Sorry, you need to enable JavaScript to visit this website.

രാജീവ് ഗാന്ധിയെ മോഡി വെറുതെ വിടുന്നില്ല; നാവിക സേനാ കപ്പലില്‍ ഫാമിലി ടൂര്‍ പോയെന്ന്

ന്യൂദല്‍ഹി- കോണ്‍ഗ്രസിനെതിരെ ആക്രമണം ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വെറുതെ വിടുന്ന മട്ടില്ല. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാജീവ് മരിച്ചതെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വാക്കുകള്‍ വീണ്ടും കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഡി. രാജീവ് ഗാന്ധിയും കുടുംബവും ബന്ധുക്കളും ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് വിരാടില്‍ ഫാമിലി ടൂര്‍ പോയെന്നാണ് മോഡിയുടെ പുതിയ ആരോപണം. ഇത് രാജ്യ സുരക്ഷയിലെ വിട്ടുവീഴ്ചയാണെന്നും മോഡി ആരോപിച്ചു. സമുദ്രാതിര്‍ത്തി സുരക്ഷയ്ക്കായി വിന്യസിച്ച നാവിക സേനാ കപ്പലിലാണ് രാജീവ് ഗാന്ധി കുടുംബത്തേയും കൂട്ടി ഒരു ദ്വീപിലേക്ക് വിനോദയാത്ര പോയതെന്നും മോഡി ആരോപിച്ചു.

ദ്വീപില്‍ അവധി ചെലവിടുന്നതിനിടെ രാജീവ് ഗാന്ധിയേയും കുടുംബത്തേയും സേവിക്കാന്‍ നാവിക സേനാ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചു. പത്തു ദിവസമാണ് ഈ ദ്വീപില്‍ ഐഎന്‍എസ് വിരാട് നങ്കൂരമിട്ടത്- മോഡി പറഞ്ഞു. 1988-ല്‍ ഇന്ത്യാ ടുഡെയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയോടൊപ്പം മോഡി ഈ ആരോപം ട്വീറ്റ് ചെയ്യുകയും ചെയ്തു.

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയസാധ്യതകള്‍ മങ്ങുന്നുവെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പ്രധാന തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിന്ന് മാറിയുള്ള മോഡിയുടെ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പുതിയ ആരോപണങ്ങള്‍. നാവിക സേനാ കപ്പല്‍ ദുരുപയോഗം ചെയ്തതിലൂടെ രാജ്യ സുരക്ഷ അപകടപ്പെടുത്തി എന്ന തരത്തിലാണ് പുതിയ പ്രചാരണം. തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും റഫാല്‍ ഉള്‍പ്പെടെയുള്ള അഴിമതിയും കോണ്‍ഗ്രസ് മുഖ്യ പ്രചരണ വിഷയമാക്കിയത് വിവിധ സംസ്ഥാനങ്ങളില്‍ അനുരണനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെയാണ് രാജ്യ സുരക്ഷ വീണ്ടും പ്രചാരണ വിഷയമായി ഉയര്‍ത്തിക്കാട്ടി ബിജെപിയുടെയും മോഡിയുടെയും പുതിയ പ്രചാരണ തന്ത്രമെന്നും വിലയിരുത്തപ്പെടുന്നു. പുല്‍വാമ ഭീകരാക്രമണവും ബാലാകോട്ട് വ്യോമാക്രമണവും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപിയുടെ രാജ്യ സുരക്ഷാ പ്രചാരണം.

Latest News