Sorry, you need to enable JavaScript to visit this website.

മുസ്ലിം ജനസംഖ്യയേറിയ മണ്ഡലങ്ങളിലും നേട്ടം ബിജെപിക്ക്; പിന്നിലെന്ത്?

ന്യൂദല്‍ഹി- വ്യാഴാഴ്ച വോട്ടെണ്ണല്‍ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ബിജെപിയും നേരന്ദ്ര മോഡിയും 2014ലെ വിജയം ആവര്‍ത്തിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. നില കൂടുതല്‍ മെച്ചപ്പെടുത്തി മുന്നൂറിലേറെ സീറ്റുകളുമായി മിന്നുന്ന ജയം നേടിയ ബിജെപി സുപ്രധാന സംസ്ഥാനങ്ങളായ യുപി, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വലിയ നേട്ടമുണ്ടാക്കി. ഇതോടൊപ്പം തന്നെ വോട്ടര്‍മാരില്‍ വലിയൊരു ശതമാനം മുസ്ലിംകളുള്ള മണ്ഡലങ്ങളിലും ബിജെപി നേട്ടം കൊയ്തത് സാധാരണ രാഷ്ട്രീയ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളതാണ്. എങ്കിലും യാഥാര്‍ത്ഥ്യം അതാണ്. 

2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 29 മണ്ഡലങ്ങളില്‍ മുസ്ലിം ജനസംഖ്യ 40 ശതമാനത്തില്‍ മുകളിലുണ്ട്. മുസ്ലിം ജനസംഖ്യ ഏറെയുളള ജമ്മു കശ്മീര്‍, യുപി, ബിഹാര്‍, അസം, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇവയില്‍ 27 മണ്ഡലങ്ങളും. ബാക്കി രണ്ടില്‍ ഒന്ന് ലക്ഷദ്വീപും മറ്റൊന്ന് തെലങ്കാനയിലെ ഹൈദരാബാദുമാണ്. രാജ്യത്ത് പലയിടത്തായി മുസ്ലിം വോട്ടര്‍മാര്‍ ചിതറിക്കിടക്കുന്നതു കൊണ്ടു തന്നെ സ്വാന്ത്ര്യാനന്തര കാലം തൊട്ട് പാര്‍ലമെന്റില്‍ മുസ്ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന മുസ്ലിം എംപിമാരില്‍ 50 ശതമാനം വരുന്നത് മൂസ്ലിം ജനസംഖ്യ ഏറെയുള്ള ഈ 29 മണ്ഡലങ്ങളില്‍ നിന്നുമാണ്. പരിമിതമായി മാത്രം മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന ബിജെപിയാകട്ടെ ഈ മണ്ഡലങ്ങളിലൊന്നും കാര്യമായ ഒരു ചലവും ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ 2014ല്‍ ഇതിനു മാറ്റമുണ്ടായി. ഇപ്പോള്‍ 2019-ലും ബിജെപി ഇവിടങ്ങളില്‍ നേട്ടമുണ്ടാക്കിയിരിക്കുന്നു. 

2014ല്‍ ഈ 29 മണ്ഡലങ്ങളില്‍ ഏഴു സീറ്റ് ബിജെപിക്ക് ലഭിച്ചിരുന്നു. പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ചവരില്‍ ഒരാള്‍ പോലും മുസ്ലിം ആയിരുന്നില്ല. ഈ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ സീറ്റും ബിജെപിക്കായിരുന്നു. തൊട്ടു പിന്നില്‍ ആറു സീറ്റുമായി കോണ്‍ഗ്രസും. ബാക്കി എല്ലാ പാര്‍ട്ടികള്‍ക്കുമായി 16 സീറ്റുകളും ലഭിച്ചു.

2019-ല്‍ മൂസ്ലിം ജനസംഖ്യ 40 ശതമാനത്തില്‍ കൂടുതലുള്ള ഈ മണ്ഡലങ്ങളില്‍ അഞ്ചെണ്ണം ബിജെപിക്ക് ലഭിച്ചു. ജയിച്ചവരില്‍ ആരും മുസ്ലിം സ്ഥാനാര്‍ത്ഥികളല്ല. രണ്ടു സീറ്റ് നഷ്ടപ്പെടാനിടയാക്കിയത് യുപിയിലെ ബിഎസ്പി-എസ്പി സഖ്യമാണ്. ഈ മണ്ഡലങ്ങളില്‍ 2009ല്‍ ബിജെപിക്ക് വെറും രണ്ടു സീറ്റു മാത്രമാണ് ഉണ്ടായിരുന്നത്. 

ഹിന്ദു സമുദായത്തിന്റെ വോട്ടുകള്‍ അപ്രതീക്ഷിതമായി കേന്ദ്രീകരിക്കപ്പെട്ടതാണ് ബിജെപിയുടെ ഈ ജയത്തിനു കാരണമെന്ന് വാദിക്കാം. മുസ്ലിംകള്‍ ഒന്നിച്ച് ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ടു നല്‍കുന്ന പ്രവണതയും ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പു പഠനങ്ങളും സൂചിപ്പിക്കുന്നു. അതു കൊണ്ട് തന്നെ മുസ്ലിം ജനസംഖ്യ ഏറെയുള്ള മണ്ഡലങ്ങലില്‍ ഹിന്ദു വോട്ടുകളുടെ തങ്ങല്‍ക്ക് അനുകൂലമായി കേന്ദ്രീകരിക്കപ്പെടുന്നതിലാണ് ബിജെപിയുടെ ജയമെന്ന വാദത്തിന് ബലമേറുന്നു.

മേല്‍ പറഞ്ഞ 29 മണ്ഡലങ്ങള്‍ക്കു പുറമെ മുസ്ലിം ജനസഖ്യ 30-40 ശതമാനം വരെയുള്ള 19 ലോക്‌സഭാ മണ്ഡലങ്ങള്‍ ഉണ്ട്. 20 മുതല്‍ 30 വരെ ശതമാനം മുസ്ലിംകളുള്ള 48 മണ്ഡലങ്ങളും ഉണ്ട്. ഈ 67 സീറ്റുകളിലും ബിജെപി വലിയ മുന്നേറ്റമാണുണ്ടാക്കിയിരിക്കുന്നത്. 2014ലെ വിജയം 2019 ഒന്നുകൂടി മെച്ചപ്പെടുത്തിയിരിക്കുന്നു. ഇവിടങ്ങളിലും ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണവും മുസ്ലിം വോട്ടുകളും ചിന്നിച്ചിതറലും ബിജെപിക്ക് വലിയ ഗുണം ചെയ്തു. ഈ 67 മണ്ഡലങ്ങളില്‍ 2014ല്‍ നേടിയ 39 സീറ്റുകള്‍ ബിജെപി ഇത്തവണയും നിലനിര്‍ത്തി. ഇതോടൊപ്പം ബിജെപി സഖ്യകക്ഷികളുടെ സീറ്റുകള്‍ കൂടി ചേര്‍ത്താല്‍ പ്രതിപക്ഷത്തിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്ന് വ്യക്തമാകും. മോഡി തരംഗമൊന്നും ഇല്ലാതിരുന്ന 2009ല്‍ പോലും ബിജെപി ഈ 67 മണ്ഡലങ്ങളില്‍ 18 ഇടത്ത് ജയിച്ചിരുന്നു. ഇതു വ്യക്തമാക്കുന്നത് ഹിന്ദു വോട്ടുകളുടെ കേന്ദ്രീകരണത്തിന് ബിജെപി കാലങ്ങളായി നടത്തിവരുന്ന പദ്ധതികള്‍ക്ക് വലിയ വിജയമുണ്ടായിരിക്കുന്നുവെന്നാണ്.
 

Latest News