Sorry, you need to enable JavaScript to visit this website.

നില്ല് നില്ല് ...നില്ലെന്റെ നീലക്കുയിലേ...

ഫോർ ദ പീപ്പിൾ എന്ന ജയരാജ് ചിത്രത്തിലെ ലജ്ജാവതിയേ.. എന്ന് തുടങ്ങുന്ന പാട്ടിലൂടെ മലയാള പിന്നണി ഗാനരംഗത്ത് പുതിയൊരു നാദസരണി തുറന്ന ജാസി ഗിഫ്റ്റ് കഴിഞ്ഞ ദിവസം ജിദ്ദയിലെത്തി. നാലു ഭാഷകളിൽ നൂറോളം ചിത്രങ്ങൾക്ക് ഈണമിട്ട ഈ സംഗീതജ്ഞന്റെ സർഗ സഞ്ചാരത്തോടൊപ്പം ചില നിമിഷങ്ങൾ.

ജിദ്ദയിലെ സംഗീതാസ്വാദകരെ രണ്ടാം പെരുന്നാൾ ദിനത്തിൽ ജാസി ഗിഫ്റ്റ് എന്ന വിനയാന്വിതനായ ഗായകൻ ഫോർ ദ പീപ്പിൾ എന്ന ജയരാജ് ചിത്രത്തിലെ പ്രസിദ്ധമായ ലജ്ജാവതിയേ, നിന്റെ കള്ളക്കടക്കണ്ണിൽ..  എന്ന പാട്ടിന്റെ ഓർമകളിലേക്ക് തിരികെ കൊണ്ടു പോയി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അതീവ ലളിതവും ഗ്രാമചാരുത നിറഞ്ഞതുമായ വരികൾക്ക് വ്യത്യസ്തമായ ഈണവും സ്വതസ്സിദ്ധമായ നാദവും നൽകി മലയാള പിന്നണിഗാന ശാഖയിൽ പുതിയൊരു ചരിത്രമെഴുതിയ പ്രസിദ്ധ കലാകാരനായ ജാസി ഗിഫ്റ്റിന് ജിദ്ദയിലാദ്യമായി വേദിയൊരുക്കിയത് അറേബ്യൻ നിലാവ് എന്ന ബാനറിൽ സെഞ്ചുറി ഫൈനാർട്‌സും ആരോ ക്രിയേഷൻസും സംയുക്തമായി ചേർന്ന കൂട്ടായ്മയാണ്. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ഇതിനകം നൂറോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത ജാസി ഗിഫ്റ്റ്, ദക്ഷിണേന്ത്യൻ സംഗീത ലോകത്തിന് അവിചാരിതമായി ലഭിച്ച 'ഗിഫ്റ്റ്' തന്നെയാണ്. 
തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിന്റേയും കോവളം ഐ.ടി.ഡി.സി ഹോട്ടലിന്റേയും ഫ്‌ളോറുകളിൽ ഗാനങ്ങളാലപിച്ച് ഗാന വേദിയിൽ കാലുറപ്പിച്ച ജാസി ഗിഫ്റ്റ് തീർത്തും ആകസ്മികമായാണ് സിനിമയിലെത്തുന്നത്. മലയാളം ന്യൂസ് വായനക്കാരുമായി ഈ ഗായകൻ തന്റെ സംഗീത ജീവിതാനുഭവങ്ങൾ പങ്ക് വെക്കുന്നു.


തിരുവനന്തപുരം മുടവൻമുകൾ എന്ന സ്ഥലത്ത് ജനിച്ച ജാസി ഗിഫ്റ്റ് യൂണിവേഴ്‌സിറ്റി കോളേജിൽ ഫിലോസഫി ഇഷ്ട വിഷയമെടുത്ത് പഠിക്കുമ്പോഴാണ് ചില ക്വയർ സംഘങ്ങളിൽ പാട്ടുകാരനാകുന്നത്. സംഗീതം ജീവിതത്തിന്റെ തന്നെ ഭാഗമാവുകയായിരുന്നുവെന്ന് അപ്പോൾ പക്ഷേ അറിഞ്ഞിരുന്നില്ല. കേരള സർവകലാശാലയിൽ നിന്ന് അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ച ഗിഫ്റ്റ് ഇസ്രായിലിന്റേയും രാജമ്മയുടേയും മകനാണ് ജാസി. പിതാവിന്റെ പിതാവ് എൻ.എ ഐസക് പാസ്റ്ററും ഒപ്പം സംഗീത സംവിധായകനുമായിരുന്നു. അതാകണം ബാല്യത്തിലേ സംഗീതം തന്റെ സിരകളിൽ ഹരമായി നിറഞ്ഞതെന്ന് ജാസി ഗിഫ്റ്റ് പറയുന്നു. ഭാര്യ റീനയും ഈ രംഗത്ത് നല്ല പ്രോൽസാഹനം നൽകുന്നു.  തിരുവനന്തപുരത്ത് അധ്യാപികയാണ് റീന.  
അന്തരിച്ച ബാലഭാസ്‌കർ ഈ കാലയളവിൽ യൂണിവേഴ്‌സിറ്റി കോളേജിലുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പിയാനോ അഭ്യസിച്ച ജാസി, പാശ്ചാത്യ സംഗീതത്തിൽ പിയാനോ വാദനത്തിൽ തൽപരനായി. വെസ്റ്റേൺ സ്റ്റൈലിൽ പിയാനോ അഭ്യസിച്ചതോടെ ഈ ഉപകരണത്തിന്റെ അപാരമായ റേഞ്ച് കണ്ടെത്താനായി. പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേഷ് നാരായണന്റെ കീഴിൽ കുറച്ച് കാലം ഹിന്ദുസ്ഥാനിയും ജാസി പഠിച്ചു. അതിനിടെ ക്വയർ സംഘത്തിന്റേയും ഹോട്ടൽ ഫ്‌ളോറുകളുടെയും ആലാപന പരിചയം ആൽബങ്ങളിലേക്ക് വഴി തുറന്നു. സൂര്യാ ടി.വിക്ക് വേണ്ടി ഹിന്ദിയിൽ സൂനാ, സൂനാ എന്ന ഒരു സംഗീത ആൽബം രചിച്ചു. ഇത് പെട്ടെന്ന് ഹിറ്റായി. പാതി ഹിന്ദിയിലും പാതി മലയാളത്തിലുമായിരുന്നു ഈ ആൽബം. സംവിധായകൻ ജയരാജിന്റെ സഹോദരൻ മഹേഷ് ഈ പാട്ട് കേട്ട് ജാസി ഗിഫ്റ്റിനെക്കുറിച്ച് ജയരാജനോട് പറയുകയായിരുന്നു. 
ആർട്ട് സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവന്ന ജയരാജ് ആയിടയ്ക്ക് നവരസങ്ങളെ ആധാരമാക്കി രചിച്ച ബീഭൽസം എന്ന പടത്തിന് വേണ്ടി സംഗീതം ചെയ്യാനുള്ള അവസരം ജാസി ഗിഫ്റ്റിന് കിട്ടി. തുടർന്ന് ബാലചന്ദ്രമേനോന്റെ സഫലം എന്ന സിനിമയുടെ സംഗീത സംവിധാനവും ജാസി തന്നെ നിർവഹിച്ചു. തുടർന്ന് 2004 ൽ ഫോർ ദ പീപ്പിൾ എന്ന ജയരാജ് സിനിമക്ക് വേണ്ടി സംഗീതവും ആലാപനവും നിർവഹിച്ച ജാസി ഗിഫ്റ്റിന്റെ ലജ്ജാവതിയേ.. എന്ന പാട്ട് പൊടുന്നനവെ പെരുമയിലേക്കുയർന്നു. മലയാളികളുടെ ചുണ്ടുകളിൽ ഏറെക്കാലം ഈ ഗാനം തങ്ങിനിന്നു. ജാസി ഗിഫ്റ്റിന്റെ മന്ദ്രസ്ഥായിയിൽ നിന്ന് ചടുലതയിലേക്ക് ചുവട് വെച്ച മുഴക്കമുള്ള ശബ്ദം ഈ പാട്ടിനെ വേറിട്ടതാക്കി. ജാസി ഗിഫ്റ്റ് എന്ന പേര് ഇതോടെ മലയാള പിന്നണിഗാന രംഗത്ത് ലബ്ധ പ്രതിഷ്ഠ നേടുകയും ചെയ്തു. ലജ്ജാവതിയേ ഒരു തരംഗമാവുകയായിരുന്നു. ഇത് തീർച്ചയായും ജാസി ഗിഫ്റ്റിന്റെ കരിയറിൽ വഴിത്തിരിവായി മാറി. പോപ് വിഭാഗത്തിലുൾപ്പെടുത്താവുന്ന വേറിട്ട ശബ്ദവും സംഗീതവുമായിരുന്നു ലജ്ജാവതിയുടെ സവിശേഷത. ഈ പാട്ടിന്റെ കാസറ്റ് വിൽപന സർവകാല റെക്കോർഡായിരുന്നു. കന്നഡയിൽ ലജ്ജാവതിയേ വൻ ഹിറ്റാവുകയും സാമ്പത്തിക നേട്ടം കൈവരിക്കുകയും ചെയ്തതായി ജാസി പറഞ്ഞു. പിന്നെയും മൂന്ന് വർഷം കഴിഞ്ഞാണ് പക്ഷേ ജാസിയെത്തേടി കൂടുതൽ അവസരങ്ങളെത്തിയത്. വിക്രം, വിജയ്, ചിരഞ്ജീവി, ശങ്കർദേവ് തുടങ്ങിയ വലിയ സംഗീത സംവിധായകരോടൊപ്പം പ്രവർത്തിക്കാനായത് ഇക്കാലത്താണ്. 


ജയരാജ് തന്നെ സംവിധാനം ചെയ്ത റെയിൻ റെയിൻ കം എഗെയിൻ എന്ന സിനിമക്ക് വേണ്ടി ജാസി പാടിയ നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ എന്ന ഗാനവും ഹിറ്റായി. 2004 ൽ പുറത്തിറങ്ങിയ ഈ പാട്ടെഴുതിയതും കൈതപ്രമാണ്. അക്കാലത്ത് ചെറുപ്പക്കാരുടെ സിനിമാറ്റിക് വേദികളിൽ ഈ ഗാനം ഏറെ പ്രസിദ്ധമായിരുന്നു. പക്ഷേ ഈയടുത്ത കാലത്ത് വീണ്ടും ഈ പാട്ട് ടിക് ടോക് ചാലഞ്ചിലൂടെ വൈറലായി. നില്ല് നില്ല് എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ബസിന്റെ മുന്നിലേക്ക് എടുത്ത്ചാടി നൃത്തം ചെയ്യുന്നതാണ് ഈ ചാലഞ്ച്. മലപ്പുറം തിരൂരിൽ ഈ ടിക് ടോക് കൈയാങ്കളിയിലേക്കെത്തിയ സംഭവമുണ്ടായി. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ജാസി ഗിഫ്റ്റ് പറഞ്ഞു:
ടിക് ടോക് ചാലഞ്ചിലെ അതിര് കടന്ന ആവേശം പാടില്ലായിരുന്നു. പതിനഞ്ച് വർഷം മുമ്പ് താൻ സംഗീതം ചെയ്ത് ആലപിച്ച ഒരു പാട്ട് ഇപ്പോൾ വൈറലാകുന്നതിൽ സന്തോഷമേയുള്ളൂ. പക്ഷേ അതിന്റെ പേരിൽ അക്രമവും അപകടവും അരങ്ങേറുന്നത് ദുഃഖകരമാണ്. 
കുന്നിന്റെ മീതേ.. (അച്ഛനുറങ്ങാത്ത വീട്), ചെമ്പൻ കാളേ (അണ്ണൻ തമ്പി), കൊട്ടും പാട്ടുമായി (കറൻസി), ഗോകലപാല പാലകാ (പാർഥൻ കണ്ട പരലോകം), പൊന്നമ്പിളിയെ കണ്ടോ (ശംഭു), അന്നക്കിളി നീയെന്നിലെ (ഫോർ ദ പീപ്പിൾ), നിന്റെ മിഴി മുന കൊണ്ടെന്റെ (ഫോർ ദ പീപ്പിൾ), ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം (ഇൻ ഹരിഹർ നഗർ) തുടങ്ങി ഒരു യെമണ്ടൻ പ്രേമകഥ എന്ന സിനിമയിൽ ദുൽഖർ സൽമാനു വേണ്ടി വരെ നിരവധി ചലച്ചിത്ര പിന്നണി ഗാനങ്ങൾ അനുഗൃഹീതനായ ജാസി ഗിഫ്റ്റിന്റെ ക്രെഡിറ്റിലുണ്ട്. മൂന്ന് ഭാഷകളിൽ റിമേക്ക് ചെയ്ത ക്വീൻ എന്ന ചിത്രത്തിലും (സംഗീത സംവിധാനം- അമിത് ത്രിവേദി) ജാസി പാടിയിട്ടുണ്ട്. ഇതാണ് ഏറ്റവും പുതിയ ആലാപനം. ട്രിപ്പ് എന്ന പേരിൽ എം.ജി വാഴ്‌സിറ്റി നിർമിക്കുന്ന അക്കാദമിക് സ്വഭാവമുള്ള പടത്തിലും കൂളിംഗ് ഗ്ലാസ് എന്ന മറ്റൊരു സിനിമയിലും ഈണം ചിട്ടപ്പെടുത്തുന്നത് ജാസി ഗിഫ്റ്റാണ്. വെള്ളായണി കായലിന്റെ മലിനീകരണത്തിനെതിരെ റിവൈവ് വെള്ളായണി എന്ന പേരിൽ തീം സോംഗ് നൽകിയതും ജാസി ഗിഫ്റ്റാണ്. തെക്കേ ഇന്ത്യയിലെ നാലു ഭാഷകളിലല്ലാതെ കർണാടകയിൽ കുടകിലെ (കൂർഗ്) പ്രാദേശിക ഭാഷയായ 'കൊടവ'യിൽ അടുത്ത് തന്നെ പുറത്തിറങ്ങുന്ന അമർ എന്ന സിനിമയ്ക്ക് വേണ്ടിയും ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവഹിക്കുന്നു. അംബരീഷ് - സുമലത ദമ്പതികളുടെ മകൻ അഭിഷേക് അഭിനയിക്കുന്ന കുടക് നിവാസികളുടെ ഭാഷയിലുള്ള ഈ സിനിമയുടെ സംവിധായകൻ  നാഗശേഖറാണ്.   
കന്നഡ ഭാഷയിലെ ഗഗനവേ പാടി എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടിയിട്ടുള്ള ഈ സംഗീതജ്ഞൻ കഴിഞ്ഞ എട്ടു വർഷമായി ബാംഗ്ലൂരിലാണ് താമസം. 
അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലൊക്കെ  സംഗീത പരിപാടിയുമായി സഞ്ചരിച്ചിട്ടുള്ള ജാസി ഗിഫ്റ്റ് പറയുന്നു: ഗൾഫിലെ പ്രേക്ഷകരുടെ ആവേശവും ആസ്വാദനവും എന്നിൽ അഭിമാനവും ആഹ്ലാദവും നിറയ്ക്കുന്നു. ഏറെ നിലവാരമുള്ള സഹൃദയരാണ് ഗൾഫ് പ്രവാസികൾ. ഈ മാസം 21 ന് മലേഷ്യൻ മലയാളികളുടെ സാംസ്‌കാരിക പരിപാടിയിലും ജാസി ഗിഫ്റ്റ് പങ്കെടുക്കും.

Latest News