക്കുക, ചരിത്രം വളച്ചൊടിക്കുക, വിമലീകരിക്കുക, പുതിയതായി സൃഷ്ടിക്കുക എന്നിവയാണതിൽ മുഖ്യം. ഇന്ത്യൻ ചരിത്രത്തിലുടനീളം ബ്രിട്ടീഷുകാരന്റെ ഈ കൈകടത്തൽ ഉണ്ട്. അവർ സൃഷ്ടിച്ചതാണ് വെറുപ്പിന്റെ വിഭജനം. വൈറസ് പോലെ ഇന്ത്യയെ ഇന്ന് വിഴുങ്ങിക്കൊണ്ടിരിക്കയാണ് ബ്രിട്ടീഷ് ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ.
ഗാന്ധിജിയെപ്പോലെ ചരിത്രത്തെ സമഗ്രതയിൽ പഠിച്ചവർക്ക് ഈ ചതിയെക്കുറിച്ച് നന്നായറിയാമായിരുന്നു. 1930 ജനുവരി 23ന് യങ് ഇന്ത്യയിൽ ഗാന്ധിജി ടിപ്പുവിനെക്കുറിച്ച് എഴുതിയത് നോക്കാം: 'മതഭ്രാന്തരായ ഹിന്ദുക്കളും ബ്രിട്ടീഷുകാരും ടിപ്പു സുൽത്താനെ ഒരു മതവെറിയനായി ചിത്രീകരിക്കുകയായിരുന്നു. വിദേശ ചരിത്രകാരന്മാർ ഫത്തേഹ് അലി ടിപ്പു സുൽത്താനെ ഹിന്ദുക്കളെ അടിച്ചമർത്തിയവനും അവരെ ഇസ്‌ലാമിലേക്ക് മർദ്ദിച്ചു മതംമാറ്റിയവനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ മഹാനായ അദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളും ഹിന്ദുക്കളുമായി അങ്ങേയറ്റം ആദരവോടെയുള്ളതായിരുന്നു. ശൃംഗേരി മഠാധിപതിയായ ശങ്കരാചാര്യർക്ക് ടിപ്പു അയച്ച മുപ്പതിലധികം കത്തുകളിൽ ചിലത് ഇന്ത്യൻ ചരിത്രത്തിൽ തങ്കലിപികളിൽ തന്നെയെഴുതണം.'
ടിപ്പുവിനെക്കുറിച്ച് കേരളത്തിലാണ് അപസർപ്പക കഥകളെ വെല്ലുന്ന ചരിത്രമുള്ളത്. അതിന് കാരണമുണ്ട്. കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ ഈ രാജ്യത്തെ വിളിച്ചത് ഭ്രാന്താലയമെന്നാണ്. അത്രക്ക് ഉച്ഛനീചത്വവും ബ്രാഹ്മണിക്കൽ ആധിപത്യം സൃഷ്ടിച്ച അരാജകത്വവും ഇവിടെ നടമാടിയിരുന്നു. ചരിത്രത്തിന്റെ ഒരുദശാസന്ധിയിൽ തന്റെ രാജ്യത്തിന്റെ ഭാഗമാകേണ്ടിവന്ന ഒരു പ്രദേശത്തിന്റെ സാമൂഹിക ദുഷിപ്പിൽ ഭരണാധിപൻ എന്ന നിലക്കുള്ള സക്രിയമായ നടപടികൾ എടുക്കേണ്ടിവന്നപ്പോൾ അത് വിമർശിക്കപ്പെട്ടു. അതിന്റെ ആഘാതമേൽക്കേണ്ടിവന്നത് മേൽത്തട്ടിലുള്ളവർക്കായിരുന്നു. അവരാണ് ചരിത്രം രചിച്ചതും. അവരുടെ ആഖ്യാനം സ്വാഭാവികമായും ടിപ്പുവിനെതിരാകും. തെളിവുകളുടെ പിൻബലത്തിലല്ല, ടിപ്പുവിന്റെ കാലശേഷം ഒന്നും രണ്ടും നൂറ്റാണ്ട് കഴിഞ്ഞ് ബ്രിട്ടീഷുകാരാൽ എഴുതപ്പെട്ട രേഖകളിൽനിന്നാണ് ഈ ചരിത്രഗ്രന്ഥങ്ങൾ തയ്യാറാക്കപ്പെടുന്നത്.
പ്രൊഫ: എ. ശ്രീധരമേനോന്റെ കേരള ചരിത്രത്തിൽ വന്നൊരു വിമർശനം നോക്കുക: 'മലബാറിലെ സാമൂഹികസമ്പ്രദായം ഉടച്ചുവാർക്കാനുള്ള ശ്രമത്തിൽ കർക്കശമായ ചില പുതിയ രീതികൾ സുൽത്താൻ നടപ്പിലാക്കിനോക്കി. 1788ൽ മലബാറിലെ ജനങ്ങളോടു പ്രഖ്യാപിച്ച ഒരു വിളംബരത്തിൽ ബഹുഭർത്ത് സമ്പ്രദായത്തെ അദ്ദേഹം കഠിനമായക്ഷേപിച്ചു. ടിപ്പുവിന്റെ ഈ പ്രവൃത്തിയെ ജനങ്ങൾ സാർവ്വത്രികമായെതിർക്കുകയും രാജ്യം മുഴുവൻ പ്രക്ഷുബ്ധമാകുകയും ചെയ്തു.' രണ്ടുമുതൽ പത്തുവരെ ഭർത്താക്കന്മാരെ നായർ സ്ത്രീകൾ വേൾക്കുന്നതിനെതിരെയാണ് ഈ കൽപന. ഇത് ദുർവൃത്തിയാണെന്ന് തന്നെയല്ലേ പരിഷ്‌കൃത സമൂഹം കാണുന്നത്? ആരുടേതെന്നറിയാത്ത ജാരസന്തതികൾ അന്നത്തെ കേരളത്തിന്റെ സാമൂഹ്യ യാഥാർഥ്യമായിരുന്നു. താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അനുവാദമില്ലായിരുന്നു. ഇതുകണ്ട ടിപ്പു ഉടനടി ആ തെറ്റ് തിരുത്തുന്നുണ്ട്. തൃശൂരിലെ ചേലക്കരക്ക് ആ പേര് വന്നത് മാറുമറയ്ക്കാൻ ചേലവിതരണം നടത്തിയതിനാലാണ്. നായന്മാർ വാൾ കൊണ്ടുനടക്കുന്ന സമ്പ്രദായം അക്കാലത്തുണ്ടായിരുന്നു. ഇത് അരാജകത്വത്തിന് കാരണമായിരുന്നു. മൈസൂർ ഭരണം മലബാറിൽ വന്നതോടുകൂടി ഈ സ്വാതന്ത്ര്യം എടുത്തുകളഞ്ഞു. അതവരെ പ്രകോപിതരാക്കി. അതാണ് നായന്മാരും ടിപ്പുവും തമ്മിലേറ്റുമുട്ടുന്നതിലേക്ക് നയിച്ചത്.
ആധുനിക കാലഘട്ടത്തിനുപോലും അനുയോജ്യമായ ഒരു ഭൂനയം പതിനെട്ടാം നൂറ്റാണ്ടിലെ മലബാറിൽ ടിപ്പു നടപ്പിലാക്കി. 127 വ്യവസ്ഥകളുള്ള ആ നയം ജന്മികാണകുടിയാൻ വ്യവസ്ഥ പൊളിച്ചെഴുതുന്നതായിരുന്നു. ജന്മിമാർ അധ്വാനമൊന്നും കൂടാതെ വിളവിന്റെ സിംഹഭാഗവും പങ്കുപറ്റിയിരുന്ന അവസ്ഥ മാറി. കുരുമുളക്, ചന്ദനം പോലെയുള്ള നാണ്യ വിളകൾക്ക് തറവില നിശ്ചയിച്ചു. കൃഷിയുടെ സ്വഭാവത്തിനനുസരിച്ച് ഭൂമി അളന്ന് പ്രത്യേക നികുതിവ്യവസ്ഥ കൊണ്ടുവന്നു. ഇതിലൊക്കെ ക്ഷുഭിതരായ പല ജന്മിമാരും തങ്ങളുടെഭൂമി കാണക്കാരന് വിറ്റ് തിരുവിതാംകൂറിലേക്ക് പോയിട്ടുണ്ട്.
തികഞ്ഞ മതേതരനാണ് ടിപ്പു; വികസനോന്മുഖമായി ഭരണം നടത്തിയവനും. ടിപ്പുവിന്റെ കാലത്തെ മൈസൂർ ലണ്ടൻ പട്ടണത്തേക്കാൾ സമ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ കാബിനറ്റിലും എക്‌സിക്യൂട്ടീവിലും കൂടുതലും ഹിന്ദുക്കളായിരുന്നു. പന്ത്രണ്ട് മന്ത്രിമാരിൽ ഏഴും ബ്രാഹ്മണരായിരുന്നു. പ്രധാനമന്ത്രി പൂർണയ്യ, ധനമന്ത്രി കൃഷ്ണറാവു, ക്രമസമാധാനം ശാമയ്യ അയ്യങ്കാർ, മറ്റു പ്രധാന തസ്തികകളിൽ രംഗയ്യങ്കാർ, സുബ്ബറാവു, മൂൽചന്ദ്, സുജൻ റായ് എന്നിവരും. മലബാറിൽ നിയോഗിക്കപ്പെട്ട ഗവർണർമാരും ഉദ്യോഗസ്ഥരും കൂടുതലും ബ്രാഹ്മണരായിരുന്നു. സ്വന്തം കൊട്ടാരവളപ്പിൽ അമ്പലമുണ്ടാക്കി അത് പരിപാലിക്കാൻ സന്മനസ്സ് കാണിച്ച ഭരണാധികാരിയെ മതവെറിയനെന്ന് മുദ്രകുത്താൻ ശ്രമിക്കരുത്.
അച്ഛൻ മാപ്പ് പറഞ്ഞപ്പോൾ ടിപ്പുവിന്റെ കാലഘട്ടം പിഴച്ചുപറഞ്ഞുവെന്നാണ് കാര്യമായി പറഞ്ഞത്. തിയ്യതിയിലല്ല വിഷയം; ചരിത്ര വസ്തുതകളിലാണ്. അച്ഛൻ പറഞ്ഞത് അടിമുടി വസ്തുതാവിരുദ്ധമായിരുന്നു. ഇത് കലികാലമാണച്ചോ. മതാന്ധതയുടെ ഇരുൾമൂടിയ ഘനാന്ധകാരമാണെങ്ങും. കുഞ്ഞാടുകളെ ശരിയായി മാർഗദർശനം നൽകണം. അതാണ് ഒരേയൊരിന്ത്യക്ക് ഇന്നിന്റെ ആവശ്യം. ഈ കടമ അങ്ങയെപ്പോലുള്ളവർ ഉറക്കിൽപോലും കൈവിടരുത്. രാജ്യം പ്രാണവായുവിന് തുല്യമാണ്.