Sorry, you need to enable JavaScript to visit this website.

കൊഴിഞ്ഞുവീണു, ഇശലുകളുടെ ഇതൾ

കുഞ്ഞിമൂസ
ശരച്ചന്ദ്രൻ (ആകാശവാണി), വി.ടി. മുരളി എന്നിവരോടൊപ്പം കുഞ്ഞിമൂസ
കുഞ്ഞിമൂസ
കുഞ്ഞിമൂസ മകൻ താജുദ്ദീൻ വടകരയോടൊപ്പം

ഗാനരചയിതാവ്, ഗായകൻ, വരികൾക്ക് ഈണം പകരുന്നയാൾ എന്നിങ്ങനെ സംഗീത ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്നു ഇക്കഴിഞ്ഞ ചൊവ്വാഴ്ച അന്തരിച്ച എം. കുഞ്ഞിമൂസ, വടകര. സംഗീത സിദ്ധിദൈവികമാണ് എന്ന് വിശ്വസിക്കാമെങ്കിൽ തീർച്ചയായും അദ്ദേഹം ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞു കിട്ടിയ ഒരാളായിരുന്നു. അദ്ദേഹം എഴുതിയ വരികളുടേയും പാടിയ പാട്ടുകളുടേയും സംഗീതം പകർന്ന രചനകളുടേയും മിഴിവും മികവും തന്നെയാണ് അതിന് ഉദാഹരണങ്ങൾ. അവയിൽ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളുമുണ്ട്. അവ ഒന്നും രണ്ടുമല്ല, നൂറു ക്കണക്കിനാണ്. അടിമുടി സംഗീതസാന്ദ്രമായ അവയിൽ മിക്കതും ആസ്വാദകലോകം ഹൃദയത്തിലേറ്റുവാങ്ങി ഹിറ്റുകളും സൂപ്പർഹിറ്റുകളും മെഗാഹിറ്റുകളുമാക്കി കൊണ്ടാടിയിരുന്നു.
ഇന്നലെ രാവിലെൻ മാറത്തുറങ്ങിയ
പൊൻമണിപ്പൂങ്കുയിലെവിടെ-എന്ന എം. കുഞ്ഞിമൂസ പാടിയ ഏറ്റവും പ്രശസ്തമായ ലളിതഗാനങ്ങളിലൊന്ന് കോഴിക്കോട് ആകാശവാണി നിലയം വർഷങ്ങളോളം സ്ഥിരമായി പ്രക്ഷേപണം ചെയ്തിരുന്നു. കതിർകത്തും റസൂലിന്റെ, യാ ഇലാഹി, ഖോജ രാജാവേ, ദറജപ്പൂ മോളല്ലേ, ഏതാണീ ഷൗക്കത്തീ, മധുവർണപ്പൂവല്ലേ തുടങ്ങിയ മാപ്പിളപ്പാട്ടുകൾ അദ്ദേഹം പാടി പ്രസിദ്ധങ്ങളാക്കിയവയിൽ ചിലതാണ്. മകൻ മാപ്പിളപ്പാട്ടു ഗായകൻ കൂടിയായ താജുദ്ദീൻ വടകര, ലോകമെമ്പാടുമുള്ള മലയാളികളുടെ മനസിലേക്ക് ഇടിച്ചിറങ്ങിയ സുപ്രസിദ്ധ ഗാനം (നെഞ്ചിനുള്ളിൽ നീയാണ്/കണ്ണിൻമുന്നിൽ നീയാണ്/ കണ്ണടച്ചാൽ നീയാണ് ഫാത്തിമാ) ചിട്ടപ്പെടുത്തിയതിന്റെ പിന്നിലും അദ്ദേഹത്തിന്റെ മാന്ത്രികവിരലുകളുടെ സാന്നിധ്യമുണ്ട്. മോയിൻകുട്ടി വൈദ്യരുടെ ബദർപാട്ട്, ബദറുൽ മുനീർ ഹുസുനുൽ ജമാൽ എന്നിവയെ മാപ്പിളപ്പാട്ടിന്റെ പാരമ്പര്യ വഴികളിൽ നിന്ന് സ്വതന്ത്രമാക്കി, വേറിട്ട രീതിയിൽ സ്വയം സംഗീതം നൽകി അവതരിപ്പിച്ച് വിജയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. 
1929-ൽ തലശ്ശേരിയിലെ മൂലക്കൽ തറവാട്ടിലായിരുന്നു കുഞ്ഞിമൂസയുടെ ജനനം. പിതാവ് അബ്ദുല്ല എന്ന ഗാന്ധി അബ്ദുല്ല. മാതാവ് കുഞ്ഞിമറി യം. കുടുംബത്തിലാർക്കും തന്നെ പറയത്തക്ക സംഗീത പാരമ്പര്യമൊന്നും ഉ ണ്ടായിരുന്നില്ല. കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെ വറുതിയിൽ പൊറുതിമുട്ടിയിരുന്ന വീട്ടിൽ പട്ടിണി സമൃദ്ധം! പക്ഷെ, എങ്ങനെയെന്നറിയില്ല, കുട്ടിയായി രിക്കുമ്പോഴേ കുഞ്ഞിമൂസയുടെ മനസിൽ സംഗീതം വല്ലാത്ത കമ്പമായി കയറിക്കൂടി. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സംഗീത പരിപാടികൾ എവിടെയുണ്ടോ അവിടെയെല്ലാം അദ്ദേഹമെത്തും. പാട്ടുകളെല്ലാം ശ്രദ്ധിച്ച് കേൾക്കും. അവ ഹൃദിസ്ഥമാക്കാൻ ശ്രമിക്കും. എന്നിട്ട് സ്വയം പാടി നോക്കും. ശരിയല്ലെന്ന് തോന്നിയാൽ  തിരുത്തും. പിന്നെയും പാടും. അങ്ങനെ സ്വന്തം ശിക്ഷണ ത്തിൽ തന്നെയാണ് അദ്ദേഹം പാടിത്തുടങ്ങിയത് എന്നു പറയാം.


 അപ്പോഴേക്കും വീട്ടിലെ ദാരിദ്ര്യവും പട്ടിണിയും കൂടി വന്നു. വീട്ടിൽ നിത്യച്ചെലവിനുള്ളത് കണ്ടെത്തേണ്ടത് അത്യാവശ്യമാണ് എന്നു വന്നപ്പോൾ ഏഴാം ക്ലാസിൽ അദ്ദേഹം പഠനം നിർത്തി. നേരെ തലശ്ശേരി അങ്ങാടിയിൽ ചെന്ന്, ചുമടെടുക്കാൻ തുടങ്ങി. അതോടെ കുടുംബത്തിലെ ദാരിദ്ര്യത്തിന് നേർത്തൊരു ശമനമുണ്ടായി. പക്ഷെ, ചുമടെടുപ്പ് അദ്ദേഹത്തിന്റെ സംഗീത ഭ്രമത്തിന് വലിയ വിഘാതം സൃഷ്ടിച്ചു. പാട്ടിൽ ശ്രദ്ധിക്കാൻ നേരമില്ലാതായി. പക്ഷെ, ആ പണി ഒഴിവാക്കാനും പറ്റുമായിരുന്നില്ല. അതിനൊരു പരിഹാരം അദ്ദേഹം തന്നെ കണ്ടു. പകലന്തിയോളം ചുമടെടുപ്പ്. രാത്രി സംഗീത പഠനം. തലശ്ശേരി മ്യൂസിക് ക്ലബ്ബിൽ അംഗമാകുന്നത് അങ്ങനെയാണ്. തലശ്ശേരി മാളിയേക്കൽ കുടുംബാംഗവും സംഗീത പ്രിയനുമായ ടി.സി. ഉമ്മറിനെ പോലുള്ളവരുടെ ശിക്ഷണം ഇക്കാലത്താണ് അദ്ദേഹത്തിന് കിട്ടുന്നത്. പ്രസിദ്ധ ഗാനരചയിതാവായ ഒ.വി.അബ്ദുല്ലയുടേയും മറ്റും ഗാനങ്ങൾ പലതും സ്വയം ട്യൂൺ ചെയ്ത് പാടാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.
1957-ൽ കുഞ്ഞിമൂസ കൂടി മുൻകൈയെടുത്തുകൊണ്ടാണ് തലശ്ശേരിയിൽ ജനത സംഗീത സഭ എന്നൊരു സംഗീത ക്ലബ്ബ് രൂപീകരിക്കുന്നത്. പിൽക്കാലത്ത് മലയാള സിനിമയിൽ സംഗീത സംവിധായകനായി വെന്നിക്കൊടി പാറിച്ച എ.ടി.ഉമ്മർ, ക്ലബ്ബിന്റെ വൈസ് പ്രസിഡണ്ട് ആയിരുന്നു. അവരുടെയെല്ലാം സഹവാസവും ശിക്ഷണവും കുഞ്ഞിമൂസ എന്ന പാട്ടെഴുത്തുകാരനെ, ഗായകനെ, സംഗീത സംവിധായകനെ ആഴത്തിലും പരപ്പിലും സ്വാധീനിക്കുന്നുണ്ട്. ഈ ആളുകളുടെയെല്ലാം പ്രേരണയും പ്രോത്സാഹനവും പിന്നെ സാക്ഷാൽ പടച്ചതമ്പുരാന്റെ കൃപയുമാണ് തന്നെ ഒരു പാട്ടുകാരനാക്കിയത് എ ന്നദ്ദേഹം പലപ്പോഴും എളിമയോടെ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ആയിടയ്ക്കാണ് ഒരിക്കൽ അദ്ദേഹം തലശ്ശേരിയിലെ വാധ്യാർപീടികയിൽ പൂളപ്പൊടിയുടെ ചുമടെടുക്കാൻ എത്തിയത്. പണിക്കിടയിലാണ് അവിടെ ബസ് കാത്തു നിൽക്കുകയായിരുന്ന വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച കറുത്ത ഒരാളെ ശ്രദ്ധയിൽ പെട്ടത്. ആളെ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷെ, പിടികിട്ടിയില്ല. അത് പ്രസിദ്ധ സംഗീത സംവിധായകനായ കെ. രാഘവൻ മാസ്റ്ററാണെന്ന് കൂടെയുള്ള സുഹൃത്താണ് പറഞ്ഞത്. ആ നിമിഷം തോന്നിയ ഒരു ധൈര്യത്തിന് കുഞ്ഞിമൂസ രാഘവൻ മാസ്റ്ററുടെ അടുത്തേക്ക് നടന്നു. വെളുത്ത പൂളപ്പൊടി ദേഹമാസകലം വീണ് പരിചയക്കാർക്കു പോലും തിരിച്ചറിയാനാവാത്ത പരുവത്തിലായിരുന്നു അപ്പോഴദ്ദേഹം. മാഷുടെ മുന്നി ലെത്തി സ്വയം പരിചയപ്പെടുത്തി. അൽപം പാടുന്ന കൂട്ടത്തിലാണ് എന്നും പറഞ്ഞു. ഒരു മുഷിവോ മുഖം ചുളിപ്പോ ഒന്നുമില്ലാതെ അദ്ദേഹം അതൊക്കെ കേട്ടു നിന്നു. പിരിയാൻ നേരം കൈപിടിച്ചു കുലുക്കി പരിചയപ്പെട്ടതിൽ സന്തോഷം എന്നദ്ദേഹം പറഞ്ഞു. തിരിഞ്ഞു നടക്കുമ്പോൾ അദ്ദേഹം വിളിച്ചു-പാടുന്ന ആളാണ് എന്നല്ലേ പറഞ്ഞത്, ഒരു കാര്യം ചെയ്യൂ, കോഴിക്കോട് ആകാശവാണിയിൽ ഓഡിഷന് ഒന്ന് അപേക്ഷിക്കൂ.
ആ വാക്കുകളാണ് കുഞ്ഞിമൂസയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായത്. അദ്ദേഹം ആകാശവാണിയിൽ ഓഡിഷന് അപേക്ഷ നൽകി. 1967-ൽ ആകാശവാണി ആർട്ടിസ്റ്റായി അദ്ദേഹം കോഴിക്കോട് നിലയത്തിലെത്തി. അവിടെയപ്പോൾ സംഗീതവും സാഹിത്യവും നാടകവും ചേർന്ന് ഒരുകൂട്ടം കലാകാരൻമാർ അരങ്ങ് തകർക്കുകയായിരുന്നു. കൂട്ടത്തിൽ കെ. രാഘവൻ മാസ്റ്ററുണ്ട്. പിന്നെ കവി അക്കിത്തം, എൻ.എൻ.കക്കാട്, തിക്കോടിയൻ, ശ്രീധരനുണ്ണി, കെ.പി.ഉദയഭാനു, പി.ഭാസ്‌കരൻ മാസ്റ്റർ, കെ.എ.കൊടുങ്ങല്ലൂർ, ഉറൂബ്, ചിദംബരം അങ്ങനെ പലരും. ആ കൂട്ടത്തിലാണ് കുഞ്ഞിമൂസ ചെന്നുപെട്ടത്. അദ്ദേഹത്തിലെ സംഗീതജ്ഞൻ ശരിക്കും ഉണരുന്നതും പരുവപ്പെടുന്നതും പ്രസിദ്ധിയിലേക്ക് കുതിച്ചുയരുന്നതും അതോടെയാണ്.
കെ. രാഘവൻ മാഷുടെ ശിക്ഷണത്തിൽ അക്കിത്തത്തിന്റെ ഒരു ഗാനം ആലപിക്കാനായിരുന്നു കുഞ്ഞിമൂസയ്ക്ക് ആദ്യം കിട്ടിയ നിർദ്ദേശം. പക്ഷെ, മാഷ്‌ക്ക് പെട്ടെന്ന് ദൽഹിയിൽ പോകേണ്ടി വന്നതു കൊണ്ട് ആ നിയോഗമു ണ്ടായത് ചിദംബരത്തിനായിരുന്നു(പിൽക്കാലത്ത് പി.ചിദംബരനാഥ് എന്ന പേരിൽ മലയാള ചലച്ചിത്ര സംഗീത സംവിധാന രംഗത്ത് തിളങ്ങിയ ആൾ തന്നെ!) മഞ്ഞവെയിലിൽ മയിലാട്ടം കണ്ടു/മന്ദാരപ്പൂവുകൾ മന്ദഹസിച്ചു എന്ന അക്കിത്തത്തിന്റെ ഗാനം അങ്ങനെ അദ്ദേഹം ചിട്ടപ്പെടുത്തുകയും കുഞ്ഞിമൂസ ആദ്യമായി ആകാശവാണിയിൽ പാടുകയും ചെയ്തു. പാട്ട് ഹിറ്റായി. അതോടെ തുടരെ അദ്ദേഹത്തിന് പാട്ടുകൾ കിട്ടി. കൂട്ടത്തിൽ പാട്ടെഴുതാനുള്ള അവസരങ്ങളുമുണ്ടായി. പിന്നെ വരികൾക്ക് ഈണം പകരാനും ആരംഭിച്ചു. ഏൽപ്പിച്ച ജോലികൾ ആത്മാർഥവും കഠിനവുമായ പരിശ്രമങ്ങളിലൂടെ വിജ യിപ്പിക്കണമെന്ന മനോഭാവവും സ്വതഃസിദ്ധമായ സംഗീത വാസനയും അദ്ദേഹം തൊടുന്നതൊക്കെ പൊന്നായി തീരുന്ന സിദ്ധിവൈഭവമായി മാറി.
1970-80 കാലത്ത് ബ്രഹ്മാനന്ദൻ, പി.ലീല, മച്ചാട്ട് വാസന്തി, ഉദയഭാനു എന്നിവർക്കൊപ്പം ആകാശവാണിയിൽ കുഞ്ഞിമൂസ സ്ഥിരം ഗായകനായിരുന്നു. പാടുന്നതോടൊപ്പം തന്നെ പാട്ടുകൾക്ക് സംഗീതം നൽകുന്നതിലും അദ്ദേഹം താൽപര്യം കാണിച്ചു. അക്കിത്തം, ജി.ശങ്കരക്കുറുപ്പ്, പൂവച്ചൽ ഖാദർ, ശ്രീധരനുണ്ണി, തിക്കോടിയൻ തുടങ്ങിയവരുടെ ഗാനങ്ങൾ പാടുകയും അവയ്ക്ക് പലതിനും സംഗീതം നൽകുകയും ചെയ്തു. ആകാശവാണിയിൽ ഉണ്ടാ യിരുന്നപ്പോഴും അതിന് ശേഷവും അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകൾ പാടി പ്രശസ്തിയിലേക്കുയർന്ന ഗായകർ നിരവധിയാണ്. യേശുദാസ്, മാർക്കോസ്, കണ്ണൂർ ശരീഫ്, അഫ്‌സൽ, രഹന, എം.എ.ഗഫൂർ, എസ്.എം.കോയ, സിബില, സിന്ധു പ്രേംകുമാർ, മച്ചാട്ട് വാസന്തി തുടങ്ങി അതൊരു വലിയ നിരയാണ്. 
പിൽക്കാലത്ത് മലയാള സിനിമയിൽ സംഗീത സംവിധായകനായി പേരെടുത്ത കണ്ണൂർ രാജൻ, കുഞ്ഞിമൂസയുടെ ഒരു ഗാനം അദ്ദേഹത്തിന്റെ ത ന്നെ ശിക്ഷണത്തിൽ പാടി പ്രസിദ്ധമാക്കിയിട്ടുണ്ട് എന്ന്, ഇന്ന് പലർക്കും അറിയില്ല. കുഞ്ഞിമൂസ തന്നെ പല വേദികളിലും അവതരിപ്പിച്ച ആ ഗാനം അതിന്റെ വശ്യതയിൽ മനം മയങ്ങി കണ്ണൂർ രാജൻ ചോദിച്ചു വാങ്ങുകയായിരുന്നു. മധുരപ്പതിനേഴുകാരി/മദനക്കിനാവുകാരി/മധുമാസ പുഷ്പവസന്തം/മ ധുരോത്സവമായിതാ വന്നേ എന്ന പാട്ടാണത്. 


    മൂന്നര പതിറ്റാണ്ടു കാലമാണ് കുഞ്ഞിമൂസ ആകാശവാണിയിൽ ഉണ്ടായിരുന്നത്. അവിടെ വിട്ടപ്പോൾ വീണ്ടും ഗായകനും പാട്ടെഴുത്തുകാരനും സം ഗീത സംവിധായകനുമായി ട്രൂപ്പുകൾക്കൊപ്പം നാടും നഗരവും ചുറ്റി. 70-കൾ മുതൽക്കു തന്നെ മാപ്പിളപ്പാട്ടിൽ സജീവമായിരുന്ന കുഞ്ഞിമൂസ ഇക്കാലത്ത് അതിലേക്ക് തന്റെ ശ്രദ്ധ കൂടുതലായി പതിപ്പിച്ചു. 
അതോടെ മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ അദ്ദേഹത്തിന് പേരും പെരുമയും കൈവന്നു. അക്ഷരാർഥത്തിൽ അദ്ദേഹം മാപ്പിളപ്പാട്ടിലെ മാന്ത്രിക മണിനാദമായി മാറി. അതേ സമയം അദ്ദേഹത്തിലെ സംഗീതകാരന്റെ ആത്മാർഥതയെ പലരും ചൂഷണം ചെയ്യാനും തുടങ്ങി. പാടാനും പാട്ടെഴുതാനും പാട്ടുകൾക്ക് സംഗീത സംവി ധാനം നിർവഹിക്കാനും വിളിച്ചു കൊണ്ടുപോയവരിൽ പലരും പ്രതിഫലം നൽകാതെ അദ്ദേഹത്തെ പറ്റിച്ചു. 
പാട്ടിന് പണം ചോദിച്ചു വാങ്ങാൻ അദ്ദേഹവും മടിച്ചു. ചുരുക്കത്തിൽ ധാരാളം പരിപാടികൾ കിട്ടി. പക്ഷെ, സാമ്പത്തിക മായി മെച്ചമൊന്നും ഉണ്ടായില്ല. പാട്ടു കൊണ്ട് മാത്രം ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ നേരെ ഗൾഫിലേക്ക് വിമാനം കയറി. അങ്ങനെ ബഹ്‌റൈനിലെ കേരള സമാജത്തിൽ സെക്യൂരിറ്റി പണിയുമായി 10 വർഷക്കാലം. മലയാളത്തിലെ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിൽ മായ്ക്കാനാകാത്ത മാസ്മരികതയാണ്, ഗായകനും പാട്ടെഴുത്തുകാരനും സംഗീത സംവിധായകനുമായ കുഞ്ഞിമൂസ. പാട്ടിനായി ജീവിതം ഉഴിഞ്ഞു വെക്കുകയും ജീവിക്കാനായി പാടുകയും ചെയ്ത മനുഷ്യൻ. കലയെ ആത്മാവിലാവാഹിച്ച ഈ കലാകാരനെ പക്ഷെ, മലയാളികൾ വേണ്ടവിധം തിരിച്ചറിഞ്ഞോ എന്ന കാര്യത്തിലെ സംശയമുള്ളൂ. പാട്ടിന്റെ പാൽക്കടൽ തീർത്ത് മലയാളിയുടെ മനം മയക്കിയ ഈ പാട്ടുകാരനെ 2000-ൽ മാത്രമാണ് കേരള സംഗീത നാടക അക്കാദമി ഒരു പുരസ്‌കാരം നൽകി ആദരിക്കുന്നത്. അത് കൂടാതെ പി.ടി.അബ്ദുറഹിമാൻ പുരസ്‌കാരം, മാപ്പിളപ്പാട്ട് ഫോക്‌ലോർ അവാർഡ്, എസ്.എം.കോയ പുരസ്‌കാരം, ഗൾഫ് മാപ്പിളപ്പാട്ട് അവാർഡ് എന്നിവയും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. 
പേരിനു മാത്രം നൽകപ്പെട്ട ഈ പുരസ്‌കാരങ്ങൾ മാത്രം മതിയോ ആ വലിയ കലാകാരന് അംഗീകാരമായി? സത്യത്തിൽ ഇതിനുമപ്പുറം ഒരുപാടൊരുപാട് അംഗീകാരങ്ങൾ കൂടി കിട്ടാൻ അർഹനായിരുന്നു ഈ കലാകാരൻ. 90-ാം വയസിൽ അന്തരിച്ച് ഇക്കഴിഞ്ഞ 18-ാം തിയ്യതി വടകരയിലെ വലിയ ജ മാഅത്ത് പള്ളിയിൽ ഖബറടക്കപ്പെടുമ്പോൾ പക്ഷെ, ആ ആത്മാവ് അതിലൊ ന്നും വേവലാതിപ്പെട്ടിരിക്കാൻ ഇടയില്ല. കാരണം അംഗീകാരങ്ങൾക്ക് വേണ്ടിയായിരുന്നില്ല, ഇക്കാലമത്രയും അദ്ദേഹം ജീവിച്ചതും പാടിയതും. പാട്ടുകാര നായി തുടങ്ങിയപ്പൊഴും പിന്നെ വളർന്നപ്പൊഴും പടർന്നു പന്തലിച്ചപ്പൊഴും പാടുക എന്നതിനപ്പുറം മറ്റൊന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. പക്ഷെ, പാട്ടിന്റെ ലോകത്ത് തനിക്കൊരു പിൻഗാമി ഉണ്ടാവണം എന്നദ്ദേഹം അതിയായി ആശിച്ചിരുന്നു. അത് സഫലമായി. മാപ്പിളപ്പാട്ടിൽ പുതിയൊരു താരോദയമായി ഇന്ന് അദ്ദേഹത്തിന്റെ മകനുണ്ട് -താജുദ്ദീൻ വടകര. കുഞ്ഞിമൂസയ്ക്ക് ന ൽകാത്തതൊക്കെ മലയാളി ആ മകന് നൽകി അദ്ദേഹത്തെ ആദരിക്കുമായിരിക്കും!

 

 

 

 

Latest News