Sorry, you need to enable JavaScript to visit this website.

അരങ്ങിലെ അഭിമാനത്തിളക്കം

കേരള സംഗീത നാടക അക്കാദമി നാലാം തവണയും പുരസ്‌കാരം നൽകി ആദരിച്ച ഉഷാ ചന്ദ്രബാബുവിന്റെ വിശേഷങ്ങൾ

അരങ്ങിൽ ഇതൊരു പക്ഷേ, അപൂർവ്വതയാകാം. മികച്ച അഭിനേത്രിക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം നാലാം തവണയാണ്  ഉഷാ ചന്ദ്രബാബുവിനെ തേടിയെത്തിയിരിക്കുന്നത്. മലയാള നാടകചരിത്രത്തിൽതന്നെ തങ്കലിപികളിൽ കുറിച്ചിടേണ്ട ഒരു അധ്യായമാണിത്. കോഴിക്കോടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ കലാകാരി.
അരങ്ങിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഈ കലാകാരിക്ക് പക്ഷേ, ഇതൊന്നും വലിയ കാര്യമല്ല. ജീവിതം മാത്രമല്ല, സ്വന്തമായുണ്ടായിരുന്ന സൗഭാഗ്യങ്ങളും അരങ്ങിനു ദാനം ചെയ്ത് ഒടുവിൽ ഒന്നുമില്ലായ്മയിലെത്തിയ ചരിത്രമാണ് ഉഷയ്ക്കുള്ളത്. എന്നിട്ടും മനസ്സ് പതറാതെ അരങ്ങിന്റെ നേർത്ത വെളിച്ചത്തിൽ മനസ്സർപ്പിച്ച് അവർ കഴിഞ്ഞു. വാടകവീടുകളിൽ മാറിമാറി കഴിഞ്ഞപ്പോഴും മക്കളെ വളർത്തി വലുതാക്കാൻ ഏറെ ബുദ്ധിമുട്ടിയപ്പോഴും കഥാപാത്രങ്ങളുടെ ജീവിതം വരഞ്ഞിടാൻ അവർ മനസ്സിനെ പാകപ്പെടുത്തി. ഒടുവിൽ നഷ്ടപ്പെട്ടവയെല്ലാം തിരിച്ചുപിടിക്കാനും അവർക്ക് തുണയായത് അരങ്ങുതന്നെയായിരുന്നു. ചേളന്നൂരിനടുത്ത മുതുവാട്ടുതാഴം റോഡിൽ കനാലിനോടു ചേർന്ന കൊച്ചുവീട്ടിലിരുന്ന് പറഞ്ഞ അക്കഥയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം ഏറെയുണ്ടായിരുന്നു.
കോഴിക്കോട് നവചേതനയുടെ നയാപൈസ എന്ന നാടകത്തിലൂടെയാണ് ഈ വർഷത്തെ പുരസ്‌കാരം ഉഷയെ തേടിയെത്തിയത്. സുരേഷ്ബാബു ശ്രീസ്ഥ രചിച്ച് മനോജ് നാരായണൻ സംവിധാനം ചെയ്ത നയാപൈസ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ നാലുകഥകളുടെ സംഗ്രഹമാണ്. മുച്ചീട്ടുകളിക്കാരന്റെ മകൾ, തങ്കം, ബാല്യകാലസഖി, പ്രേമലേഖനം തുടങ്ങി നാലു നാടകങ്ങളാണ് നയാപൈസയിലൂടെ ഇതൾ വിടരുന്നത്. ഇതിൽ മുച്ചീട്ടുകളിക്കാരന്റെ മകളിലെ സൈനബയായും പ്രേമലേഖനത്തിലെ സാറാമ്മയായുമാണ് ഉഷയെത്തുന്നത്. നാലു കഥകളിലെ നായികമാരും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട് നാടകത്തിൽ. ബാല്യകാലസഖിയിലെ സുഹറയും തങ്കത്തിലെ മനുഷ്യനുമെല്ലാം ഒരുമിക്കുമ്പോൾ അതൊരു മതസാഹോദര്യത്തിന്റെ വിളംബരം കൂടിയാകുന്നു. ജാതീയമായ വേർതിരിവുകളെയും മതത്തിന്റെ പ്രലോഭനങ്ങളെയും ഇവർ അതിജീവിക്കുന്നുണ്ട്.
കോഴിക്കോട് രംഗഭാഷയുടെ വർത്തമാനത്തിലേയ്‌ക്കൊരു കണ്ണകി എന്ന നാടകത്തിലെ കണ്ണകിയെ അവതരിപ്പിച്ചതുവഴിയായിരുന്നു ഇതിനുമുൻപ് അക്കാദമി പുരസ്‌കാരം ഉഷയെ തേടിയെത്തിയിരുന്നത്. അതിനും മുൻപ് കോഴിക്കോട് സങ്കീർത്തനയുടെ നവരസനായകനിലൂടെയും രംഗഭാഷയുടെ കടത്തനാട്ടമ്മയിലൂടെയും മികച്ച നടിക്കുള്ള അംഗീകാരം ഉഷയെ തേടിയെത്തിയിരുന്നു. നവരസനായകനിൽ പാർവ്വതി, നന്ദവല്ലി എന്നീ ഇരട്ട കഥാപാത്രങ്ങൾക്കായിരുന്നു പുരസ്‌കാരം. കടത്തനാട്ടമ്മയിൽ പൂമാതൈ പൊന്നമ്മ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്.
അറുപതിലേറെ വേദികളിൽ അവതരിപ്പിച്ചുകഴിഞ്ഞ നയാപൈസയ്ക്ക് ഇക്കൊല്ലവും ഒട്ടേറെ വേദികൾ ലഭിച്ചുകഴിഞ്ഞെന്ന് ഉഷ പറയുന്നു. കൂടാതെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അംഗീകാരത്തിനും ഈ നാടകം അർഹമായി. മത്സരവേദിയിൽ ഏറെ പ്രശംസയ്ക്ക് പാത്രമായ നയാപൈസ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയെങ്കിലും ഒടുവിൽ ഫലം വന്നപ്പോൾ അമ്പലപ്പുഴ അക്ഷരജ്വാലയുടെ വേറിട്ട കാഴ്ചകൾക്കായിരുന്നു പുരസ്‌കാരം.
പോസ്റ്റ്മാനായ പിതാവിൽനിന്നാണ് ഈ കലാകാരി അഭിനയത്തിന്റെ ബാലപാഠം അഭ്യസിക്കുന്നത്. തൃശൂർ ചേലക്കര പങ്ങാരപ്പള്ളിയിൽ രാഘവന്റെയും സരോജിനിയുടെയും മകളായ ഉഷ തൃശൂർ ഓർത്തഡോക്‌സ് മിഷൻ കോളേജിലെ പഠനകാലത്താണ് സോക്രട്ടീസ് എന്ന നാടകത്തിലൂടെ ആദ്യമായി അരങ്ങിലെത്തുന്നത്. സോക്രട്ടീസിന്റെ ഭാര്യയായ അറുപതുകാരിയുടെ വേഷം. തുടർന്ന് കാലടി രവീന്ദ്രൻ മാസ്റ്ററുടെ തൃശൂർ കല എന്ന നാടകസമിതിയിലൂടെ അരങ്ങിൽ നിലയുറപ്പിക്കുകയായിരുന്നു. പ്രൊഫഷണൽ നാടകരംഗത്തേയ്ക്കുള്ള ചുവടുവയ്പ് കെ.ടി. മുഹമ്മദ് രചനയും സംവിധാനവും നിർവ്വഹിച്ച തീക്കനൽ എന്ന നാടകത്തിലൂടെയായിരുന്നു. സൈന എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയേറ്റേഴ്‌സായിരുന്നു തീക്കനൽ വേദിയിലെത്തിച്ചത്. ചിരന്തനയുടെ തട്ടകം, പടനിലം എന്നീ നാടകങ്ങളിലും വേഷമിട്ടു. കോഴിക്കോട് സ്‌റ്റേജ് ഇന്ത്യയുടെ ക്ഷത്രിയൻ, ഗുരു, എഴുത്തച്ഛൻ, വടകര വരദയുടെ സിന്ദൂരപ്പൂവ്, ചിത്രകൂടം, ഇരുട്ടിന്റെ ആത്മാവ് തുടങ്ങിയവയും അരങ്ങിൽ വേഷപ്പകർച്ച നൽകിയ നാടകങ്ങളായിരുന്നു.
ഭർത്താവായ ചന്ദ്രബാബുവിനെ കണ്ടെത്തിയതും അരങ്ങിൽവെച്ചുതന്നെ. ചിരന്തനയുടെ ഓഫീസ് സെക്രട്ടറിയും നടനും സംഗീതജ്ഞനുമെല്ലാമായ ചന്ദ്രബാബു കൂട്ടിനെത്തിയതോടെ ഇരുവരും ഒന്നിച്ചായി നാടകസഞ്ചാരം. ഇരുവരും ചേർന്ന് സൗമ്യസ്വര എന്ന നാടകസമിതിക്കും രൂപം നൽകി. ചെറുന്നിയൂർ ജയപ്രസാദിന്റെ ആരോരുമറിയാത്ത നേരം, മഞ്ഞണിക്കുന്നിലെ താരാട്ട്, തൃശൂർ വിശ്വത്തിന്റെ കടലാസുപട്ടം, മാതാപിതാ ഗുരു, രാജൻ കിഴക്കനേലയുടെ മഹാമാന്ത്രികം, ജയൻ തിരുമനയുടെ കാണാപ്പൊന്ന് തുടങ്ങിയ നാടകങ്ങൾ അരങ്ങിലെത്തിച്ചു. ഇതിനിടയിൽ കോഴിക്കോട് രംഗഭാഷയുടെ അമ്മരാജ്യം, മായാമോഹനം, ഗുരുവായൂർ ബന്ധുരയുടെ അറിവിന്റെ തമ്പുരാൻ, പാഴൂർ പടിപ്പുര തുടങ്ങിയ നാടകങ്ങളിൽ വേഷമിട്ടു.അഭിനയ ജീവിതത്തിനിടയിൽ അക്കാദമി പുരസ്‌കാരങ്ങൾക്കു പുറമെ ഒട്ടേറെ മറ്റ് അംഗീകാരങ്ങൾക്കും ഈ കലാകാരി അർഹയായിരുന്നു. കോഴിക്കോട് കോർപ്പറേഷന്റെ ആരോഗ്യ വിദ്യാഭ്യാസ പ്രദർശനത്തിൽ ഒരുക്കിയ നാടകമത്സരത്തിൽ പ്രദീപ് കുമാർ കാവുന്തറ രചിച്ച് വിജയൻ വി.നായർ സംവിധാനം ചെയ്ത ശങ്കരൻ ശവാസനത്തിലാണ് എന്ന നാടകത്തിലെ ഇരട്ടവേഷത്തിന് മികച്ച നടിക്കുള്ള ഒരു പവൻ സമ്മാനം ലഭിച്ചു. ആറാട്ടുപുഴ നവരാത്രി ആഘോഷത്തിലും ബാലൻ കെ. നായർ അനുസ്മരണ സമ്മേളനത്തിൽ എ. ശാന്തകുമാറിന്റെ മണിയറ എന്ന നാടകത്തിലൂടെയും മികച്ച നടിയായി.
നാടകങ്ങളിൽ മാത്രമല്ല, ഒട്ടേറെ തെരുവുനാടകങ്ങളിലും ഈ കലാകാരി വേഷമിട്ടിട്ടുണ്ട്. അബൂബക്കർ മാസ്റ്റർ രചിച്ച് രമേഷ് നാരായണൻ സംവിധാനം ചെയ്ത ‘'ന്നിട്ടും കുട്ട്യേളെന്താ ങ്ങനെ' എന്ന ഏകാംഗ തെരുവുനാടകം ഏറെ ചലനങ്ങളുണ്ടാക്കിയിരുന്നു. നാല്പതു മിനിട്ട് ദൈർഘ്യമുള്ള ഈ നാടകം ജില്ലയ്ക്കകത്തും പുറത്തുമായി ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മതത്തിനും ഓരോ സ്‌കൂൾ എന്ന കാഴ്ചപ്പാടിൽ കുട്ടിക്കാലത്തുതന്നെ മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിച്ചുനിർത്തുന്ന അവസ്ഥയാണ് പ്രമേയം. സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത ഇക്കൂട്ടരാണ് ഒടുവിൽ തീവ്രവാദങ്ങളിൽ അകപ്പെടുക എന്ന സന്ദേശം കൂടിയായിരുന്നു ഈ നാടകം. പുരുഷൻ കടലുണ്ടിയാണ് തെരുവുനാടകരംഗത്ത് ഉഷയ്ക്ക് പ്രചോദനം നൽകിയത്. അദ്ദേഹത്തിന്റെ അരക്കില്ലം, അടുക്കള, പ്രതീക്ഷയുടെ സൂര്യൻ തുടങ്ങി ഒട്ടേറെ തെരുവുനാടകങ്ങൾ ഉഷ അവതരിപ്പിച്ചിട്ടുണ്ട്.
ഒട്ടേറെ നാടകങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ചന്ദ്രബാബു നവചേതനയുടെ ഓഫീസ് കാര്യങ്ങൾ നിർവഹിക്കുകയാണിപ്പോൾ. മകൾ രജിഷ ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിൽ ജോലിനോക്കുകയാണ്. മകൻ ജിബീഷ് കാലടി സംസ്‌കൃത സർവ്വകലാശാലയുടെ കീഴിലുള്ള കൊയിലാണ്ടി സെന്ററിൽ രണ്ടാംവർഷ മലയാളം എം.എ വിദ്യാർത്ഥിയാണ്. സ്‌കൂൾതലം തൊട്ട് നാടകാഭിനയരംഗത്തുള്ള ജിബീഷ് നയാപൈസ എന്ന നാടകത്തിലും പാട്ടുരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. 

Latest News