Sorry, you need to enable JavaScript to visit this website.

ചന്ദ്രബാബു നായിഡുവിന് തിരിച്ചടി; നാല് ടി.ഡി.പി എം.പിമാര്‍ ബി.ജെ.പിയില്‍

ന്യൂദല്‍ഹി- ആന്ധ്രയില്‍നിന്ന് രാജ്യസഭയില്‍ അംഗബലം കൂട്ടാന്‍ നാലു ടി.ഡി.പി എം.പിമാരെ അടര്‍ത്തിയെടുത്ത് ബി.ജെ.പി. ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടി നല്‍കി. നാല് തെലുഗു ദേശം പാര്‍ട്ടി എം.പിമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസഭയില്‍ ടി.ഡി.പിക്ക് ആറ് എം.പിമാരുള്ളതില്‍ നാല് പേരാണ് ബി.ജെ.പിയില്‍ ലയിക്കുന്നുവെന്ന് വ്യക്തമാക്കി രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ കണ്ട് കത്ത് നല്‍കിയത്.
വൈ.എസ്. ചൗധരി, സി.എം. രമേഷ്, ഗരികപോട്ടി മോഹന്‍ റാവു, ടി.ജി. വെങ്കിടേഷ് എന്നിവരാണ് പാര്‍ട്ടി വിട്ട ശേഷം ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദയ്‌ക്കൊപ്പം ബി.ജെ.പി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. എം.പിമാര്‍ക്ക് പാര്‍ട്ടി പുതിയ വര്‍ക്കിംഗ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വന്‍ വരവേല്‍പാണ് നല്‍കിയത്. വൈ.എസ്. ചൗധരി മുന്‍ കേന്ദ്ര മന്ത്രിയും ടി.ഡി.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൂടിയായിരുന്നു. നാലു ടി.ഡി.പി എം.പിമാര്‍ കൂടി എത്തിയതോടെ രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗബലം 106 ആയി. ബി.ജെ.പിക്ക് മാത്രമായി 75 എം.പിമാരാണ് രാജ്യസഭയില്‍ ഉള്ളത്.
ആകെയുള്ള ആറ് എം.പിമാരില്‍ ഭൂരിപക്ഷം ബി.ജെ.പിയിലേക്ക് ലയിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പ്രമേയം നല്‍കിയതുകൊണ്ട് ഇത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടില്ല.  ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ നാലാം ഖണ്ഡിക അനുസരിച്ച് തങ്ങള്‍ ബി.ജെ.പിയിലേക്ക് ലയിക്കുകയാണെന്നാണ് എം.പിമാര്‍ വ്യക്തമാക്കിയത്. ഭരണഘടനയിലെ ഈ വകുപ്പനുസരിച്ച് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കു ചേരുന്നതെങ്കില്‍ കൂറുമാറ്റ നിയമം ബാധകമാകില്ല. ലയനത്തിന് അംഗീകാരം നല്‍കണമെന്നും തങ്ങളെ ഇനി മുതല്‍ ബി.ജെ.പി എം.പിമാരായി കണക്കാക്കണമെന്നും ഇവര്‍ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
    പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലും വികസന നയങ്ങളിലും ആകൃഷ്ടരായാണ് പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് ലയിക്കുന്നതെന്നാണ് വിശദീകരണം. പാര്‍ട്ടി വിടരുതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചന്ദ്രബാബു നായിഡു വൈ.എസ്. ചൗധരിയോട് ആവശ്യപ്പെട്ടിരുന്നു.
    ടി.ഡി.പി ഇതിന് മുന്‍പും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നായിരുന്നു അമേരിക്കയില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതുകൊണ്ടൊന്നും ഭയക്കില്ലെന്ന് പറഞ്ഞ നായിഡു ടി.ഡി.പിയെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെ കുറ്റപ്പെടുത്തി. തങ്ങള്‍ ബി.ജെ.പിക്കൊപ്പം നേരത്തെ നിന്നത് പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ്. അത് ആന്ധ്ര സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്താണ്. പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തിന് വേണ്ടി പാര്‍ട്ടി കേന്ദ്ര മന്ത്രി സ്ഥാനങ്ങള്‍ വരെ ഉപേക്ഷിച്ചതാണെന്നും നായിഡു പ്രതികരിച്ചു.
    ടി.ഡി.പി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന് എം.പിമാരായ ടി.ജി. വെങ്കിടേഷും വൈ.എസ്. ചൗധരിയും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ മുമ്പ് എ.ബി.വി.പിയുടെയും യുവമോര്‍ച്ചയുടെയും പ്രവര്‍ത്തകനായിരുന്നു എന്നും ടി.ജി. വെങ്കിടേഷ് വ്യക്തമാക്കി.
    എല്ലാവരെയും അംഗീകരിക്കുക എന്നതാണ് ബി.ജെ.പിയുടെ നയമെന്നും അതിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് ബി.ജെ.പി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി. നദ്ദ പറഞ്ഞത്. ആന്ധ്രയില്‍ ബി.ജെ.പി കൂടുതല്‍ പേരെ കൂട്ടിച്ചേര്‍ത്ത് കരുത്ത് കൂട്ടുമെന്നും നദ്ദ പറഞ്ഞു. അതേസമയം, ആന്ധ്രയില്‍ നിന്ന് ബി.ജെ.പിയിലേക്ക് വരാന്‍ വിവിധ കക്ഷി നേതാക്കള്‍ തയാറെടുത്തിരിക്കുകയാണെന്നാണ് ബി.ജെ.പി വക്താവ് ജി.വി.എല്‍. നരസിംഹ റാവു പറഞ്ഞത്.

 

Latest News