Sorry, you need to enable JavaScript to visit this website.

വാക്കുകൊണ്ട് വരഞ്ഞിടുന്ന വ്യഥകൾ 

ആധുനികതയുടെ കാലത്ത് കഥകളെഴുതിത്തുടങ്ങുകയും എന്നാൽ അതിന്റെ സ്വാധീനങ്ങളൊന്നും തന്റെ കഥകളിൽ കടന്നുവരരുത് എന്ന ഉറച്ച നിലപാടെടുത്ത് ഉത്തരാധുനികതയുടെ ശക്തരായ വക്താക്കളിൽ ഒരാളായി മാറുകയും ചെയ്ത എഴുത്തുകാരൻ വി.എസ്. അനിൽകുമാർ തന്റെ രചനാവിശേഷങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു  

തന്റെ ആദ്യകാല കഥയായ 'ഔട്ട് സൈഡറി'ൽ ആധുനികതയുടെ മിന്നലാട്ടമുണ്ട് എന്ന് സ്വയം സമ്മതിക്കുമ്പോഴും തുടർന്നെഴുതിയ കഥകളിലെല്ലാം ആധുനികത തള്ളിക്കളഞ്ഞ ജീവിതത്തിന്റെ കാതലായ വിഷയങ്ങളെ ഇതിവൃത്തമാക്കാനാണ് വി.എസ് അനിൽകുമാർ ശ്രമിച്ചത്. അതായത് ആധുനികതയുടെ പ്രമേയങ്ങളല്ല, ജീവിതത്തിന്റെ യഥാർഥ പ്രമേയങ്ങൾ എന്ന് അപ്പോഴേക്കും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.
ബഷീർ, തകഴി, ദേവ് തുടങ്ങിയവർ എഴുത്തിൽ അനുവർത്തിച്ച റിയലിസ്റ്റിക്ക് കഥനരീതിയെ കരുതലോടെ വീണ്ടെടുത്ത് കഥയിൽ അവതരിപ്പിക്കാനുള്ള ശ്രമവുമായി അക്കാലത്താണ് ഒരു കൂട്ടം കരുത്തരായ കഥാകാരൻമാർ രംഗപ്രവേശനം ചെയ്യുന്നത്. സി.വി. ശ്രീരാമനും വൈശാഖനും ടി.വി. കൊച്ചുബാവയും പി. സുരേന്ദ്രനും അഷിതയും അശോകൻ ചരുവിലും അവരിൽ ചിലരായിരുന്നു. അവർ കഥകളിൽ കൊണ്ടുവന്ന പുതിയ ലാവണ്യാനുഭൂതിയുടെ ഭാഗമാകാനും അതിന്റെ കരുത്തും കാതലും കെടാതെ കാക്കുന്ന കർത്തവ്യം കടമയായി കണ്ട് ഇടർച്ചയുള്ള തുടർച്ചകളിൽ ക്രമമായി കഥകൾ സൃഷ്ടിക്കാനും ശ്രമിക്കുന്ന വി.എസ്.അനിൽകുമാർ മനസ്സ് തുറക്കുന്നു: 
1972-ലാണ് മാഷുടെ ആദ്യകഥ-പ്രതികാരം അച്ചടിച്ചു വരുന്നത്. അതായത് ആദ്യകഥ പുറത്തിറങ്ങിയിട്ടിപ്പോൾ നാലര പതിറ്റാണ്ടിലേറെയായി. അതിനിടയിൽ എഴുതിയത് 250-ലേറെ കഥകൾ. എന്ത് തോന്നുന്നു?
എം. മുകുന്ദനും കാക്കനാടനും ഒ.വി.വിജയനും പുനത്തിലും ഒക്കെ ആ ധുനികതയെ ആഘോഷിക്കുന്ന കാലത്താണ് ഞാൻ എഴുതി തുടങ്ങുന്നത്. തുടക്കത്തിൽ കഥാസാഹിത്യത്തിലെ പ്രവണതകളൊന്നും അറിഞ്ഞിരുന്നില്ല. പതുക്കെ കാര്യങ്ങൾ പിടികിട്ടി തുടങ്ങി. ആധുനികർ നിരന്തരമായി പറയാൻ ഉദ്ദേശിച്ച വിഷയങ്ങൾ ഏറെക്കാലം നിലനിൽക്കുന്നതല്ലെന്ന് എന്റെ യുക്തിബോധം മുന്നറിയിപ്പു നൽകി. അതുകൊണ്ടു തന്നെ വൈശാഖനും സി.വി. ശ്രീരാമനും ടി.വി.കൊച്ചുബാവയും പി. സുരേന്ദ്രനും അഷിതയും അശോകൻ ചരുവിലും കഥാസാഹിത്യത്തിൽ പുതിയ മാതൃകകൾ കൊണ്ടുവരാൻ തുടങ്ങിയപ്പോൾ ഞാനും അതിലൊരാളായി. 
ഉള്ളിലെ കഥാകാരനെ തിരിച്ചറിയുന്നത് എപ്പോഴാണ്? 
ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിലെ കൈയെഴുത്തു മാസികയ്ക്ക് വേണ്ടി കഥയെഴുതിയിട്ടായിരുന്നു തുടക്കം. എഴുതിയ കഥ ഞാൻ മാസികയുടെ മേൽനോട്ടക്കാരനായ കുഞ്ഞിരാമൻ മാഷെ ഏൽപ്പിച്ചു. നിർഭാഗ്യത്തിന് കൈയെഴുത്ത് മാസിക പുറത്തിറങ്ങിയില്ല. ഒപ്പം എന്റെ ആദ്യ കഥയും ചരമമടഞ്ഞു. ഇന്ന്, പേര് പോലും ഓർമയില്ലാത്ത ആ കഥ നഷ്ടപ്പെട്ടെങ്കിലും എഴുതാനുള്ള എന്റെ ആവേശം നഷ്ടപ്പെട്ടില്ല. ആയിടയ്ക്ക് ആരുടെ പ്രേരണയുമില്ലാതെ തുടരെ ഞാൻ രണ്ടു കഥകളെഴുതി. ആദ്യം കാണിച്ചത് അച്ഛനെയാണ്. കഥകൾ അദ്ദേഹം ചുവന്ന മഷിയിൽ തിരുത്തി തന്നു. 1971-ലെ സ്‌കൂൾ യുവജനോത്സവത്തിൽ കഥാമത്സരത്തിന് ആ കഥയ്ക്ക് ഒന്നാം സമ്മാനം കിട്ടി. അടുത്ത വർഷം പ്രതികാരം എന്ന പേരിൽ ആ കഥയാണ് എന്റെ ആദ്യ കഥയായി അച്ചടിച്ചു വരുന്നത്.
എന്തായിരിക്കും താങ്കളെ കഥാകാരനാക്കിയ സാഹചര്യം?  
ഏറെ അന്തർമുഖത്വമുള്ള ലജ്ജാശീലനായ കുട്ടിയായിരുന്നു ഞാൻ. നേരിട്ട് ആരുടെയെങ്കിലും മുമ്പിൽ പ്രത്യക്ഷപ്പെടാനോ സംസാരിക്കാനോ വിമുഖൻ. അതേ സമയം എനിക്കൊരുപാടു കാര്യങ്ങൾ ആരോടോക്കെയോ പറയാനുണ്ടായിരുന്നു. അതെല്ലാം നേരിട്ടല്ലാതെ മറഞ്ഞു നിന്ന് പറയുന്നതാകും സൗകര്യപ്രദം എന്നു തോന്നിയപ്പോൾ സ്വീകരിച്ച ഉപാധിയാണ് എഴുത്ത്. അടഞ്ഞു കിടക്കുന്ന എന്റെ മനസ് എഴുത്തിലൂടെ തുറന്നെടുക്കുകയായിരുന്നു. കഥയെഴുത്തിലൂടെ മറ്റുള്ളവർക്ക് മുന്നിൽ ഞാൻ എന്നെ തന്നെ തുറന്നു വെക്കുകയാണ് ചെയ്തത്.
മലയാളത്തിലെ തലമുതിർന്ന, പ്രസിദ്ധനായ സാഹിത്യ നിരൂപകൻ,പ്രൊഫ. എം.എൻ. വിജയന്റെ മകനാണ് താങ്കൾ. ഒരു കഥാകാരനായ താങ്കളിൽ അച്ഛന്റെ സ്വാധീനം എത്രമാത്രമുണ്ട് എന്നു പറയാമോ?
എന്റെ കഥയെഴുത്തിൽ നിരന്തര മാർഗദർശകനായി അച്ഛൻ ഇരുന്നിട്ടേയില്ല. ആദ്യകാലത്ത് എഴുതിയ കഥകൾ അച്ഛനെ കാണിച്ചിരുന്നു. അദ്ദേഹം പലതും തിരുത്തി തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിൽ തിരക്കായതോ ടെ നോക്കാൻ കൊടുത്ത കഥകൾ തിരിച്ചു കിട്ടാൻ വൈകി. തരുമ്പോഴും അഭിപ്രായമൊന്നും പറഞ്ഞില്ല. എന്തെങ്കിലും ചോദിക്കാൻ എനിക്കും പേടിയായിരുന്നു. തന്റെ നിഴൽ മകന്റെ കഥയെഴുത്ത് ജീവിതത്തിൽ പതിയരുത് എന്നൊരു നിർബന്ധം അദ്ദേഹം പുലർത്തിയിരുന്നതായി പിന്നീടെനിക്ക് തോന്നി. മക്കളുടെ വളർച്ചയിൽ അച്ഛൻ എന്ന നിലയിൽ എങ്ങനെ സ്വാധീനിച്ചു എന്ന് ഒരിന്റർവ്യൂവിൽ ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത് അവരുടെ വഴിയിൽ തടസ്സമാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ്. എന്നാൽ എ ന്റെ ഒരു കഥ വായിച്ചിട്ട്, കഥ അവസാനിപ്പിക്കുന്നത് കുറിക്ക് കൊള്ളുന്ന വാചകത്തിലായിരിക്കണം എന്നൊരിക്കൽ അദ്ദേഹം പറയുകയുണ്ടായി. അതല്ലാതെ കഥയെഴുത്തിനെ കുറിച്ച് മറ്റധികം ഉപദേശമൊന്നും അച്ഛൻ തന്നിട്ടില്ല. 
ധർമടത്തിന്റെ ജീവിതം ലോകചരിത്രത്തിലാദ്യമായി കഥകളിൽ കൊണ്ടുവന്നവൻ ഞാനാണ് എന്ന് എണ്ണിയെണ്ണിക്കുറയുന്നത് എന്ന കഥാസമാഹാരത്തിന്റെ മുഖവുരയിൽ താങ്കൾ പറയുന്നുണ്ട്. ബാല്യ-കൗമാര-യൗവനങ്ങളിലായി 30 വർഷത്തോളം കഴിഞ്ഞ ഈ ഗ്രാമപ്രദേശം താങ്കളെ ജീവിതത്തിലും കഥയെഴുത്തിലും എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്? 
30 അല്ല, 42 വർഷവും ഞാൻ ധർമടത്തായിരുന്നു. മനുഷ്യനായും എഴുത്തുകാരനായും എന്നെ അടിമുടി രൂപപ്പെടുത്തിയത് ആ ജീവിതമാണ്. വള രെയേറെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ദരിദ്രഗ്രാമപ്രദേശമാണ് അന്ന് ധർമടം. വളരെ സാധാരണക്കാരായിരുന്നു അവിടെ എന്റെ കൂട്ട്. ബീഡിത്തൊഴിലാളികൾ, കൂലിപ്പണിക്കാർ, മീൻപിടുത്തക്കാർ, പണമില്ലാത്തതിനാൽ പഠിക്കാൻ കഴിയാത്തവർ, തൊഴിൽഹിതർ തുടങ്ങിയവർ. പൊതുവെ ഒരു ഇടതുപക്ഷ ചായ്‌വുള്ള പ്രദേശമാണ് ധർമടം. എന്നാൽ ആളുകൾ രാഷ്ട്രീയ കാര്യങ്ങളിൽ പ്രബുദ്ധർ. അവരോടൊപ്പം മൈതാനത്തും ചായപ്പീടികയിലും ബാർബർ ഷോപ്പിലും വായനശാലയിലുമിരുന്ന് പതിവായി രാഷ്ട്രീയം പറയും. പലപ്പോഴും അത് രൂക്ഷമായ വാഗ്വാദങ്ങളായി മാറും (ഈ വായനശാലയിൽ, ഈ ചായപ്പീടികയിൽ എന്നീ കഥകളിൽ ആ കാലത്തിന്റെ ഓർമകളുണ്ട്) ഇവിടെ നിന്നാണ് എന്നിലെ രാഷ്ട്രീയക്കാരൻ രൂപപ്പെടുന്നതും ഇടതു പക്ഷത്തേക്ക് ചായുന്നതും. അല്ലാതെ പുസ്തകങ്ങൾ വായിച്ചല്ല ഞാൻ രാഷ് ട്രീയം പഠിക്കുന്നത്.
സ്വാഭാവികമായും ധർമടം ജീവിതകാലത്തെ അറിവും അനുഭവവും ഒ പ്പം അവിടുത്തെ പല മനുഷ്യരും നേരിട്ട് തന്നെ എന്റെ കഥകളിലും കടന്നുവരുന്നുണ്ട്. ഞാൻ അടുത്ത് ഇടപഴകിയവരായതു കൊണ്ട് അവരെ കഥകളിലേക്ക് കൊണ്ടുവരാനും എനിക്ക് എളുപ്പമായിരുന്നു. ഉദാഹരണമായി പുഴ വ ന്നു വിളിച്ചു എന്ന കഥയിലെ മുരുമുട്ടി രാജു എന്ന കഥാപാത്രം. അത്തരം ഒ രു മനുഷ്യനിൽ എങ്ങനെയാണ് ലോകവും ജീവിതവും പ്രവർത്തിക്കുന്നതെന്ന് കാണിച്ചു കൊടുക്കാനാണ് ഞാൻ ശ്രമിച്ചത്. അനന്തൻ മൂപ്പർ (നരനായും പറവയായുമിങ്ങനെ...), വനജ(വനജ എന്ന കഥ)എന്നിങ്ങനെ ഒരുപാട് കഥാപാത്രങ്ങളെ കഥകളിലേക്ക് കൊണ്ടുവരാൻ ധർമടം സഹായകമായിട്ടുണ്ട്. സത്യത്തിൽ ധർമടംദേശം എന്റെ കഥയുടെയും ജീവിതത്തിന്റെയും നിധിയാണ്.
ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ ഏതാണ്ട് ഒരു 13 വർഷക്കാലം ആദ്യം വിദ്യാർഥിയായും തുടർന്ന് അധ്യാപകനായും ജീവിച്ചത് ചെന്നൈ നഗരത്തിലാണ്. ഗ്രാമത്തിൽ നിന്നുമുള്ള ഒരു പറിച്ചു നടലായിരുന്നു അത്. എങ്ങനെയാണ് ഈ കാലം താങ്കളിലെ കഥാകാരനെ സ്വാധീനിച്ചത്?
30 വയസുവരെ ഗ്രാമത്തിലുണ്ടാക്കിയ ബന്ധങ്ങളും സൗഹൃദങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും ഒക്കെ ഉപേക്ഷിച്ചാണ് ഞാൻ തമിഴ് നാട്ടിലേക്ക് വണ്ടി കയറുന്നത്. ആദ്യം എം.ഫിൽ ചെയ്യാൻ ഒരു വർഷം മദ്രാ സ് സർവകലാശാലയിൽ. തുടർന്ന് അധ്യാപകനായി ക്രിസ്ത്യൻ കോളജിൽ 12 വർഷങ്ങൾ. ഗ്രാമജീവിതത്തിൽ തിക്കും തിരക്കും ബഹളവും വേഗതയും കുറവാണെങ്കിലും, അവയെല്ലാം ആവശ്യത്തിൽ കൂടുതലാണ് നഗരത്തിൽ. നഗരത്തിൽ എത്തിയപ്പോൾ എന്നെ വല്ലാതെ ശ്വാസം മുട്ടിച്ച കാര്യം അവിടെ ആർക്കും ആരോടും സംസാരിക്കാൻ നേരമില്ല എന്നുള്ളതാണ്. എല്ലാവരും എങ്ങോട്ടൊക്കെയോ തിരക്കിട്ട് ഓട്ടമാണ്. അപ്പോൾ വലിയ ആൾക്കൂട്ടത്തി ലും തനിയെ ആയതുപോലെ തോന്നും. പരസ്പരം സംസാരിക്കുന്നില്ല എന്നതിനാൽ ഭാഷ ഉപയോഗിക്കേണ്ടി വരുന്നില്ല. എണ്ണിയെണ്ണിക്കുറയുന്നത് എന്ന കഥയിലെ ശ്രീധരൻ നായരെ പോലുള്ള നിരവധി പേർ എന്റെ കഥകളിൽ വ ന്നു നിറയുന്നത് ഈ നഗരാനുഭവങ്ങളിൽ നിന്നാണ്. കഥകൾ എഴുതിതന്നെ വേണമായിരുന്നു എനിക്കന്ന് ആശ്വസം കണ്ടെത്താൻ. 
നഗരജീവിതത്തോട് പൊരുത്തപ്പെടാനാവാത്ത മനസ്സാണോ താങ്കളുടേത്? പ്രയാസപങ്ക് എന്ന കഥയിലെ അബ്ദുള്ളാക്കയെ പോലെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ അവാച്യമായ ഒരു ആഹ്ലാദവും ആശ്വാസവും താങ്കൾ അനുഭവിച്ചിരുന്നോ?
വളരെ ശരിയായ ഒരു നിരീക്ഷണമാണത്. അതേസമയം ചെന്നൈയിൽ താംബരത്തെയും ചേലയൂരിലേയും താമസവും ജീവിതവും നന്നായി ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അപ്പൊഴും നഗരത്തിന്റെ ഉപരി/സമ്പന്ന ജീവിതവുമായി ബന്ധപ്പെടാനോ അതിൽ പങ്കാളിയാകാനോ ഞാൻ ശ്രമിച്ചില്ല. കോളേജിലെ ചുരുക്കം ചില സൗഹൃദങ്ങളോടൊപ്പം ഓട്ടോറിക്ഷക്കാർ, തൊഴിലാളികൾ, മീൻകച്ചവടക്കാർ, മുനിസിപ്പാലിറ്റി തൂപ്പുകാർ, തട്ടുകടക്കാർ തുടങ്ങിയവരായിരുന്നു എന്റെ കൂട്ടുകാർ. ഇടത്തരക്കാരുമായാണ് ബന്ധങ്ങളും സൗഹൃദങ്ങളും സൂക്ഷിച്ചത്. ഞാൻ നന്നായി തമിഴ്ഭാഷ സംസാരിക്കാൻ തുടങ്ങി. എഴുതാനും വായിക്കാനും പഠിച്ചു (സുഹൃത്തായ ഭാരതീപുത്രൻ എന്ന ഡോ.ബാലുസ്വാമിയോടൊപ്പം ചേർന്ന് മിളകുക്കൊടികൾ എന്നപേരിൽ എ.അയ്യപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി തുടങ്ങി 15 കവികളുടെ 30 കവിതകളുടെ ഒരു സമാഹാരം വി.എസ്.അനിൽകുമാർ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്)
ചെന്നൈ ജീവിതം ഇഷ്ടപ്പെട്ടപ്പോഴും അവിടെ ജീവിച്ച ഓരോ നിമിഷവും മനസ്സ് നാട്ടിലായിരുന്നു. നാട്ടിലൊരു ജോലിക്ക് വേണ്ടി നിരന്തര ശ്രമങ്ങ ൾ നടത്തി. അവസരങ്ങൾ ഓരോന്നും നഷ്ടപ്പെട്ടപ്പോൾ ചെന്നൈയിലെ ജീ വിതം അനിശ്ചിതമായി നീണ്ടു പോയി. ഒരവസരം കിട്ടിയാൽ ഏതുനിമിഷവും നാട്ടിലേക്ക് തിരിച്ചു വരാൻ തയ്യാറായ ഞാൻ, അതുകൊണ്ടു തന്നെ അ വിടെ ജീവിച്ച 13 വർഷക്കാലവും ഒരു ടെലഫോണിന് പോലും അപേക്ഷിച്ചുമില്ല. മൊബൈലൊന്നും അന്നില്ല. തൊണ്ടയിലെ അർബുദചികിത്സിക്കായി അച്ഛൻ ചെന്നൈയിൽ വന്ന് എന്നോടൊപ്പം താമസിച്ച എട്ടു മാസക്കാലം ഫോണില്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിച്ചു. 2000-ൽ കണ്ണൂർ സർവകലാശാലയിൽ ജോലി ശരിയായപ്പോൾ സാമ്പത്തികമായി അത് നഷ്ടക്കച്ചവടമായിട്ടും നാട്ടിലേക്ക് ചാടുകയായിരുന്നു. താങ്കൾ സൂചിപ്പിച്ചതുപോലെ അതൊരു വല്ലാത്ത ആഹ്ലാദവും ആശ്വാസവുമായിരുന്നു.
വടക്കേ മലബാറിന്റെ ഒരുപാട് തനത് പ്രാദേശിക ഭാഷാ പ്രയോഗങ്ങളും നാട്ടുശീലങ്ങളും വാമൊഴികളും താങ്കളുടെ കഥകളിൽ കടന്നു വരുന്നുണ്ട്. മലബാറുകാർക്കിത് എളുപ്പം മനസിലാകും. പക്ഷെ, അതിനപ്പുറമുള്ള മ ലയാളികൾക്ക് ഇത് അത്രപെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുമോ? 
കഥയിൽ അത് കൊണ്ടു വരുന്നതിന് പ്രത്യേകിച്ച് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, കേരളത്തിലെ എല്ലാ മലയാളികൾക്കും മനസ്സിലാകുന്ന ഭാഷ നമ്മുടെ സാഹിത്യത്തിൽ വ്യാപകമായി വന്നിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാ യ ഒരു ഭാഷ ധർമടം പോലുള്ള ഒരു പിന്നോക്ക പ്രദേശത്തുള്ളപ്പോൾ അത് കഥകളിൽ അവതരിപ്പിക്കുക എന്നത് ഞാനൊരു വെല്ലുവിളിയായി കണ്ടു. എന്റെ നാടിന്റെ ഭാഷ എന്റെ കഥാപാത്രങ്ങൾ സംസാരിക്കണമെന്ന് എനിക്ക് നി ർബന്ധമുണ്ട്. അതിനെ കുറിച്ചും കേരളീയർ അറിയണമല്ലൊ. മറ്റൊന്ന്, ഞാൻ എഴുതിത്തുടങ്ങി അധികം വൈകാതെയാണ് ആഗോളവൽക്കരണത്തിന്റെ കടന്നുകയറ്റം ഉണ്ടാകുന്നത്. അത് ശക്തിപ്പെടുകയും ഒരു ലോകം ഒരു ഭാഷ ഒരു സംസ്‌കാരം എന്ന ആഗോളഗ്രാമ സമഗ്രാധികാരത്തിലേക്ക് വളരുകയും ചെയ്തു. ആഗോളവൽക്കരണം മനുഷ്യരാശിയുമായി ബന്ധപ്പെട്ട എല്ലാത്തിനേയും ഒന്നിലേക്ക് സങ്കോചിപ്പിക്കുകയും വൈവിധ്യങ്ങൾ നശിപ്പിക്കുകയും ചെയ്യുമ്പോൾ അതിനെതിരായി പ്രതിരോധിക്കാനുള്ള മാർഗങ്ങളിലൊന്ന് ഏ റ്റവും പ്രാദേശികമാവുകയാണ് എന്നു തോന്നി. അതിനാൽ പ്രാദേശിക ഭാ ഷാ-വാക് പ്രയോഗങ്ങൾ ഞാൻ കഥകളിൽ തുടർന്നും നിലനിർത്തി. ആഗോളീകരണത്തെ എതിരിടാൻ എഴുത്തുകാരനായ എന്റെ കർമമാർഗമാണിത്. 
1999-ൽ മണ്ണുതിന്നുന്നവൻ എന്ന കഥാസമാഹാരത്തിന് അബുദാബി ശക്തി അവാർഡ്, ആ കൃതിക്ക് തന്നെ അതേ വർഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അവാർഡ്, 2000-ൽ ദേശം ഒരു നോട്ടീസ് വായിക്കുന്നു എന്ന കൃതിക്ക് ജാലകം അവാർഡ് എന്നിവ കിട്ടിയിട്ടുണ്ട്. മികവുറ്റ ഒരുപിടി കഥകളെഴുതിയ താങ്കൾക്ക് ഈ അംഗീകാരങ്ങൾ മതിയോ? മലയാളം താങ്കളെ അർഹിക്കുന്ന അംഗീകാരം നൽകി ആദരിച്ചോ? 
കഥയെഴുതുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും അംഗീകാരങ്ങളെ കുറിച്ചൊന്നും ചിന്തിക്കാറില്ല. വായനക്കാർ അതെങ്ങനെ സ്വീകരിക്കുന്നു എന്നതാ ണ് എനിക്കിഷ്ടം. വനജ എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട കഥ എഴുതിയ സമയം. സ്ഥിരമായി വീട്ടിൽ വരുന്ന എഴുത്തുകാരൻ ടി.പി.സുകുമാരൻ മാഷ് ക ഥയെ കുറിച്ച നേരിട്ട് പറയാതെ എനിക്കൊരു കാർഡ് അയച്ചു-നീയാണെടാ യഥാർഥ തീയ്യൻ-എന്ന് അതിൽ കുറിച്ചിരുന്നു. ഈ ജാതി പരാമർശം എന്റെ കഥകളുടെ ദേശസ്വഭാവത്തെ സൂചിപ്പിക്കുന്നു എന്നതിനാൽ ഞാനതൊരു അംഗീകാരമായി കണ്ടു. 1977-ൽ മലകൾക്കപ്പുറമുള്ള കടൽ എന്ന കഥ മാതൃഭൂമി കഥാമത്സരത്തിൽ സമ്മാനം നേടിയിരുന്നു. ടി.പി.കിഷോറും അഷിതയും എനിക്കൊപ്പം സമ്മാനം കിട്ടിയവരാണ്. എന്നാൽ ചില കാരണങ്ങളാൽ ഞാൻ സമ്മാനം നിരസിക്കുകയാണുണ്ടായത്. എൻ.എസ്.മാധവൻ, എൻ. പ്രഭാകരൻ പി.സുരേന്ദ്രൻ, അയ്മനം ജോൺ, ചന്ദ്രമതി തുടങ്ങിവരെ പ്രസിദ്ധിയിലേക്കുയർത്തിയ സമ്മാനമാണത് എന്നുമോർക്കണം. എല്ലാത്തിനുമപ്പുറം ഒരു സമ്മാനവും വേണ്ട എന്ന ഉറച്ച് പറഞ്ഞ എം.എൻ.വിജയന്റെ മകനാണ് ഞാൻ. പറഞ്ഞു വന്നത് എനിക്ക് കഥയെഴുത്താണ് പ്രധാനം, അവാർഡുകളല്ല. 
ഗഹനമായ ഇതിവൃത്തം കഥകൾക്ക് തെരഞ്ഞെടുക്കുമ്പോഴും ലാളിത്യത്തിലധിഷ്ഠിതമായ ആഖ്യാനമാണ് താങ്കൾ സ്വീകരിക്കുന്നത്. ഉണ്ണി പോകുന്നു, എണ്ണിയെണ്ണിക്കുറയുന്നത്, മലബാർ എക്‌സ്പ്രസിൽ, നരനായും പറവയായുമിങ്ങനെ, പെറ്റവർ, ഈ നമ്മളൊക്കെ എന്നിവ ചില ഉദാഹരണങ്ങളാണ്. അതേസമയം ആധുനികത അവസാനിച്ചപ്പോഴും അത് കഥാസാഹിത്യത്തിൽ അവശേഷിപ്പിച്ചു പോയ പ്രധാന ശാപങ്ങളിലൊന്ന് കഥകളുടെ ആ ഖ്യാനത്തിൽ ബോധപൂർവം സൃഷ്ടിക്കുന്ന ഗഹനതയാണ്. ലാളിത്യത്തെ തി രസ്‌കരിക്കുന്ന ഈ പ്രവണത താങ്കളുടെ കഥകൾക്ക് കിട്ടേണ്ട വ്യാപകമായ വായനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ?
എന്റെ കഥയെ കുറിച്ചുള്ള വേറിട്ട ഒരു വിശകലനം എന്ന നിലയിൽ ഇപ്പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. പക്ഷെ, എനിക്കങ്ങനെ തോന്നിയിട്ടില്ല. ആദ്യ കാലത്ത് എന്റെ കഥാഘടന വളരെ മുറുകിയതാണ് എന്നൊരു നിരീക്ഷണമാ ണ് എൻ. ശശിധരനെ പോലുള്ള നിരൂപകർ നടത്തിയത്. അതേസമയം എന്റെ കഥകൾക്ക് രൂപപരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നത് ഒരു സത്യമാണ്. ആരംഭത്തിൽ സ്വീകരിച്ച ആഖ്യാനമല്ല ഇപ്പോൾ എഴുതുന്ന കഥകൾക്കുള്ളത്. മുറുകിയ ഘടനയിൽ നിന്നും ഞാൻ ലാളിത്യത്തിലേക്ക് വന്നിട്ടുണ്ടാകാം. അത് എന്റെ വളർച്ചയാണോ തളർച്ചയാണോ എന്ന് വായനക്കാർ വിലയിരുത്തട്ടെ. എന്തായാലും ഈ ആഖ്യാനരീതിയുമായി മുന്നേറാനേ എ നിക്ക് കഴിയൂ.
താങ്കളുടെ ഓരോ കഥയും ഒരു വ്യഥയാണ് എന്നു പറയാം. വാക്കുകൾ കൊണ്ട് വരഞ്ഞിടുന്ന വ്യഥയുടെ കഥാകാരൻ എന്നും താങ്കളെ വിശേഷിപ്പിക്കാം. മക്കളും മരുമക്കളുമുണ്ടായിട്ടും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവ ന്റെ വ്യഥ, ഇതരചരാചരങ്ങൾക്ക് ഇവിടെ കഴിയാൻ അവസരം നഷ്ടപ്പെടുന്ന ത് ഓർത്തുള്ള വ്യഥ, വികസനം വരുമ്പോൾ നഷ്ടമാകുന്ന കളിയിടങ്ങളെ കുറിച്ചുള്ള വ്യഥ, കാലം മാറുമ്പോൾ അർഥവും പ്രവർത്തനവും മാറിപോകു ന്ന വായനശാലകളെപ്പറ്റിയും ചായപ്പീടികകളെപ്പറ്റിയുമുള്ള വ്യഥ, കുടുംബം നഷ്ടപ്പെടുന്നവരുടെ, സ്‌നേഹം നിഷേധിക്കപ്പെടുന്നവരുടെ, സാന്ത്വനം കി ട്ടാതെ പോകുന്നവരുടെ, പ്രണയിക്കുന്നവരുടെ വ്യഥകൾ. ഇങ്ങനെ വ്യഥയു ടെ വൈവിധ്യങ്ങളുണ്ട് താങ്കളുടെ കഥകളിൽ. വ്യഥ, കഥയുടെ വ്യവസ്ഥയായി മാറുന്നത് എന്തുകൊണ്ടാണ്? 
സംതൃപ്തമായ ജീവിതങ്ങളെ കുറിച്ച് ഒരു കഥാകാരന് എന്താണ് പറയാനുള്ളത്? സന്തോഷത്തിന് ഒരു തലമേയുള്ളു. അതേസമയം ദുഃഖത്തിനും വേദനയ്ക്കും പല തലങ്ങളുണ്ട്. അത് എല്ലാ മനുഷ്യരിലും പടർന്ന് പന്തലി ച്ച് പെട്ടെന്ന് കാണാനാകാതെ മൂടിക്കിടക്കുന്ന കാര്യമാണ്. മൂടിവെക്കപ്പെട്ട എല്ലാത്തിനകത്തും ഒരു വേദന ഒളിഞ്ഞിരിപ്പുണ്ട്. ദാരിദ്ര്യം, പീഡനം, സ്തീ-പുരുഷ സമത്വമില്ലായ്മ, അനാചാരങ്ങൾ, പ്രകൃതിക്കേൽക്കുന്ന പരിക്കുകൾ തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ട ഒരുപാട് വേദനകളുണ്ട്. ഇതൊക്കെ പ ലതരം വ്യാപാര താൽപര്യം, ലാഭേച്ഛ എന്നിവയാൽ മൂടിവെക്കപ്പെടുന്നു. വി വിധ പരസ്യങ്ങളിലൂടെ ഭരണകൂടവും പലതരം വേദനകൾ മൂടിവെക്കുന്നു. ഉ ദാഹരണത്തിന് ഇന്ത്യ തിളങ്ങുന്നു എന്ന പരസ്യം. എവിടെയാണ്, എപ്പൊഴാണ് ഈ തിളക്കമുണ്ടായിട്ടുള്ളത്? 60 ശതമാനത്തിലേറെ ആളുകൾ ദാരിദ്ര്യരായ രാജ്യം എങ്ങനെയാണ് തിളങ്ങുക? ദാരിദ്ര്യം എന്ന വേദന മൂടിവെക്കാനു ള്ള പരസ്യമാണത്. ആ വേദന കണ്ടെടുക്കുക എന്നതാണ് കഥാകാരന്റെ ദൗത്യം. എഴുത്തുകാരൻ എപ്പൊഴും വേദനിക്കുന്നവരോടൊപ്പം നിൽക്കണം. ആരെല്ലാമോ ഏതൊക്കെയോ കാരണത്താൽ മൂടിവെക്കുന്ന വേദനകളെ അഥവാ വ്യഥകളെ തുറന്നു കാട്ടുക എന്ന കർമമാണ് കഥയുടെ കാതൽ. 
മനുഷ്യത്വവും നൻമയും പരസഹായ മനോഭാവവും, പക്ഷിമൃഗാദികളോട് അതിരറ്റ വാത്സല്യവും ഏറെയുള്ള ഐഡിയൽ കഥാപാത്രങ്ങൾ ഒരു പിടിയുണ്ട് താങ്കളുടെ കഥകളിൽ. ഉദാഹരണത്തിന് മാഷും ടീച്ചറും(ഈ നമ്മളൊക്കെ)പുരുഷുവേട്ടൻ(മലബാർ എക്‌സ്പ്രസിൽ)മേക്കിലേരി നാണു(നരനായും പറവയായുമിങ്ങനെ..)മുസ്തഫ (ഒരു മുസ്തഫയും ഏട്ടമത്സ്യവും) ഇ ത്തരം കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ വർത്തമാന ലോകത്തിനാകുമോ?
 നമുക്കു ചുറ്റുമുള്ള സമൂഹത്തിൽ അങ്ങനെയും കുറച്ചാളുകളുണ്ട് എ ന്നതൊരു സത്യമാണ്. പക്ഷെ, പലരും അവരെ കാണുന്നില്ല. അവശ്യഘട്ടങ്ങളിൽ സഹായത്തിനെത്തുക, രോഗിക്ക് കൂട്ടുകിടക്കുക, മരിച്ചിടത്തും കല്യാ ണ വീട്ടിലും ഓടിവരിക, ആശുപത്രിയിൽ വന്ന് സഹായിക്കുക തുടങ്ങി ആരും പറയാതെ ഒരു പാട് ഉത്തരവാദിത്വങ്ങൾ അവർ സ്വയം ഏറ്റെടുക്കും. സഹായിക്കുന്നവരുമായി അയാൾക്ക് പലപ്പോഴും കാര്യമായ ബന്ധങ്ങളൊന്നും ഉണ്ടാവണമെന്നില്ല. എന്തെങ്കിലും കണ്ടിട്ടോ പ്രതീക്ഷിച്ചിട്ടോ അല്ല അവരൊന്നും ചെയ്യുന്നത്. വിഷമിക്കുന്നവരോട് താദാത്മ്യം പ്രാപിക്കാനുള്ള വലിയ മനസ്സുള്ളവരാണവർ. ഒരുകാലത്ത് കമ്യൂണിസ്റ്റുകാരിലെ പ്രാദേശിക നേതാക്കളിൽ ഇപ്പറഞ്ഞ സ്വഭാവഗുണങ്ങളുണ്ടായിരുന്നു. ഒരു ചെറു ന്യൂനപക്ഷമാണെങ്കിൽകൂടി ഇത്തരം ആളുകൾ ലോകാവസാനം വരെയുണ്ടാകുകയും ചെയ്യും. 
അവരുടെ നൻമകൊണ്ടു കൂടിയാണ് വാസ്തവത്തിൽ ഈ ലോകം ഇതുപോലെ നിലനിൽക്കുന്നത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അ സ്തമിക്കാത്ത പ്രതീക്ഷയുടെ വിളക്കാണ് ആ വിശ്വാസം. അതുപകരുന്ന വെ ളിച്ചം കൊണ്ടേ എനിക്ക് മുന്നോട്ട് പോകാനാകൂ. എല്ലാം കെട്ടുപോയി എന്ന് കരുതാൻ ഇപ്പോഴും മനസ്സ് വിസമ്മതിക്കുന്നു.  
 

Latest News