Sorry, you need to enable JavaScript to visit this website.

പശുക്കടത്ത് സംശയിച്ച് ട്രക്ക് പിന്തുടര്‍ന്ന ഗോരക്ഷക്  പ്രവര്‍ത്തകന് വെടിയേറ്റു; ആദ്യ സംഭവം 

ഗുരുഗ്രാം-പശു കടത്തലെന്ന് സംശയിച്ച് ട്രക്ക് പിന്തുടര്‍ന്ന ബജ്‌റംഗദള്‍ പ്രവര്‍ത്തകന് ട്രക്കിനുള്ളില്‍ നിന്നും വെടിയേറ്റു. ദല്‍ഹിക്ക് സമീപം ഗുരുഗ്രാമിലാണ് സംഭവം. വെടിയേറ്റ ആളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബജ്‌റംഗദളിന് കീഴിലുള്ള ഗോരക്ഷക് പ്രവത്തകനാണ് വെടിയേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് പശുക്കളെ കടത്തുകയാണെന്ന് സംശയിച്ച് ഗോരക്ഷകര്‍ ട്രക്കിനെ പിന്തുടര്‍ന്നത്. 20 മിനിറ്റോളം ഇരു വാഹനങ്ങളും റോഡില്‍ അമിത വേഗത്തില്‍ പാഞ്ഞു. തങ്ങളെ ആരോ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ പശുക്കടത്തുകാര്‍ പശുക്കളെ വഴിയില്‍ ഇറക്കിയ ശേഷം വാഹനം വേഗത്തില്‍ ഓടിച്ചു പോകാന്‍ ശ്രമം നടത്തി. ശ്രമം പരാജയപ്പെട്ടതോടെ പിന്തുടര്‍ന്നെത്തിയ ഗോരക്ഷകര്‍ക്ക് നേരെ ട്രക്കിലുള്ളവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗോരക്ഷക് സംനാതന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ മോഹിതിനാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് നിന്നും 60 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ മോവാഡില്‍ നിന്നും പശുക്കളെ കടത്തിയെന്ന് സംശയിക്കുന്ന ട്രക്ക് കണ്ടെത്തിയിട്ടുണ്ട്. പശുക്കടത്തുകാര്‍ രക്ഷപെട്ടേക്കുമെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ ആദ്യം പോലീസില്‍ അറിയിക്കുകയും പിന്നീട് പിന്തുടരുകയും ചെയ്യുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന 5 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പശുക്കടത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും ആള്‍ക്കൂട്ട കൊലപാതകങ്ങളും സമീപകാലത്ത് വ്യാപകമായിരുന്നു. പശുക്കടത്തിന്റെ പേരില്‍ ഈ വര്‍ഷം ഇതുവരെ 5 പേര്‍ കൊല്ലപ്പെടുകയും 36ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഗോരക്ഷകര്‍ക്ക് നേരെ പശുക്കടത്ത് ആരോപിക്കുന്നവര്‍ വെടിയുതിര്‍ക്കുന്നത് ആദ്യത്തെ സംഭവമാണ്.

Latest News