Sorry, you need to enable JavaScript to visit this website.

വ്യാജകറന്‍സിയില്‍ മുമ്പന്‍ മോദിയുടെ പുതിയ '2000 രൂപയുടെ നോട്ട്'; 56% വും വ്യാജന്‍, നോട്ടടി വെട്ടിക്കുറച്ച് ആര്‍ബിഐ

ന്യൂദല്‍ഹി- അഴിമതി,കള്ളപ്പണം, വ്യാജ നോട്ടുകള്‍ എന്നിവയ്‌ക്കെതിരായ മഹാ യജ്ഞത്തിന്റ് തുടക്കമെന്നു വിശേഷിപ്പിച്ചാണ് എന്‍ഡിഎ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടു റദ്ദാക്കല്‍ തീരുമാനം  പ്രഖ്യാപിച്ചത്. പുതിയ നോട്ടുകളിലെ അധിക സുരക്ഷാ സവിശേഷതകളെയും വ്യാജന്മാര്‍ തകര്‍ക്കുന്നതായാണ് ഡാറ്റ വ്യക്തമാക്കിയത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ 2,000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് വിവരാവകാശ രേഖ പ്രകാരം വ്യക്തമാക്കിയിരുന്നു. 2016-17ല്‍ 3,542.991 ദശലക്ഷം 2,000 രൂപ നോട്ടുകള്‍ അച്ചടിച്ചു. ഇത് 2017-18ല്‍ 111.507 ദശലക്ഷം നോട്ടുകളായി ചുരുക്കി.എന്നാല്‍ ഇതൊക്കെ കള്ളനോട്ടുകളുടെ ആധിക്യം കാരണമാണ് അച്ചടി വേണ്ടെന്നുവെച്ചതെന്ന വിലയിരുത്തലുകള്‍ ശരിവെക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നോട്ട്‌നിരോധന ശേഷം രാജ്യത്ത് പിടികൂടിയ കള്ളനോട്ടുകളില്‍ 56% രണ്ടായിരം രൂപയുടെ നോട്ടുകളാണെന്ന് ദേശീയ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോ. 2000 രൂപയുടെ കള്ളനോട്ടുകള്‍ ഏറ്റവും കൂടുതല്‍ പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗുജറാത്തിലാണ്. 2016 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെ പിടികൂടിയ കള്ളനോട്ടുകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. ക്രൈം ഇന്‍ ഇന്ത്യ എന്ന ഏറ്റവും പുതിയ എന്‍സിആര്‍ബി റിപ്പോര്‍ട്ട് പ്രകാരം 2017,2018 വര്‍ഷങ്ങളില്‍ 46.06 കോടിരൂപയുടെ വ്യാജകറന്‍സികളാമ് പിടികൂടിയത്.ഇതിന്റെ 56.31% രണ്ടായിരം രൂപയുടെ വ്യാജനായിരുന്നു. 2017ല്‍ 28.10 കോടിരൂപയുടെ വ്യാജകറന്‍സി കണ്ടെടുത്തപ്പോള്‍ ഈ തുകയുടെ 53.30 % 2000 രൂപയുടെ വ്യാജന്‍ തന്നെ. വ്യാജകറന്‍സിയില്‍ രണ്ടായിരം നോട്ടിന്റെ വിഹിതം ഇതോടെ 61.01 % ഉയര്‍ന്നു.
ചിപ്പ് അടക്കമുള്ള പലവിധ സുരക്ഷാ അവകാശവാദങ്ങളായിരുന്നു നോട്ടിറക്കുമ്പോള്‍ സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍ കള്ളനോട്ടടിക്കാര്‍ക്ക് എളുപ്പം അച്ചടിക്കാവുന്ന വിധത്തിലാണ് രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളെന്നാണ് ഇക്കാര്യം തെളിയിക്കുന്നത്.
രണ്ടായിരം രൂപ കള്ള നോട്ടുകളുടെ കേന്ദ്രീകരണം 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എങ്ങനെയായിരുന്നുവെന്ന് എന്‍സിആര്‍ബി ഡാറ്റ എടുത്തുകാണിക്കുന്നു.നോട്ട് റദ്ദാക്കലിന് ശേഷം കണ്ടെടുത്ത വ്യാജ 2,000 രൂപ നോട്ടുകളില്‍ 26.28 ശതമാനം വിഹിതം ഗുജറാത്തിനുണ്ട്. പശ്ചിമ ബംഗാള്‍ (3.5 കോടി രൂപ), തമിഴ്‌നാട് (2.8 കോടി രൂപ), ഉത്തര്‍പ്രദേശ് (2.6 കോടി രൂപ). കേന്ദ്രഭരണ പ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ദാദര്‍, നഗര്‍ ഹവേലി തുടങ്ങിയവയിലും ജാര്‍ഖണ്ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളിലും 2018 ഡിസംബര്‍ വരെ ഒരു വ്യാജ 2,000 രൂപ നോട്ടും പിടിച്ചിട്ടില്ല. നോട്ട്‌നിരോധനത്തിലൂടെ  ഭീകരരുടെ ശ്യംഖല കുറയുമെന്നും തീവ്രവാദികള്‍ക്ക് വ്യാജനോട്ടുകളിലൂടെയാണ് പണം ലഭിക്കുന്നതെന്നുമൊക്കെയായിരുന്നു പ്രധാനമന്ത്രി മോദിയുടെ അവകാശവാദങ്ങള്‍. അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രുക്കള്‍ വ്യാജകറന്‍സി നോട്ടുകള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇത് വര്‍ഷങ്ങളായി തുടരുകയാണ്. നോട്ട് റദ്ദാക്കുന്നതിനുള്‌ല കാരണങ്ങള്‍ വിശദീകരിക്കുമ്പോഴായിരുന്നു മോദി ഇങ്ങിനെ പറഞ്ഞത്.  പുതിയ കണ്ടെത്തലോടെ മോദിയുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞുവീഴുകയാണെന്നാണ് വിലയിരുത്തല്‍.

Latest News