Sorry, you need to enable JavaScript to visit this website.

 കണ്ണൂർ  കൈത്തറികൾ ആമസോണിലും


കണ്ണൂർ- തിറകളുടെയും തറികളുടെയും നാടായ കണ്ണൂരിലെ തനത് കൈത്തറി ഉൽപന്നങ്ങൾ ആഗോള ഓൺലൈൻ വിപണന സംവിധാനമായ ആമസോണിലും. കണ്ണൂരിൽ പ്രത്യേകം ഡിസൈൻ ചെയ്ത കളരിപ്പയറ്റ്, തെയ്യം ഷർട്ടുകളും മുണ്ടുകളുമാണ് ഈ ഓൺലൈൻ കേന്ദ്രത്തിൽ ലഭ്യമാവുന്നത്. വൻ പ്രതികരണമാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കായി ഡിസൈനർ സാരികൾ, ബാഗുകൾ ടവലുകൾ തുടങ്ങിയവയും താമസിയാതെ ഓൺലൈൻ വിപണിയിലെത്തും. ആമസോണിനു പുറമെ, ഫഌപ് കാർട്ട്, മിൻട്ര തുടങ്ങിയ കമ്പനികളും വിപണനത്തിനു സന്നദ്ധമായിട്ടുണ്ട്.  
കണ്ണൂരിലെ കൈത്തറി പെരുമയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കണ്ണൂരിന്റെ വസ്ത്രനിർമാണ പാരമ്പര്യം 1600 മുതൽ ആരംഭിച്ചിരുന്നു. നിലം കുഴിച്ചുണ്ടാക്കി നിർമിച്ച കുഴിത്തറികളിൽ നിന്നും മനോഹരമായ വസ്ത്രങ്ങൾ നെയ്‌തെടുത്ത പാരമ്പര്യത്തിന്റെ ഉടമകളാണ് ഇവിടുത്തെ നെയ്തുക്കാർ. പിന്നീട് ബാസൽ ഇവാഞ്ചലിക് മിഷന്റെ കടന്നു വരവോടെയാണ് പുതിയ രീതിയിലുള്ള മഗ്ഗങ്ങൾ വ്യാപകമാകുന്നത്. മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത രീതിയിലുള്ള ഡിസൈനുകൾ വരെ ഊടും പാവും നൽകി കണ്ണൂരിലെ നെയ്തുകാർ തുണിയിൽ വിരിയിച്ചിരുന്നു. യൂറോപ്പിലെയും പേർഷ്യയിലെയും വീടുകളെ അലങ്കരിച്ചിരുന്ന കർട്ടനുകളും ബെഡ് ഷീറ്റുകളും ടവലുകളും കണ്ണൂരിന്റെ പെരുമ കടൽ കടത്തിയിരുന്നു. 
പിന്നീട് ഈ കൈത്തറി പെരുമ നഷ്ടമായി. ഇത് തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് നൂതന ഉൽപന്നങ്ങളുടെ നിർമ്മാണവും മാർക്കറ്റിംഗ് സംവിധാനവും ഏർപ്പെടുത്താൻ തീരുമാനിച്ചത്. 
കണ്ണൂരിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ സഹകരണത്തോടെ കൈത്തറി തൊഴിലാളികൾക്കു പരിശീലനം നൽകുകയും പുതിയ ഡിസൈനനുകൾ തയ്യാറാക്കുകയും ഇവയ്ക്കുള്ള വിപണന സാധ്യതകൾ കണ്ടെത്തുകയുമായിരുന്നു. പൂർണമായും കൈത്തറിയിൽ നെയ്ത, 'കാൻലൂം ബ്രാൻഡ്' കോട്ടൺ, ലിനൻ ഷർട്ടുകളും മുണ്ടുകളുമാണ് വിപണനത്തിനായി തയ്യാറായാക്കിയത്. കണ്ണൂർ കൈത്തറി ഉൽപന്നങ്ങൾക്കു നേരത്തെ തന്നെ പേറ്റന്റ് നേടിയിരുന്നു. 
പൂർണമായും ലിനനിൽ നെയ്ത തെയ്യം ഷർട്ടുകൾ 2000 രൂപയ്ക്കും, കളരിപ്പയറ്റ് ഷർട്ടുകൾ 1500 രൂപയ്ക്കും സാധാരണ കോട്ടൺ ഷർട്ടുകൾ 1200 രൂപയ്ക്കുമാണ് ഓൺലൈനിൽ വിൽപന നടത്തുന്നത്. ആമസോൺ കമ്പനി അധികൃതരുമായി സംസാരിച്ച് ഇതിന്റെ വിലയിൽ 10 മുതൽ 15 ശതമാനം വരെ കുറവു വരുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. കൂത്തുപറമ്പ് വീവേഴ്‌സ് സൊസൈറ്റിക്കു കീഴിലുള്ള 80 കൈത്തറി തൊഴിലാളികളാണ് സ്ത്രീകൾക്കാവശ്യമായ ഡിസൈൻ സാരികളും ബാഗുകളും തയ്യാറാക്കുന്നത്. ഇവ ഉടൻ വിപണിയിലെത്തും. ഈ ഉൽപന്നങ്ങളുടെ പ്രത്യേകത ഓരോന്നിനും മൗലികത ഉണ്ടെന്നതാണ്. ഒരു ഡിസൈനിലുള്ള ഒരുൽപന്നം മാത്രമേ ഉണ്ടാവൂ. കൈത്തറി സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി ജില്ലാ ഭരണകൂടം സമഗ്ര പദ്ധതികളാണ് തയ്യാറാക്കി വരുന്നത്. ഇവരുടെ പിന്തുണയോടെയാണ് പുതിയ സാധ്യതകൾ തേടുന്നതും. 
കൈത്തറി മേഖലയിലേക്കു പുതു തലമുറയെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുകയും വരുമാനവും സമൂഹത്തിൽ അന്തസ്സും ലഭിക്കുന്ന ജോലിയായി ഇതിനെ ഉയർത്തുകയും ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു വരികയാണ്. ഇപ്പോൾ ഈ മേഖലയിൽ 40 വയസ്സിനു താഴെയുള്ളവർ 14 ശതമാനവും 50 വയസ്സിനു മുകളിലുള്ളവർ 66 ശതമാനവുമാണ്. ഒരു വ്യവസായ ശാലകളിൽ ലഭിക്കുന്ന അന്തരീക്ഷവും വേതനവും ലഭിച്ചാൽ കൂടുതൽ പേർ ഈ മേഖലയിലേക്കു കടന്നു വരുമെന്നാണ് പ്രതീക്ഷ.

Latest News