Sorry, you need to enable JavaScript to visit this website.

ശിവകുമാറിന്റെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടി; വീണ്ടും ചോദ്യം ചെയ്യും

ന്യൂദല്‍ഹി- എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തുവരുന്ന കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ കസ്റ്റഡി ദല്‍ഹി കോടതി അഞ്ച് ദിവസത്തേക്കു കൂടി നീട്ടി. പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് കാണിച്ച് അഞ്ച് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
ഒമ്പത് ദിവസം നീണ്ട ചോദ്യം ചെയ്യലിനുശേഷം ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കി. ചോദ്യം ചെയ്യലില്‍ പരസ്പര ബന്ധമില്ലാത്ത മറുപടികളാണ് 57 കാരനായ ശിവകുമാര്‍ നല്‍കുന്നതെന്ന് അന്വേഷണ ഏജന്‍സി കോടതില്‍ ബോധിപ്പിച്ചു. കഴിഞ്ഞ നാലിനാണ് ശിവകുമാറിനെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.
ശിവകുമാറിന്റെ പേരിലുള്ള സ്വത്തുക്കളില്‍ പലതു ബിനാമിയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. 200 കോടിയിലേറെ രൂപ വെളുപ്പിച്ചുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞതെങ്കിലും അദ്ദേഹത്തിന്റെതായുള്ള  800 കോടി രൂപയുടെ സ്വത്തുക്കള്‍ ബിനാമിയാണെന്നും എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് പറഞ്ഞു.
കേസില്‍ ഇതുവരെ ശേഖരിച്ച  രേഖകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. അറിയാവുന്ന കാര്യങ്ങളെല്ലാം ശിവകുമാര്‍ മറച്ചുവെക്കുകയാണ്- നട്‌രാജ് പറഞ്ഞു.
അടുത്ത അഞ്ച് ദിവസത്തിനുള്ളിലും അദ്ദേഹം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കില്ലെന്ന് ഉറപ്പാണെന്നും പിന്നെ എന്തിനാണ്  കസ്റ്റഡി നീട്ടുന്നതെന്നും ഈ സന്ദര്‍ഭത്തില്‍ കോടതി ചോദിച്ചു. മറ്റ് ചില പ്രതികളുടെ മൊഴികളുണ്ടെന്നും ഇവ മുന്നില്‍വെച്ച് ശിവകുമാറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എ.എസ്.ജി മറുപടി നല്‍കി.
കോണ്‍ഗ്രസ് നേതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും  ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്ന അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ശിവകുമാറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എ.എം. സിംഗ്‌വി ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ മൂന്നു മുതല്‍ ശിവകുമാര്‍ കസ്റ്റഡിയിലാണെന്നും  പത്ത് ദിവസം പിന്നിട്ടുവെന്നും  വൈദ്യസഹായം നല്‍കണമെന്നും അഭിഭാഷകന്‍ പറഞ്ഞു.
15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാമെങ്കിലും അങ്ങനെ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഇ.ഡിയുടെ കൂടുതല്‍ കസ്റ്റഡി അപേക്ഷയെ എതിര്‍ത്തുകൊണ്ട് അദ്ദേഹം  വാദിച്ചു.
ശിവകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇതുവരെ ഇ.ഡി മറുപടി നല്‍കിയിട്ടില്ലെന്നം സിംഗ്‌വി  കോടതിയെ അറിയിച്ചു.
അതിനിടെ, ശിവകുമാറിന്റെ 22 കാരിയായ മകള്‍ ഐശ്വര്യയെയും ഇ.ഡി ചോദ്യം ചെയ്തു. മാനേജ്‌മെന്റ് ബിരുദധാരിയായ ഐശ്വര്യയെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി പി.എം.എല്‍.എ പ്രകാരം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2017 ല്‍ സിംഗപ്പൂരിലേക്കുള്ള ഒരു യാത്രയുമായി ബന്ധപ്പെട്ട് ശിവകുമാര്‍ നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ടാണ് ഐശ്വര്യയെ ചോദ്യം ചെയ്തത്.  ശിവകുമാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ ട്രസ്റ്റിലെ ട്രസ്റ്റിയാണ് ഐശ്വര്യ.
കോടിക്കണക്കിന് രൂപയുടെ ആസ്തിയും ബിസിനസുമുള്ള ട്രസ്റ്റ് നിരവധി എഞ്ചിനീയറിംഗ് സ്ഥാപനങ്ങളും മറ്റു കോളേജുകളും നടത്തുന്നുണ്ടെന്നും ഐശ്വര്യയാണ് ഇവയുടെ പിന്നിലെ പ്രധാന വ്യക്തിയെന്നും ഇ.ഡി അധികൃതര്‍ ആരോപിച്ചിരുന്നു.
മുന്‍ കാബിനറ്റ് മന്ത്രിയും കനകപുര സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എം.എല്‍.എയുമായ ശിവകുമാറിനെ നാലാം തവണ ചോദ്യം ചെയ്യിലിനായി വിളിച്ചുവരുത്തിയാണ് ഈ മാസം മൂന്നിന് അറസ്റ്റ് ചെയ്തിരുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ അനുസരിച്ച് അറസ്റ്റ് ചെയ്തത്.
ശിവകുമാര്‍, ന്യൂദല്‍ഹിയിലെ കര്‍ണാടക ഭവനിലെ ജോലിക്കാരനായ ഹനുമ ന്തയ്യ എന്നിവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇ.ഡി  കേസ് രജിസ്റ്റര്‍ ചെയ്ത്. തനിക്കെതിരായ സമന്‍സുകള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് മുമ്പാകെ ഹാജരാകേണ്ടി വന്നത്.
നികുതി വെട്ടിപ്പ്, കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആദായനികുതി വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തത്.

 

Latest News