Sorry, you need to enable JavaScript to visit this website.

മലബാറിന്റെ ചോര മണക്കുന്ന ആൻഡമാൻ ദ്വീപ്

ആൻഡമാൻ സെല്ലുല്ലാർ ജയിൽ.
ആൻഡമാൻ സെല്ലുല്ലാർ ജയിൽ.
ആൻഡമാൻ സെല്ലുല്ലാർ ജയിൽ.
ആൻഡമാൻ സെല്ലുല്ലാർ ജയിൽ.
ആൻഡമാൻ ജയിലിലെ തൂക്കുമുറി
ആൻഡമാൻ ജയിലിലെ തൂക്കുമുറി
ആൻഡമാൻ സെല്ലുല്ലാർ ജയിൽ.
ആൻഡമാൻ ജയിലിലെ ശിക്ഷാ രീതികൾ.
ആൻഡമാൻ ജയിലിലെ ശിക്ഷാ രീതികൾ.


കാലമങ്ങനെയാണ്. ഏതൊരാളെയും അവരറിയാതെ വഴിനടത്തും. ചില നിയോഗങ്ങൾ അവരറിയാതെ ചാർത്തി നൽകും. അല്ലെങ്കിലെങ്ങനെയാണ് കിഴക്കൻ ഏറനാടിന്റെ ഹൃദ്യതയിലേക്ക് കുഞ്ഞോയി മൊല്ല എത്തിപ്പെടുന്നത്? ഇരിങ്ങാട്ടിരിയുടെ മതപഠനശാലയിലെ അധ്യാപകനാവുന്നത്?  അദ്ദേഹവും മക്കളും പാണ്ടിക്കാട്ടെയും മലപ്പുറത്തെയും കോഴിക്കോട്ടെയും ബ്രിട്ടീഷ് അതിക്രമങ്ങളും തൃശ്ശിനാപ്പള്ളിയിലെയും ബെല്ലാരിയിലെയും  ജയിൽപീഡകളും വെള്ളപ്പട്ടാളത്തിന്റെ ക്രൂരതയും സഹിച്ച് ആഴിതാണ്ടി ആൻഡമാൻ ദ്വീപുകളിലെത്തിപ്പെടുന്നത്? 

 

1880 കളുടെ അവസാനത്തിലാണ് പശ്ചിമഘട്ട താഴ്‌വാരത്തേക്ക്, കരുവാരകുണ്ട് ഇരിങ്ങാട്ടിരിയിലെ വീടുകൾ തോറും നടക്കുന്ന മതപഠനശാലയിലേക്ക്, അഥവാ ഓത്തുപള്ളിയിലേക്ക് അധ്യാപകനെ തേടി ആ ചെറുഗ്രാമത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ മൂലക്കല്ല് നാട്ടിയ നാട്ടുകൂട്ടത്തിലെ ഗജകേസരി മർഹൂം വള്ളിയിൽ അഹമ്മദ്ഹാജിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം പൗരപ്രമുഖർ പന്തല്ലൂർ മുടിക്കോട്ടെത്തുന്നത്. അഹമ്മദ് ഹാജിക്കുള്ള കാലത്തിന്റെ ആദരമായി അദ്ദേഹമേറ്റെടുത്ത് കൊണ്ടുനടന്ന ഇരിങ്ങാട്ടിരി എ.എം.എൽ.പി സ്‌കൂൾ അദ്ദേഹത്തിന്റെ പേരമക്കളാൽ നൂറ്റാണ്ടിനിപ്പുറം ഇന്നും ഒരുനാടിന് അക്ഷരവെളിച്ചം പകരുന്നുണ്ട്. ആ സംഘം തിരികെ പോരുമ്പോൾ മാട്ടുമ്മൽ കുഞ്ഞാലിയുടെ മകൻ കുഞ്ഞോയി മൊല്ലയും  ചുമലിൽ മരക്കാരെന്ന കൈക്കുഞ്ഞുമായി ഭാര്യ ബിയ്യയും ഉണ്ടായിരുന്നു.
ഓത്തുപള്ളി സമയത്ത് പഠിതാക്കൾക്ക് അറബിമലയാളത്തിൽ ഇൽമ് പഠിപ്പിക്കുന്ന മൊല്ലാക്കയിൽ നിന്നും ഇടവേളകളിൽ പാട്ടഭൂമിയിലെ തോർത്തുമുണ്ടുടുത്ത, തലയിൽ പാളത്തൊപ്പിയിട്ട കർഷകനിലേക്ക് പരകായപ്രവേശം നടത്തിയ ദിനരാത്രസഞ്ചാരങ്ങൾ. ഇരിങ്ങാട്ടിരി മൂച്ചിക്കലുള്ള മണലടിക്കളത്തിൽ ശേഖരനുണ്ണി യജമാനന്റെ വളപ്പിൽ 'പാട്ടച്ചീട്ട്' എഴുതിവാങ്ങിയ സ്ഥലത്താണ് അന്ന് കുഞ്ഞോയി കുടുംബത്തിന് അന്തിക്കൂരയൊരുക്കിയത്. കൈക്കുഞ്ഞിൽ നിന്നുമൊരു യുവാവിലേക്കുള്ള മരക്കാരുടെ ഭാവപ്പകർച്ചക്കിടയിൽ താഴെ അലവിയും അഹമ്മദ് കുട്ടിയും കോയക്കുട്ടിയും കുഞ്ഞാത്തുവും അബ്ദുല്ലക്കുട്ടിയും കുഞ്ഞീച്ചിയും കുടുംബത്തിന്റെ അംഗസംഖ്യ മൂന്നിൽ നിന്നും ഒൻപതിലേക്കെത്തിച്ചിരുന്നു.
ദേശീയപ്രസ്ഥാനത്തിലൂടെ അതിന്റെ നേതാക്കൾ തിരികൊളുത്തിയ സ്വാതന്ത്ര്യദാഹം ആലി മുസ്‌ല്യാരിലൂടെയും വാരിയംകുന്നനിലൂടെയും മറ്റും കിഴക്കൻ ഏറനാട്ടിലേക്കും വീശിയടിച്ചു തുടങ്ങിയ കാലം. വെള്ളക്കാരനോടുള്ള പ്രതിഷേധത്തിന്റെ അലയൊലികൾ മരക്കാരുടെ നെഞ്ചകത്ത് മാത്രമല്ല പ്രതിഷേധാഗ്‌നി കോരിയിട്ടത്, മരക്കാരുടെ തോളോടൊപ്പമെത്തിയ അലവിയുടെയും അഹമ്മദ്കുട്ടിയുടെയും അന്തഃരംഗത്തും പ്രതിഷേധാഗ്നിയെരിഞ്ഞു. 1920 കളുടെ അവസാനത്തിൽ ഒറ്റയിട്ട ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രതിഷേധക്കാറ്റ് മലബാറിലാകെ വീശിയടിച്ചത് ബ്രിട്ടീഷ് പട്ടാളത്തിന് സമ്മാനിച്ചത് ഉറക്കമില്ലാരാവുകളാണ്. ബാല്യം കടന്ന ആമ്പിറന്നോനെ കണ്ടാൽ ഒന്നുകിൽ അവന്റെ നെഞ്ചിലേക്ക് വെള്ളപ്പട്ടാളത്തിന്റെ തോക്ക് തീതുപ്പും, അല്ലെങ്കിലവൻ ബന്ദിയാക്കപ്പെട്ട് ജയിലിലകപ്പെടും. 
ഏതുനിമിഷവും കുടുംബത്തോടെ എരിഞ്ഞടങ്ങുമെന്ന ഘട്ടത്തിലാണ് വെള്ളപ്പട്ടാളത്തിന്റെ തോക്കിൻതുമ്പത്തുനിന്നും കുഞ്ഞോയി കുടുംബത്തെയും കൊത്തിയെടുത്ത് പറയന്മാട് മലവാരത്ത് താൽക്കാലിക കൂടൊരുക്കുന്നത്. കൃത്യമായിപ്പറഞ്ഞാൽ ഇന്ന് കരുവാരകുണ്ട് ദാറുന്നജാത്തെന്ന വിദ്യാഭ്യാസസമുച്ചയത്തിലേക്കുള്ള വെള്ളമെത്തിക്കാൻ സ്ഥാപിച്ച ടാങ്ക് നിൽക്കുന്ന സ്ഥലത്ത് പനയോല മേഞ്ഞ, പനമ്പ് കൊണ്ടുമറച്ച ഷെഡിനെ രണ്ടായി ഭാഗിച്ച് ഒരു കോണിൽ കുഞ്ഞോയിയും കുടുംബവും മറുകോണിൽ വള്ളിയിൽ അഹമ്മദ് ഹാജിയും കുടുംബവും പൊറുതി തുടങ്ങി.
നിത്യവൃത്തിക്കുള്ള ജോലിക്ക് പോലും ബ്രിട്ടീഷ് പട്ടാളം വിലങ്ങുതടിയായത് നാട്ടിലാകെ പട്ടിണിയും പരിവട്ടവും സാർവത്രികമാക്കി. പശിയകറ്റാൻ ജന്മിമാരുടെ പത്തായപ്പുരകൾ കൊള്ളയടിക്കുന്നത് മിക്കപ്പോഴും നിത്യസംഭവങ്ങളായപ്പോഴാണ് കുഞ്ഞോയിയെ ശേഖരനുണ്ണി യജമാനൻ വിളിച്ചു വരുത്തുന്നതും പത്തായപ്പുരയോട് ചേർന്ന് താമസമൊരുക്കുന്നതും, പത്തായപ്പുരയുടെയടക്കം ഇല്ലത്തിന്റെ മുഴുവൻ താക്കോൽകൂട്ടവും കുഞ്ഞോയിയുടെ വിശ്വസ്തകരങ്ങളിലേൽപ്പിച്ച് ജന്മദേശമായ ചെറുകരയിലേക്ക് കുടുംബത്തോടൊപ്പം മാറിനിൽക്കുന്നതും. പ്രശ്‌നങ്ങളൊതുങ്ങി തിരിച്ചെത്തും വരെ തന്റെ ഇല്ലവും പത്തായപ്പുരയും സ്ഥാവരജംഗമവും കുഞ്ഞോയിയുടെ കൈകളിൽ സുരക്ഷിതമാകുമെന്ന് മറ്റാരേക്കാളും നന്നായി ശേഖരനുണ്ണി വിശ്വസിച്ചിരുന്നിരിക്കണം. തന്നിലർപ്പിച്ച വിശ്വാസത്തിന് അണുവിട കോട്ടം തട്ടാതെ കുഞ്ഞോയി അതെല്ലാം കാത്തുപോന്നു.
ബ്രിട്ടീഷ് പോലീസിന്റെ സ്‌റ്റേഷൻ പൊളിച്ചു തീവെച്ചതും, പാണ്ടിക്കാട്ടെ മിലിട്ടറി ക്യാമ്പ് ആക്രമിച്ചതും, അവരുടെ പ്രധാനസഞ്ചാരവഴിയിലെ പാലം പൊളിച്ചതും ബ്രിട്ടീഷ് പട്ടാളത്തെ പ്രകോപിച്ചുവെന്ന് പറയേണ്ടതില്ലല്ലോ. അതേത്തുടർന്ന് കരുവാരകുണ്ട്, കാളികാവ്, കല്ലാമൂല, പാണ്ടിക്കാട്, കൊളപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ നരനായാട്ടായിരുന്നു അരങ്ങേറിയതെന്ന് മരക്കാർ ഓർത്തെടുത്തിരുന്നു. പരക്കെ വീടുകൾ തീയിട്ട് നശിപ്പിക്കലും കണ്ണിൽക്കണ്ടവരെയെല്ലാം വെടിവെച്ചിടുകയോ, തൂക്കിലേറ്റുകയോ, അറസ്റ്റ് ചെയ്ത് പതിനഞ്ചും ഇരുപതും വർഷത്തെ ശിക്ഷയ്ക്ക് വിധിക്കുകയൊ നാടുകടത്തുകയോ ചെയ്തു. വെടക്കാക്കി തനിക്കാക്കുകയെന്ന തന്ത്രത്തോടെ ദേശീയപ്രസ്ഥാനത്തോട് കൂറുപുലർത്തിയാൽ നിങ്ങൾക്കും ഇതേ അവസ്ഥയാകുമെന്ന് ഹൈന്ദവസമുദായത്തെ പറഞ്ഞു ഭയപ്പെടുത്തി നാടുവാഴിജന്മികളടക്കം കുറച്ചുപേരെയെങ്കിലും വെള്ളപ്പട്ടാളം കൂടെ നിർത്തി. അതേ സമയത്തേക്കാണ് ശേഖരനുണ്ണി മകൻ സുകുമാരഷാരടിയോടൊപ്പം തിരിച്ചെത്തിയത്. ഏൽപ്പിച്ചതെല്ലാം ഭദ്രമായി തിരിച്ചേൽപ്പിച്ചതിന്റെ തൊട്ടുടനെ വെള്ളപ്പട്ടാളം കുഞ്ഞോയിയെയും മക്കളായ മരക്കാരെയും അലവിയെയും അഹമ്മദ്കുട്ടിയെയും ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ പ്രവർത്തിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ ഒൻപത് വയസ്സുള്ള കോയക്കുട്ടിക്കും താഴെയുള്ള അബ്ദുല്ലക്കുട്ടിക്കും നിസ്സഹായതയോടെ നോക്കിനിൽക്കാനേ ആവുമായിരുന്നൊള്ളൂ. പാണ്ടിക്കാട്ടെ ക്യാമ്പിലേക്കും പിന്നീട് മലപ്പുറത്തേക്കും ശേഷം കോഴിക്കോട്ടേക്കും കൊണ്ടുപോയി. അറസ്റ്റിലിരിക്കെയുള്ള അതികഠിനമായ ശാരീരികപീഡനങ്ങൾ പിൽക്കാലത്ത് മരക്കാരുടെ സ്വന്തം കൈപ്പടയിലെഴുതിയ ഓർമ്മക്കുറിപ്പിൽ കണ്ണീരായി പെയ്തിറങ്ങുന്നുണ്ട്. തോക്കിന്റെ പാത്തി കൊണ്ടുള്ള കുത്തും ബൂട്ടിന്റെ തൊഴിയും സർവ്വോപരി പട്ടിണിക്കിട്ടും ഉഗ്രപീഡനം. ഒടുവിൽ 1921 ഓഗസ്റ്റ്15ന് ശിക്ഷ വിധിച്ചു. പാണ്ടിക്കാട്ടെ മിലിട്ടറി ക്യാമ്പ് ആക്രമിച്ച കേസിന് 121 വകുപ്പ് പ്രകാരം ജീവപര്യന്തം നാട് കടത്താനായിരുന്നു കോഴിക്കോട്ടെ പട്ടാളക്കോടതി വിധിച്ചത്.
മൂന്നുമാസം തൃശ്ശിനാപ്പള്ളി ജയിലിലടച്ച ശേഷം അവിടെ നിന്നും ബെല്ലാരി ജയിലേക്ക് മാറ്റി. വയോവൃദ്ധനായ കുഞ്ഞോയിക്ക് ഇനിയും തങ്ങളുടെ വഴിയിൽ വിലങ്ങുതടിയാവാനുള്ള ആയുസ്സില്ലെന്ന തിരിച്ചറിവിൽ കുഞ്ഞോയി മൊല്ലാക്കയെ മാത്രം മോചിപ്പിച്ച് മരക്കാരെയും അലവിയെയും അഹമ്മദ്കുട്ടിയേയും ഇതര തടവുകാരോടൊപ്പം 1922 ഡിസംബർ മാസത്തിൽ കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജയിലിന്റെ അഴിക്കുള്ളിലേക്ക് കപ്പലേറ്റി. പട്ടിണിക്കിട്ടുള്ള ഉഗ്രപീഡനത്തിൽ പലരും അനശ്വരജീവിതം പൂകിയിരുന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോൾ തന്നെ പേരും വിവരങ്ങളും ജോലിയും മറ്റെല്ലാവിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകൾ സൂക്ഷിച്ചിരുന്നു ബ്രിട്ടീഷ് പട്ടാളം. തിരിച്ചറിയാനായി ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം നമ്പറുകളും. അതനുസരിച്ചുള്ള ജോലിയാണ് തടവുകാലത്തവർക്ക് നൽകപ്പെട്ടത്. മരക്കാർ നാട്ടിലെ ഒന്നാന്തരം കർഷകനും കൂടിയായിരുന്നത് കൊണ്ട് ജയിലറക്കുള്ളിലും കർഷകവേഷം കെട്ടിയാടി, ഒപ്പം അഹമ്മദ് കുട്ടിയും. അക്ഷരാഭ്യാസവും അൽപം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉണ്ടായിരുന്ന അലവിയെ ആദ്യം ജയിലിലെ ക്ലറിക്കൽ ജോലിയും ശേഷം അധ്യാപകനായും നിയമിച്ചെങ്കിലും രണ്ടുവർഷങ്ങൾക്കകം സംശയകരമായ സാഹചര്യത്തിൽ കഠിനമായ ഛർദ്ദിയാൽ മരണപ്പെട്ടു. ഭക്ഷണത്തിൽ വിഷം കലർത്തിയതാണെന്ന് മരക്കാരും വിശ്വസിച്ചിരുന്നു. ഒടുവിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം 1933 ജൂൺ രണ്ടിന് മരക്കാരും അഹമ്മദ്കുട്ടിയും മോചിപ്പിക്കപ്പെട്ടു.
തിരിവെട്ടമുള്ള പ്രതീക്ഷകളുമായി ആഴി നീന്തി തിരികെയാത്ര. പക്ഷെ പൊളിഞ്ഞു വീണ് മണ്ണോടുചേർന്ന വീടും ജന്മികൾ കയ്യടക്കിയ കൃഷിസ്ഥലങ്ങളും അവർക്ക് നേരെ കൊഞ്ഞനം കുത്തി. ഒടുവിൽ സ്വന്തം നാട്ടിലെ ജീവിതം നശിപ്പിച്ച വെള്ളപ്പട്ടാളം നാടുകടത്തി ശിക്ഷിച്ച ആൻഡമാനിൽ തന്നെ ജീവിതം കരുപ്പിടിപ്പിക്കാൻ 1937ൽ വീണ്ടും പത്തേമാരിയേറി, കൂടെ ഇളയ അനിയൻ അബ്ദുല്ലക്കുട്ടിയും.
ദ്വീപിൽ പിന്നീടങ്ങോട്ടും അതിജീവനത്തിന്റെ അരങ്ങിൽ മരക്കാർ കർഷകവേഷം തന്നെ കെട്ടിയാടി. രണ്ടാമൻ അഹമ്മദ്കുട്ടി കച്ചവടത്തിലാണ് അന്നം തേടിയത്. മൂവർ സഹോദരങ്ങൾ പിന്നീടാ ദ്വീപ് വിട്ടേയില്ല. പോർട്ട് ബ്ലയറിനെ കരുവാരകുണ്ടായും ഗാന്ധിനഗറിനെ ഇരിങ്ങാട്ടിരിയായും അബറിഡിയൻ ബസാറിനെ പുന്നക്കാട്ടെ ചന്തയായും പ്രേംനഗറിനെ കിഴക്കേത്തലയായും ജംഗ്ലിക്കാടിനെ കൽക്കുണ്ടായും വൃഥാപേരുമാറ്റി നാടായിക്കണ്ട് ദ്വീപ് ജീവിതം. 
1941ൽ നാട്ടിൽ തനിക്കും മുൻപേ വിടചൊല്ലിപ്പിരിഞ്ഞ പെൺമക്കളെ തേടി കുഞ്ഞോയിമൊല്ലാക്ക പുത്തനഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ആറടിമണ്ണിന്റെ അവകാശമുറപ്പിച്ചു. 1954ൽ നാട്ടിൽ ബാക്കിയായ ഏകമകൻ കോയക്കുട്ടിയെയും തനിച്ചാക്കി ഉമ്മ ബിയ്യയും കുഞ്ഞോയി ഉപ്പുപ്പാക്ക് കൂട്ട് പോയി.
പിൽക്കാലത്ത് കോയക്കുട്ടിയുടെ മക്കളിൽ പലരും അന്നം തേടി ആൻഡമാനിലെത്തിയിരുന്നു. 1968 ഡിസംബർ രണ്ടാം പകുതിയിൽ തുടങ്ങി 1969 ജനുവരി മധ്യത്തോടെ അവസാനിച്ച ഒരു മാസക്കാലത്തേക്ക് ആദ്യമായും അവസാനമായും ജേഷ്ടന്മാരെയും കുടുംബത്തെയും കാണാൻ കോയക്കുട്ടിയും കടല് താണ്ടി ദ്വീപിലെത്തി. ഒരു കൂരക്ക് കീഴിൽ ഉണ്ടുമുറങ്ങിയും ജീവിക്കേണ്ട, ഒരു ഖബർസ്ഥാനിൽ അന്തിയുറങ്ങേണ്ട ഉടപ്പറപ്പുകളുടെ ജീവിതവും അന്ത്യവിശ്രമവും പരകാതങ്ങളകലെയായി. സാധ്യമാകുമ്പോഴെല്ലാം സന്തതിപരമ്പരകൾ ബന്ധങ്ങളുടെ മധുരിമയും ഹൃദ്യതയും തേടി ഇപ്പോഴും ഇരുപുറം കടല് താണ്ടുന്നു.
തന്റെ തോളോടൊപ്പം വെള്ളപ്പട്ടാളത്തോട് കൊമ്പ് കോർക്കാനൊപ്പം നിന്ന, ജയിലറകളിൽ കൂട്ടായിരുന്ന, ജീവിതാന്ത്യം നിഴലായി കൂടെ നടന്ന അഹമ്മദ്കുട്ടിമൂത്താപ്പയും 1983 നവംബർ 11ന് മരക്കാരെ തനിച്ചാക്കി സലാം ചൊല്ലിപ്പിരിഞ്ഞു. പിറന്ന നാട്ടിൽ തലയുയർത്തി ജീവിക്കാനായി വെള്ളക്കാരന്റെ പടക്കോപ്പുകളോടേറ്റുമുട്ടാൻ തന്റേടം കാണിച്ചതിന് ഒരു പുരുഷായുസ്സ് തന്നെ അനുഭവിച്ച മരക്കാരും ഒടുവിൽ 1990 ഏപ്രിൽ 29ന് ദ്വീപിലെ ദില്ലാണിപ്പൂർ ഖബർസ്ഥാനിലെ മൈലാഞ്ചിച്ചെടിക്ക് കീഴെ അനിവാര്യമായ അന്ത്യയുറക്കം കൊണ്ടു.
സിരകളിൽ ചൂടേറ്റിയ, അന്തരംഗത്ത് അഭിമാനം അലതല്ലിച്ച ഉപ്പാപ്പമാരുടെ വീരചരിതം കാതുകളിലോതിയ കോയക്കുട്ടിയെന്ന ഉപ്പുപ്പയും ഓർമ്മച്ചെപ്പിന് താഴിട്ട് 2012 ഓഗസ്റ്റ് 28ന് മഗ്‌രിബ് നമസ്‌കാരാനന്തരം കാലയവനികയ്ക്ക് പിന്നിലേക്കായി.
ജന്മദേശത്തെ മാതൃത്വത്തോളം നെഞ്ചേറ്റി സാമ്രാജ്യത്വത്തോട് വീറോടെ അടരാടിയ ഒരുദേശത്തിന്റെയും, സമൂഹത്തിന്റെയും ഗതകാലത്തിൽ, സിരകളിലെ ചുടുനിണം പതഞ്ഞുയരുന്ന സമ്പന്നചരിതങ്ങളിൽ മറവിയുടെ കുമ്മായപ്പൊടി വിതറാൻ ആസുരകാലത്തെ ഫാസിസതലച്ചോറുകൾ അത്യധ്വാനം ചെയ്യുമ്പോൾ മേത്തരം വീരേതിഹാസങ്ങളും മുൻതലമുറ താണ്ടിയ കനൽപഥങ്ങളും പുതുതലമുറയുടെ കാതോരങ്ങളിൽ ഉളിസമാനം കൊത്തിവെക്കേണ്ടത് കാലത്തോട് ചെയ്യേണ്ട സാമാന്യനീതിയാണ്.
പിറന്ന നാടിനായി തലയുയർത്തി അവകാശമുന്നയിച്ചതിന് നിതാന്തജാഗ്രത പുലർത്തിയ ഒട്ടനേകം പൗരുഷങ്ങളുടെ മേൽ വെള്ളക്കാരന്റെ മൃഗീയത ആടിത്തിമർത്തപ്പോഴും, തോക്കിന്റെ പാത്തിയും ബൂട്ടിന്റെ ആണിയും അവരുടെ മുതുകത്ത് ക്രൂരതയുടെ പെരുമഴക്കാലമായി തോരാതെ പെയ്തിറങ്ങിയപ്പോഴും, മാനാഭിമാനം പണയപ്പെടുത്താൻ സാധ്യമല്ലെന്ന് ബാക്കിയായ ഒരിറ്റ് ജീവനും കൊണ്ട് നെഞ്ചൂക്കോടെ തിരിച്ചടിക്കുന്ന ഉഗ്രജന്മങ്ങളുടെ അട്ടഹാസം ആൻഡമാൻ സെല്ലുലാറിന്റെ അകത്തളങ്ങളിൽ പെരുമ്പറമുഴക്കമായി ഉയർന്നുപൊങ്ങി. 
അതേസമയം തൊട്ടപ്പുറത്തെ ജയിലോഫീസിൽ വെള്ളക്കാരന്റെ മുന്നിൽ മേൽമുണ്ടഴിച്ചുമാറ്റി പഞ്ചപുച്ഛമടക്കി താണുവണങ്ങി നിന്ന് മാപ്പെഴുതിക്കൊടുത്ത്, ഇന്ത്യയുടെ പൈതൃകത്തിനും ആത്മാഭിമാനത്തിനും മുകളിൽ കേറ്റിവെച്ച വെള്ളക്കാരന്റെ കാലിലും ചെരുപ്പിലും പുതഞ്ഞ രക്തക്കറ നക്കിത്തുടച്ചു മാറ്റുന്ന അധമജന്മങ്ങളുടെ ദുരന്തകാഴ്ചകളും അരങ്ങേറി.
ആ അധമജന്മങ്ങളുടെ പിന്മുറ കപടദേശസ്‌നേഹത്തിന്റെ അപ്പോസ്തലവേഷം കെട്ടിയാടുന്ന നവകാലത്ത് ചരിത്രത്തെ ഓർമ്മിക്കലും പൂർവ്വാധികം ശക്തിയോടെ തുറന്നുകാട്ടലും തന്നെയാണ് പൂർവ്വസൂരികളോട് ചെയ്യേണ്ടുന്ന നീതി. സെല്ലുലാറിൽ ബ്രിട്ടീഷ് ഓഫീസറുടെ മുന്നിൽ മുട്ടിലിഴഞ്ഞു മാപ്പെഴുതിക്കൊടുത്ത് ജീവിതം ഇരന്നുവാങ്ങിയ സവർക്കറുടെ പേരിലേക്ക് ആൻഡമാൻ പോർട്ട് ബ്ലയർ എയർപോർട്ട് മാറുന്ന കാലത്ത്, ആ പേരിന് മുന്നിൽ ചാർത്തുന്ന 'വീർ' നൽകുന്ന സന്ദേശത്തിന്റെ അന്തഃസത്ത പുതുതലമുറ മനസ്സിലാക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് കാപാലികതയുടെ മുഖമായി, ചെറുത്തുനിൽപ്പിന്റെ ജീവസ്സുറ്റ ഓർമ്മകളും പേറി സെല്ലുലാർ ജയിൽ മ്യൂസിയമായി മാറിയ കാലം തൊട്ട് ഈയടുത്ത കാലം വരെ അതിന്റെ കരിങ്കൽ ഭിത്തികളിൽ മരക്കാരും അലവിയും അഹമ്മദ്കുട്ടിയും മറ്റനേകം തടവുകാരും ചില്ലിട്ട ഫോട്ടോയിൽ ജ്വലിച്ചു നിന്നിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ഫോട്ടോകളും രേഖകളും ഡൽഹിയിലെ മ്യൂസിയത്തിലേക്ക് മാറ്റുകയാണെന്ന അറിയിപ്പ് വന്നു. സെല്ലുലാർ മ്യൂസിയം അധികൃതരോട് അതെല്ലാം ഡൽഹിയിലേക്കയച്ചോയെന്ന അന്വേഷണത്തിന് ലഭ്യമായ മറുചോദ്യം ചരിത്രനവനിർമിതിയുടെ ആസുര കാലത്ത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. 'അതെല്ലാം ഇനിയും നിലനിൽക്കുമെന്നും ഡൽഹിയിലെ മ്യൂസിയം ചുമരിൽ അവയെല്ലാം തൂങ്ങുമെന്നും വിശ്വസിക്കാൻ മാത്രം മൗഢ്യവിശ്വാസത്തിലാണോ നിങ്ങൾ' എന്ന മറുചോദ്യം ചരിത്രത്തെ ഭയപ്പെടുന്ന ഫാസിസചിന്തകളെ തുറന്നു കാട്ടുക മാത്രമല്ല ചെയ്തത്. പൂർവ്വസൂരികൾ നേടിത്തന്ന സ്വതന്ത്രമതേതരജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിന് സമരസജ്ജമാകാനുള്ള ആഹ്വാനം കൂടിയായിരുന്നു.

 

Latest News