Sorry, you need to enable JavaScript to visit this website.

ഛോട്ടാരാജന് വധഭീഷണി; തിഹാർ ജയിലിൽ സുരക്ഷ കൂട്ടി

ന്യൂദൽഹി- അധോലോക സാമ്രാജ്യമായ ഡി. കമ്പനിയിലെ മുൻ അംഗവും ഗുണ്ടാത്തലവനുമായ ഛോട്ടാ രാജനെ കൊല്ലാൻ മറ്റൊരു ഗുണ്ടാനേതാവ് ഛോട്ടാ ഷക്കീൽ ഗൂഢാലോചന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് തിഹാർ ജയിലിൽ സുരക്ഷ വർധിപ്പിച്ചു. രാജനെ തിഹാർ ജയിലിൽവെച്ച് കൊല്ലാൻ ദാവൂദ് ഇബ്രാഹീമുമായി ചേർന്ന് ഛോട്ടാ ഷക്കീൽ ഗൂഢാലോചന നടത്തി എന്നാണ് ഇന്റലിജൻസ് വിവരം. നിലവിൽ കറാച്ചിയിൽ ഒളിവു ജീവിതം നയിക്കുകയാണ് ദാവൂദ് ഇബ്രാഹീം എന്നാണ് കരുതുന്നത്. ജയിലിൽ സുരക്ഷ കൂട്ടിയ കാര്യം ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ വ്യക്തമാക്കി. രാജനെ പാർപ്പിച്ച സെല്ലിൽ സുരക്ഷ കാര്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ വധഭീഷണിയെ പറ്റി തനിക്കൊന്നും പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണിയെ തുടർന്ന് രാജന്റെ മൂന്ന് പാചകക്കാരെ മാറ്റി. രാജന് നൽകുന്ന ഭക്ഷണം കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇതിന് പുറമെ, ജയിലിൽ കഴിയുന്ന മറ്റുള്ളവരുമായി സദാസമയവും പത്തു മീറ്റർ അകലം ഛോട്ടാരാജനുമായുണ്ട്. 
ബിഹാറിലെ മാഫിയ തലവനും നാലു തവണ എം.പിയുമായ മുഹമ്മദ് ശിഹാബുദ്ദീനും ഇതേ ജയിലിലുണ്ട്. ഇദ്ദേഹത്തിനും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. 
ഛോട്ടാ ഷക്കീലിന്റെ ഫോൺ സംഭാഷണം ചോർത്തിയാണ് വധഭീഷണിയുടെ കാര്യം ഇന്റലിജൻസ് മനസിലാക്കിയത്. ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാനായിരുന്നു പദ്ധതി എന്നാണ് പോലീസ് പറയുന്നത്. നേരത്തെ ദാവൂദ് ഇബ്രാഹീമിനൊപ്പമായിരുന്ന ഛോട്ടാ രാജൻ 1993-ൽ മുംബൈയിലെ ബോംബ് സ്‌ഫോടന പരമ്പരയെ തുടർന്നാണ് ഈ സംഘവുമായി തെറ്റിപ്പിരിയുന്നത്. 2015-ൽ ഇന്തോനേഷ്യയിൽ ബാലിയിൽ വെച്ചാണ് ഇന്റർപോളിന്റെ സഹായത്തോടെ ഛോട്ടാരാജനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ഇതേവരെ ഭാര്യ സുജാത നിഖൽജയെയും അഭിഭാഷകനെയും മാത്രമേ ഛോട്ടാ രാജനെ കാണാൻ അനുവദിച്ചിട്ടുള്ളൂ.
 

Latest News