Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കലാപം: നരേന്ദ്ര മോഡിക്ക് നാനാവതി കമ്മീഷന്റെ ക്ലീന്‍ ചിറ്റ്; സഞ്ജീവ് ഭട്ടിനെതിരെ അന്വേഷണം

ഐപിഎസ് ഓഫീസര്‍മാരായ ആര്‍ ബി ശ്രീകുമാര്‍ രാഹുല്‍ ശര്‍മ, സഞ്ജീവ് ഭട്ട് എന്നിവർക്കെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടു

ഗാന്ധിനഗര്‍- ആയിരത്തിലേറെ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത 2002 ഗുജറാത്ത് കലാപത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ അന്നത്തെ മന്ത്രിമാര്‍ക്കോ പങ്കില്ലെന്ന് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനവതി കമ്മീഷന്റെ അന്തിമ റിപോര്‍ട്ട്. കലാപം ഇളക്കി വിട്ടതിലും ആളിക്കത്തിച്ചതിലും മോഡിക്കും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന ആരോപണം തെളിയികുന്ന ഒരു തെളിവും ഇല്ലെന്ന് ബുധനാഴ്ച ഗുജറാത്ത് നിയമസഭയില്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഒമ്പതു വാള്യങ്ങളായി 1500ലേറെ പേജുകള്‍ വരുന്നതാണ് കമ്മീഷന്റെ അന്തിമ റിപോര്‍ട്ട്. അഞ്ചു വര്‍ഷം മുമ്പാണ് കമ്മീഷന്‍ ആദ്യ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

മുന്‍ ഗുജറാത്ത് ഡിജിപിയും മലയാളി പോലീസ് ഓഫീസറുമായ ആര്‍ ബി ശ്രീകുമാര്‍, മറ്റു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരായ രാഹുല്‍ ശര്‍മ, സഞ്ജീവ് ഭട്ട് എന്നിവര്‍ ഗുജറാത്ത് സര്‍ക്കാരിനെതിരെ നല്‍കിയ തെളിവുകളെല്ലാം കമ്മീഷന്‍ തള്ളിക്കളഞ്ഞു. ഇവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടതായി ബുധനാഴ്ച ആഭ്യന്തര മന്ത്രി പ്രദീപ്‌സിന്‍ഹ് ജഡേജ പറഞ്ഞു. 

കലാപം ആളിപ്പടരാനിടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ചിലയിടങ്ങളില്‍ കലാപകാരികളായ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. മതിയായ പോലീസ് ഇല്ലാത്തതും വേണ്ട ആയുധങ്ങളില്ലാത്തതുമാണ് കാരണം. അഹമദാബാദ് സിറ്റിയിലുണ്ടായ ചില കപാലങ്ങളില്‍ പോലീസ് ഒന്നും ചെയ്തില്ലെന്നും കമ്മീഷന്‍ പറയുന്നു.

കലാപം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയായിരുന്ന മോഡിയാണ് കമ്മീഷനെ നിയോഗിച്ചത്. ആദ്യം ജസ്റ്റിസ് കെ ജി ഷായുടെ നേതൃത്വത്തില്‍ ഏകാംഗ കമ്മീഷനായിരുന്നു നിയമിച്ചത്. പൗരാവകാശ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജസ്റ്റിസ് ജി ടി നാനാവതിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ കമ്മീഷനാക്കി മാറ്റുകയായിരുന്നു. 2008ല്‍ ജസ്റ്റിസ് ഷായുടെ മരണത്തെ തുടര്‍ന്ന് ജസ്റ്റിസ് അക്ഷയ് മേത്തയെ കമ്മീഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2002 ഫെബ്രുവരി 27ന് സബര്‍മതി എക്‌സപ്രസിലെ ഒരു ബോഗിക്ക് തീക്കൊളുത്തി 59 കര്‍സേവകരെ ജീവനോടെ ചുട്ടെരിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് മുസ്‌ലിംകളെ ഉന്നമിട്ട് ഗുജറാത്തില്‍ പലയിടത്തും വ്യാപക കലാപം അരങ്ങേറിയത്. 1,169 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. കലാപത്തില്‍ മുഖ്യമന്ത്രി മോഡിക്കും മന്ത്രിമാര്‍ക്കും പങ്കുണ്ടെന്നതിന് തെളിവുമായി ഉന്നത പോലീസ് ഓഫീസര്‍മാര്‍ തന്നെ രംഗത്തു വന്നതോടെ കേസ് അന്വേഷണത്തില്‍ വലിയ വഴിത്തിരവുണ്ടായി.
 

Latest News