Sorry, you need to enable JavaScript to visit this website.

ശസ്ത്രക്രിയക്കിടെ യുവതിക്ക് ബോധം നശിച്ചു; ദുബായില്‍ ക്ലിനിക്ക് അടപ്പിച്ചു

ദുബായ്- സൗന്ദര്യം വര്‍ധിപ്പിക്കാന്‍ മൂക്കിന് ശസ്ത്രക്രിയ നടത്തുന്നതിനിടെ യു.എ.ഇ യുവതി അബോധാവസ്ഥയിലായ  സംഭവത്തില്‍ ദുബായ് ആരോഗ്യ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചു. ശസ്ത്രക്രിയ നടത്തിയ ദുബായ് ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്റര്‍ താല്‍ക്കാലികമായി അടപ്പിച്ചു. രണ്ട് ഡോക്ടര്‍മാരോട് ചികിത്സയില്‍നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 24 കാരിയാണ് മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ച് അബോധാവസ്ഥയിലായത്. ശസ്ത്രക്രിയക്കിടെ രക്തസമ്മര്‍ദം വര്‍ധിക്കുകയുമായിരുന്നു. 16 ദിവസമായി യുവതി അബോധാവസ്ഥയില്‍ തുടരുകയാണ്. അനസ്‌തേഷ്യ വിദഗ്ധന്റേയും സര്‍ജന്റേയും ഭാഗത്ത് വീഴ്ച സംഭവിച്ചതായി  പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി ദുബായ് ആരോഗ്യ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായി ദുബായ് ആരോഗ്യ അതോറിറ്റിയൂടെ റെഗുലേഷന്‍ വകുപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. മര്‍വാന്‍ അല്‍ മുല്ല പറഞ്ഞു.  
ശസ്ത്രക്രിയക്ക് മുമ്പ് യുവതിക്ക് കാര്യമായ അസുഖങ്ങളൊന്നുമുള്ളതായി ഫയലുകളില്‍ കാണുന്നില്ലെന്ന് ദുബായ് ആരോഗ്യ അതോറിറ്റി വ്യക്തമാക്കി.

 

Latest News