Sorry, you need to enable JavaScript to visit this website.

പിന്‍ഗാമിയെ ഞാന്‍ നിശ്ചയിക്കില്ല, പാര്‍ട്ടി തീരുമാനിക്കട്ടെ -രാഹുല്‍

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങും എന്നുറപ്പിച്ചു പറഞ്ഞ് രാഹുല്‍ ഗാന്ധി. പിന്‍ഗാമിയെ ഞാന്‍ നിശ്ചയിക്കില്ല, പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും രാഹുല്‍ വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ആദ്യം പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിച്ചത്. എന്നാല്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഐകകണ്‌ഠേന ഇതിനെ എതിര്‍ത്തെങ്കിലും രാഹുല്‍ തന്റെ തീരുമാനത്തില്‍നിന്ന് വ്യതിചലിക്കാതെ ഉറച്ചു നില്‍ക്കുകയായിരുന്നു. അതിനിടെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവാകണം എന്ന ആവശ്യവും രാഹുല്‍ തള്ളിയതോടെ ബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ ആ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പേര് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു എന്ന വാര്‍ത്ത ചൂണ്ടിക്കാട്ടിയപ്പോഴാണ് അങ്ങനെ നിയമിക്കാന്‍ ഞാനാരാണെന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ആരായിരിക്കണം പാര്‍ട്ടി പ്രസിഡന്റ് എന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നത് പാര്‍ട്ടിയാണ്, ഞാനല്ലെന്നായിരുന്നു തുടര്‍ന്നുള്ള രാഹുലിന്റെ മറുപടി.
പാര്‍ട്ടി സംവിധാനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം ഉണ്ടാകേണ്ടതുണ്ടെന്നാണ് ഇന്നലെ പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ പറഞ്ഞത്. തനിക്കു ശേഷം ആര് കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്നത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ താന്‍ ഇടപെടുന്നതേ ഇല്ല. അതു കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂ. അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കട്ടേ എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഈ വാക്കുകളില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് താന്‍ തുടരാനില്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായ രണ്ടാം വട്ട പരാജയത്തിന് പിന്നാലെ ഇത്തവണയും ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം ഉറപ്പായിട്ടില്ല. 52 അംഗങ്ങള്‍ മാത്രമാണ് പാര്‍ട്ടി എം.പിമാരായി പാര്‍ലമെന്റിലെത്തിയത്. വയനാട്ടില്‍ കൂടി മത്സരിച്ചതു കൊണ്ടാണ് രാഹുലിന് പാര്‍ലമെന്റില്‍ എത്താനായത്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ പോലും കനത്ത പരാജയം ഏറ്റുവാങ്ങി എന്നതാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് തിടുക്കത്തില്‍ ഇറങ്ങിപ്പോകാന്‍ രാഹുലിനെ പ്രകോപിപ്പിച്ചത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പാര്‍ട്ടി ഉത്തരവാദിത്തം നിറവേറ്റാതെ തങ്ങളുടെ മക്കളുടെ തെരഞ്ഞെടുപ്പു വിജയത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിച്ചു എന്നു തുറന്നടിച്ചിട്ടാണ് രാഹുല്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന്റെ നൂറു ശതമാനം ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞാണ് 52 അംഗ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു മുന്നില്‍ രാഹുല്‍ രാജി പ്രഖ്യാപനം നടത്തിയത്. അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിറന്നാള്‍ ദിനമായ ബുധനാഴ്ച വരെ രാഹുല്‍ എ.ഐ.സി.സി ആസ്ഥാനത്തേക്കു വരാന്‍ പോലും കൂട്ടാക്കിയില്ല. വസതിയിലെത്തി കണ്ടു സംസാരിക്കാന്‍ ശ്രമിച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് മുഖം കൊടുക്കാനും തയാറായില്ല. ഒരു വര്‍ഷം കൂടി അധ്യക്ഷ സ്ഥാനത്ത് തുടരണം എന്നൊരു ഉപാധി കൂടി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു വെച്ചെങ്കിലും മൂന്നു മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തിക്കോളണം എന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി.
അതിനിടെ, റഫാല്‍ പോര്‍വിമാന ഇടപാടില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്ന് തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ ഗാന്ധി ഇന്നലെയും പറഞ്ഞു. ഇടപാടില്‍ അഴിമതിയും തിരിമറിയും നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുമ്പ് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ഇന്നലെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിന് ശേഷം പാര്‍ലമെന്റിന് പുറത്തിറങ്ങിയ രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

 

 

Latest News