Sorry, you need to enable JavaScript to visit this website.

ഗൾഫിലേക്ക് കൂടുതൽ യു.എസ് സേന

ഈ മാസം 13ന് ഒമാൻ ഉൾക്കടലിൽ ആക്രമണം നേരിട്ട ജപ്പാൻ എണ്ണക്കപ്പലിൽ ഘടിപ്പിച്ച പൊട്ടാത്ത മാഗ്നറ്റിക് ബോംബ്.
ബോംബ് ഇറാൻ പട്രോൾ ബോട്ടിലെത്തിയ സൈനികർ നീക്കം ചെയ്യുന്നു
നീക്കം ചെയ്ത ബോംബുമായി പോകുന്ന ഇറാൻ സായുധ ബോട്ട്.

  • ആയിരം അമേരിക്കൻ സൈനികരെകൂടി വിന്യസിച്ചതായി പാട്രിക് ഷനാഹൻ
  • എണ്ണക്കപ്പൽ ആക്രമണത്തിൽ ഇറാന്റെ പങ്ക് സ്ഥിരീകരിക്കുന്ന ഫോട്ടോകൾ പുറത്തുവിട്ടു

വാഷിംഗ്ടൺ/ റിയാദ് - ഗൾഫ് കടലിൽ എണ്ണ ടാങ്കറുകൾ ആക്രമിച്ച് ഇറാൻ പ്രകോപനം തുടരവേ മേഖലയിലേക്ക് അമേരിക്ക കൂടുതൽ സൈന്യത്തെ അയക്കുന്നു. മധ്യപൗരസ്ത്യദേശത്ത് ആയിരം സൈനികരെ കൂടി അധികമായി വിന്യസിച്ചതായി അമേരിക്കൻ ആക്ടിംഗ് പ്രതിരോധ മന്ത്രി പാട്രിക് എം. ഷനാഹൻ വെളിപ്പെടുത്തി. ഇറാന്റെയും ഇറാന്റെ ഏജൻസികളായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെയും ശത്രുതാപരമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങളുടെ സത്യാവസ്ഥയാണ് അടുത്തിടെയുണ്ടായ ആക്രമണങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കൻ സൈന്യത്തിനും മേഖലയിലെ അമേരിക്കയുടെ താൽപര്യങ്ങൾക്കും ഇറാനും ഇറാന്റെ ഏജൻസികളായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളും ഭീഷണി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
എന്നാൽ യു.എസ് നീക്കത്തിനെതിരെ റഷ്യയും ചൈനയും രംഗത്തെത്തി. മേഖലയിൽ സംഘർഷം രൂക്ഷമാക്കുന്ന നടപടികളിൽനിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്നും സംയമനം പാലിക്കണമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അഭ്യർഥിച്ചു. സംഘർഷം രൂക്ഷമാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി മുന്നറിയിപ്പ് നൽകി.


അതിനിടെ, ഈ മാസം 13ന് ഒമാൻ ഉൾക്കടലിൽ രണ്ടു എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ ഇറാന്റെ പങ്ക് സ്ഥിരീകരിക്കുന്ന പുതിയ ഫോട്ടോകൾ അമേരിക്കൻ സൈന്യം പുറത്തുവിട്ടു. ജപ്പാൻ എണ്ണക്കപ്പലിൽനിന്ന് പൊട്ടാത്ത മാഗ്നറ്റിക് മൈൻ ഇറാൻ റെവല്യൂഷനറി ഗാർഡ് സൈനികർ നീക്കം ചെയ്യുന്നതിന്റെ പുതിയ ഫോട്ടോകളാണ് അമേരിക്കൻ സൈന്യം പുറത്തുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാനാണെന്ന് ഇതോടെ വ്യക്തമാവുകയാണെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സചിത്ര റെക്കോർഡിംഗ് അടക്കമുള്ള തെളിവുകളും പൊട്ടാത്ത മൈൻ വേഗത്തിൽ നീക്കം ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യവും വിഭവങ്ങളും ഇതാണ് തെളിയിക്കുന്നതെന്നും പെന്റഗൺ വ്യക്തമാക്കി. 
ജപ്പാൻ കപ്പലായ കൊകുക കറേജസിന്റെ ബോഡിയിൽ വൃത്താകൃതിയിലുള്ള മെറ്റൽ ബോഡി ഫോട്ടോകളിൽ ഒന്ന് വ്യക്തമാക്കുന്നു. പൊട്ടാത്ത മൈൻ ഉറപ്പിക്കുന്നതിന് ഉപയോഗിച്ച കാന്തമാണ് ഇതെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം പറയുന്നു. ഇറാനികളാണ് ജപ്പാൻ കപ്പലിൽ കാന്തം സ്ഥാപിച്ചത്. ആക്രമണത്തിനു ശേഷം വേഗത്തിൽ ഈ കാന്തം കപ്പലിൽനിന്ന് അവർ നീക്കം ചെയ്തു. ഇറാൻ സൈനികർ ബോട്ടിൽ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും മൈൻ സ്‌ഫോടനത്തിൽ ജപ്പാൻ കപ്പലിലുണ്ടായ കേടുപാടുകൾ വ്യക്തമാക്കുന്ന ദൃശ്യവും അമേരിക്കൻ സൈന്യം പുറത്തുവിട്ടു.


ജപ്പാൻ കപ്പലിന്റെ ബോഡിയിൽനിന്ന് ഇറാൻ സൈനികർ എന്തോ വസ്തു നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് നേരത്തെ അമേരിക്കൻ സൈന്യം പുറത്തുവിട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഇറാനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാൻ റെവല്യൂഷനറി ഗാർഡിനാണെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറിമി ഹണ്ടും ആരോപിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ മേഖലയിൽ എണ്ണ ടാങ്കറുകൾക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം 12 ന് യു.എ.ഇ തീരത്ത് നാലു കപ്പലുകൾക്കു നേരെ സമാന ആക്രമണമുണ്ടായിരുന്നു. മാഗ്നറ്റിക് മൈനുകളാണ് കഴിഞ്ഞ മാസത്തെ ആക്രമണങ്ങൾക്ക് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. 

 

Tags

Latest News