Sorry, you need to enable JavaScript to visit this website.

ഭരണഘടനാ ധാർമികത ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യത - രാഷ്ട്രപതി

  • ജനങ്ങൾക്ക് ഇപ്പോൾ കടമകൾ നിർവഹിക്കാനുള്ള കാലം - മോഡി

ന്യൂദൽഹി - ഭരണഘടനാപരമായ ധാർമികത ഉയർത്തിപ്പിടിക്കാനുള്ള ബാധ്യത സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെയുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്ര സർക്കാർ ഭരണഘടനാ ദിവസമായി ആചരിച്ച ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഏറ്റവും ഉയർന്നു നിൽക്കുന്നുവെന്നും ഭരണഘടനാപരമായ ഭൂരിപക്ഷ നടപടികളെ മാനിക്കേണ്ടത് ധാർമികതയാണെന്നും അംബേദ്കർ അടിവരയിട്ട് പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 
രാജ്യത്തിന്റെ അടിത്തറ ഭരണഘടനയിൽ അധിഷ്ഠിതമാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത് ഭരണഘടനയെ അടിസ്ഥാനമാക്കിയാണെന്നും രാഷ്ട്രപതി പറഞ്ഞു. 
ഇന്ത്യ ഇന്ന് സ്വാതന്ത്ര്യത്താലും ജനാധിപത്യത്താലും ശക്തമായിരിക്കുന്നത് കണ്ട് ഏറ്റവുമധികം സന്തോഷിക്കുന്നത് ഭരണഘടന ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ ആയിരിക്കുമെന്ന് തുടർന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കുടിവെള്ളം സംരക്ഷിച്ചും നികുതി കൃത്യമായി അടച്ചും എല്ലാ പൗരൻമാരും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഭരണഘടനയുടെ യഥാർഥ കാവൽക്കാരെന്ന നിലയിൽ സർക്കാർ 130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്നത് കഴിഞ്ഞ കാലമായി മാറിയിരിക്കുന്നു. ഇപ്പോൾ കടമകൾ നിർവഹിക്കാനുള്ള കാലമാണെന്നും മോഡി പറഞ്ഞു. ഓരോരുത്തരുടെയും കടമകൾ നിർവഹിക്കാതെ അവകാശങ്ങൾ സംരക്ഷിക്കാനാകില്ലെന്നും മോഡി കൂട്ടിച്ചേർത്തു. ജനങ്ങളാണ് ഭരണഘടനയുടെ ശക്തി. സംഭാഷണങ്ങളിലും യോഗങ്ങളിലും നമ്മുടെ കടമകളെക്കുറിച്ചാണ് വാചാലരാകേണ്ടതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
രാഷ്ട്രപിതാവ് എന്ന നിലയിൽ ഗാന്ധിജി പൗരന്റെ കടമകളും അവകാശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ ശരിയായി മനസ്സിലാക്കിയ വ്യക്തിത്വമായിരുന്നു. ഇന്ത്യക്കാരന്റെ അന്തസ്, ഇന്ത്യയുടെ അഖണ്ഡത എന്നിവയാണ് ഭരണഘടനയുടെ രണ്ടു മന്ത്രങ്ങൾ. നമ്മുടെ ഭരണഘടന ഒരു വിശുദ്ധ ഗ്രന്ഥമാണ്. പുതിയ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളും ഭരണഘടനയിലുണ്ടെന്നും മോഡി പറഞ്ഞു. 
പ്രതിപക്ഷത്തിന് കൂടി ആശംസ നേർന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മേളനത്തെ അഭിസംബോധന ചെയ്തത്. എല്ലാവരും തങ്ങളുടെ മാതൃഭാഷയെ സംരക്ഷിക്കാൻ ബദ്ധശ്രദ്ധ പതിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. മാതൃഭാഷയാണ് നമ്മുടെ കാഴ്ചയെ തന്നെ രൂപപ്പെടുത്തുന്നത്. അതേസമയം ഇതര ഭാഷകൾ നമുക്ക് കണ്ണടകൾ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 
ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ രേഖയാണ് ഇന്ത്യയുടെ ഭരണഘടന. 103 തവണ ഭേദഗതി ചെയ്തിട്ടുണ്ട് എന്നത് കൊണ്ടു തന്നെ ഭരണഘടന കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഇത് മാറ്റങ്ങൾക്കുള്ള സമയമാണ്. ഒരു രാഷ്ട്രീയ ജനാധിപത്യം എന്നതിലുപരി ഒരു സാമൂഹിക ജനാധിപത്യമാണ് അംബേദ്കറും വിഭാവനം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്ത് മാത്രമാണ് ഭരണഘടന തത്വങ്ങൾക്ക് മീതെ കരിനിഴൽ വീണതെന്ന് വെങ്കയ്യ നായിഡുവും നരേന്ദ്ര മോഡിയും തങ്ങളുടെ പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടി. 
അവകാശങ്ങളുടെയും കടമകളുടെയും ഉത്തമ കൂടിച്ചേരലാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർള പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒരുപോലെ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. 
2015ൽ ഡോ. അംബേദ്കറുടെ 125-ാം ജൻമവാർഷികത്തോടനുബന്ധിച്ചാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
    

 

Latest News