മെല്‍ബണ്‍ - ലോക വനിതാ ടെന്നിസിലെ ത്രസിപ്പിക്കുന്ന യുവ താരങ്ങളായ കോകൊ ഗഫും നൊവോമി ഒസാക്കയും ഓസ്ട്രേലിയന്‍ ഓപണിന്റെ മൂന്നാം റൗണ്ടില്‍ മുഖാമുഖം. നിലവിലെ വനിതാ ചാമ്പ്യന്‍ ഒസാക്കക്കൊപ്പം സെറീന വില്യംസ്, റോജര്‍ ഫെദരര്‍, നിലവിലെ പുരുഷ ചാമ്പ്യന്‍ നോവക് ജോകോവിച്, നിലവിലെ വനിതാ റണ്ണര്‍അപ് പെട്ര കവിറ്റോവ തുടങ്ങിയ മുന്‍നിര താരങ്ങളും രണ്ടാം റൗണ്ട് പിന്നിട്ടു.
മൂന്നാമത്തെ മാത്രം ഗ്രാന്റ്സ്ലാം കളിക്കുന്ന പതിനഞ്ചുകാരി ഗഫ് ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം റുമാനിയയുടെ സൊറാന സിര്‍സ്റ്റിയയെ തോല്പിച്ചു (4-6, 6-3, 7-5). ഇരുപത്തിരണ്ടാം വയസ്സില്‍ രണ്ടു ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ ഒസാക്ക ചൈനയുടെ ഷെംഗ് സായ്സായിയെ 6-2, 6-4 ന് കീഴടക്കി. ഒസാക്കയും ഗഫും ഒരു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യു.എസ് ഓപണില്‍. അന്ന് ജപ്പാന്‍കാരി നേരിട്ടുള്ള സെറ്റുകളില്‍ ജയിച്ചു. ഏഴു തവണ ഗ്രാന്റ്സ്ലാം നേടിയ വീനസ് വില്യംസിനെയാണ് ആദ്യ റൗണ്ടില്‍ ഗഫ് അട്ടിമറിച്ചത്. സിര്സ്റ്റിയക്കെതിരെ പരാജയത്തിന് രണ്ട് പോയന്റ് അരികിലെത്തിയ ശേഷമാണ് പതിനഞ്ചുകാരി തിരിച്ചടിച്ചത്. ഒസാക്ക ലോക മൂന്നാം നമ്പറാണ്, ഗഫ് 67 ാം റാങ്കുകാരിയും.