ന്യൂദല്‍ഹി- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവ്‌ലെ. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും 2014ലേതിനേക്കാള്‍ സീറ്റുകള്‍ കുറയുമെങ്കിലും ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുണ്ടാകുന്ന നഷ്ടം ബംഗാള്‍ ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി നികത്തുമെന്നും മോഡി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.പി ബിഎസ്പി സഖ്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞതവണ നേടിയതില്‍ നിന്ന് 10 മുതല്‍ 15 സീറ്റുകള്‍ നഷ്ടപ്പെട്ടേക്കാമെന്നും അതാവ്‌ലെ പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ 80 ല്‍ 73 സീറ്റും മഹാരാഷ്ട്രയിലെ 48 ല്‍ 42 സീറ്റും ബിജെപി നേടിയിരുന്നു. ഇത്തവണ ഭരണ വിരുദ്ധ വികാരവും പ്രതിപക്ഷ സഖ്യവും തിരിച്ചടിയുണ്ടാക്കുമെന്ന് തന്നെയാണ് ബിജെപിയുടെയും കണക്കുകൂട്ടല്‍. അതിനാലാണ് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളെ ബിജെപി വളരെ നേരത്തെ ലക്ഷ്യമിട്ടത്.