Sorry, you need to enable JavaScript to visit this website.

പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഇത് ഉത്തര്‍പ്രദേശല്ല ബംഗാളാണ്; ബിജെപി നേതാവിന് മമതയുടെ മറുപടി

കൊല്‍ക്കത്ത- പൗരത്വഭേദഗതിയില്‍ പ്രതിഷേധിക്കുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൗരത്വബില്ലില്‍ പ്രതിഷേധിക്കുന്നവരെ ഉത്തര്‍പ്രദേശിലേത് പോലെ വെടിവെച്ച് കൊല്ലണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ് പറഞ്ഞത്. അദേഹത്തിന്റെ പ്രസ്താവനയെ 'ലജ്ജാകരം' എന്ന് വിശേഷിപ്പിച്ച മമത ബംഗാള്‍ ഉത്തര്‍പ്രദേശ് ആണെന്ന് വിചാരിക്കരുത്. എങ്ങിനെയാണ് ഇത്തരത്തില്‍ നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുന്നത്.അയാളുടെ പേര് പോലും പറയാന്‍ ലജ്ജ തോന്നുന്നുവെന്നും മമത പറഞ്ഞു.

നിങ്ങള്‍ വെടിവെക്കുന്നതിനെ പ്രചോദിപ്പിക്കുകയാണോ? ഇത് യുപിയല്ല.ഇവിടെ വെടിവെച്ചു കൊല്ലല്‍ നടപ്പില്ല. നാളെ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് മനസിലാക്കണം. പ്രതിഷേധിച്ചതിന് ആളുകളെ കൊല്ലാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും മമത ചോദിച്ചു.പൗരത്വഭേദഗതിയില്‍ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ മമതാ സര്‍ക്കാര്‍ ലാത്തിചാര്‍ജോ വെടിവെക്കുകയോ വേണമെന്നാണ് ഗോഷ് പ്രസ്താവിച്ചിരുന്നത്. പൊതു സ്വത്തുക്കളെല്ലാം അവരുടെ തന്തയുടെ വകയാണെന്ന് കരുതിയാണോ നശിപ്പിക്കുന്നതെന്നും ഗോഷ് ചോദിച്ചിരുന്നു.നാദിയ ജില്ലയിലെ പൊതുപരിപാടിയിലാണ് ബിജെപി നേതാവ് അതിരുകടന്ന പരാമര്‍ശങ്ങള്‍ നടത്തിയത്.'നമ്മുടെ യുപി,അസം,കര്‍ണാടക സര്‍ക്കാരുകള്‍ ഇത്തരം നായ്ക്കളെ വെടിവെച്ചുകൊല്ലുകയാണ്' എന്നും അദേഹം പറഞ്ഞു.
 

Latest News