Sorry, you need to enable JavaScript to visit this website.

അമേരിക്കയിലെ ചലനങ്ങൾ ഇന്ത്യൻ വിപണിക്ക് പുതുജീവൻ നൽകാം

കരടിവലയത്തിൽ അകപ്പെട്ട ഇന്ത്യൻ ഓഹരി വിപണിയിൽ ബാധ്യതകൾ പണമാക്കാൻ ആഭ്യന്തര വിദേശ ഫണ്ടുകളും പ്രദേശിക നിക്ഷേപകരും കഴിഞ്ഞവാരം ഉത്സാഹിച്ചു. ബോംബെ സൂചിക 777 പോയന്റും നിഫ്റ്റി 258 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. 
കോർപറേറ്റ് മേഖല ഈവാരം ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തുവിടും. മികച്ച റിപ്പോർട്ടുകൾ വിപണിക്ക് തിളക്കം സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് ഓപറേറ്റർമാർ. അമേരിക്കൻ ഓഹരി വിപണിയിലെ റെക്കോർഡ് പ്രകടനങ്ങൾ ഈവാരം ഇന്ത്യൻ മാർക്കറ്റിന് പുതുജീവൻ പകരാം. ഇതിനിടയിൽ രാജ്യത്ത് മൺസൂൺ സജീവമാകുന്നതും മുന്നേറ്റ സാധ്യതകൾക്ക് ശക്തി പകരും.  
ബോംബെ സെൻസെക്‌സ് 39,476 പോയന്റിൽ ഓപൺ ചെയ്‌തെങ്കിലും മുൻ നിര ബാങ്കിങ് ഓഹരികളിൽ അലയടിച്ച വിൽപന തരംഗത്തിൽ സൂചിക ഒരു വേള 38,463 വരെ തിരുത്തൽ കാഴ്ചവെച്ച ശേഷം വ്യാപാരാന്ത്യം 38,736 ലാണ്. ഈവാരം 39,320 ലെ തടസ്സം മറികടന്നില്ലെങ്കിൽ 38,307 ലെ സപ്പോർട്ടിൽ വിപണി കരുത്ത് പരീക്ഷിക്കാം. ആദ്യ പ്രതിരോധം മറികടന്നാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ സെൻസെക്‌സ് 39,904 ലേക്ക് ഉയരാം. സെക്കൻഡ് സപ്പോർട്ട് 37,878 പോയന്റിലാണ്. വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ സ്‌റ്റോക്കാസ്റ്റിക്ക് ആർ എസ് ഐ, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക്, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക് എന്നിവ ഓവർ സോൾഡായതിനാൽ തിരിച്ചുവരവിന് അവസരം ഒരുക്കാം. 
നിഫ്റ്റി 11,700 റേഞ്ചിൽ നിന്നുള്ള തകർച്ചയിൽ 11,473 വരെ നീങ്ങിയ ശേഷം നിഫ്റ്റി വാരാന്ത്യം 11,552 പോയന്റിലാണ്. 11,500 ലെ നിർണായക താങ്ങ് നിലനിർത്തുന്നതിൽ ഇന്ന് വിപണി വിജയം കൈവരിച്ചാൽ ശക്തമായ ഒരു റാലിക്ക് നിക്ഷേപകർ സാക്ഷ്യം വഹിക്കും. ഡെയ്‌ലി ചാർട്ട് വിലയിരുത്തിയാൽ ഈവാരം ആദ്യ താങ്ങ് 11.426 ലാണ്. ഈ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 11,300 ലേക്ക് സൂചിക തിരിയാമെങ്കിലും അനുകൂല വാർത്തകൾക്ക് നിഫ്റ്റിയെ 11,724-11,898 ലേയ്ക്ക് ഉയർത്താനാവും. നിഫ്റ്റി സൂചിക അതിന്റെ 20, 50 ദിവസങ്ങളിലെ ശരാശരിയേക്കാൾ താഴെയാണ്. 
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകും വിധം 11.99 ലേക്ക് താഴ്ന്നു. മെയ് മധ്യത്തിൽ ഓഹരി സൂചിക റെക്കോർഡിലേക്ക് ഉയർന്നപ്പോൾ അപായ സൂചന നൽകി 28.60 ലേക്ക് ഉയർന്നിരുന്നു. 
മൊത്ത വില അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2019 മേയിൽ 22 മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 2.45 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 3.07 ശതമാനവും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.78 ശതമാനവുമായിരുന്നു.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 68.44 ൽ നിന്ന് ശക്തിപ്രാപിച്ച് 68.24 വരെ നീങ്ങിയ ശേഷം വാരാന്ത്യം 68.55 ലാണ്. നടപ്പ് വർഷം ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 1.9 ശതമാനം ഉയർന്നു.
യു എസ് ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന നിഗമനത്തിലാണ് കറൻസി മാർക്കറ്റ്. ഇതിനിടയിൽ നേരത്തെ കണക്ക് കൂട്ടിയതിലും ഉയർന്ന തോതിലുള്ള പണപ്പെരുപ്പം ഡോളറിൽ സമ്മർദമുളവാക്കിയത് ഏഷ്യൻ കറൻസികൾക്ക് നേട്ടമായി. ക്രൂഡ് ഓയിൽ ബാരലിന് 62.99 ഡോളറിൽ നിന്ന് 67.51 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 66.84 ലാണ്. 2020 മാർച്ച് വരെയുള്ള കാലയളവിൽ ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ കുറവ് വരുത്തില്ലെന്ന ഒപ്പെക്ക് വിലയിരുത്തൽ നിരക്ക് ഉയർത്തി.
 

Latest News