Sorry, you need to enable JavaScript to visit this website.

പതിനഞ്ച് ലക്ഷം പേരുടെ ഇമെയില്‍ കോണ്‍ടാക്ടുകള്‍ ശേഖരിച്ചു; മനഃപൂര്‍വമല്ലെന്ന് ഫേസ് ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ- അനുമതിയില്ലാതെ 15 ലക്ഷം ഉപയോക്താക്കളുടെ ഇ-മെയില്‍ കോണ്‍ടാക്ടുകള്‍ ശേഖരിച്ചതായി ഫേസ് ബുക്ക് സമ്മതിച്ചു. 2016 മേയ് മുതല്‍ കഴിഞ്ഞ മാസം വരെ പുതിയ ഉപയോക്താക്കളോട് വെരിഫൈ ചെയ്യുന്നതിനായി ഇ-മെയില്‍ വിലാസങ്ങളും പാസ് വേഡും നല്‍കാന്‍ ഫേസ് ബുക്ക് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ നല്‍കിയവരുടെ മുഴുവന്‍ ഇ-മെയില്‍ കോണ്‍ടാക്ടുകളും ഫേസ് ബുക്ക് സെര്‍വറിലേക്ക് ഡൗണ്‍ലോഡ് ആകുകയായിരുന്നു. ഇത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ക്കു മുന്നില്‍ വഴികളൊന്നുമുണ്ടായിരുന്നില്ല.

ഇ-മെയില്‍ കോണ്‍ടാക്ടുകള്‍ ഡൗണ്‍ലോഡ് ചെയ്തത് മനഃപൂര്‍വമല്ലെന്നും വെരിഫിക്കേഷന്‍ പ്രക്രിയയുടെ ഭാഗമായി സംഭവിച്ചു പോയതാണെന്നുമാണ് ഫേസ് ബുക്കില്‍നിന്നുള്ള വിശദീകരണം. ഇ മെയില്‍ വിലാസങ്ങള്‍ ആര്‍ക്കും പങ്കുവെച്ചിട്ടില്ലെന്നും തങ്ങളുടെ സെര്‍വറിലേക്ക് ഡൗണ്‍ലോഡ് ചെയ്ത വിലാസങ്ങള്‍ ഡിലീറ്റ് ചെയ്യുകയാണെന്നും കമ്പനി അറിയിച്ചു.

ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഇമെയില്‍ വെരിഫിക്കേഷന്‍ സാധാരണമാണെങ്കിലും ഫേസ് ബുക്ക് ഇത് വേറിട്ട രീതിയില്‍  ചെയ്തതാണ് പ്രശ്‌നമായത്. സാധാരണ ഏതെങ്കിലും ഓണ്‍ലൈന്‍ അക്കൗണ്ടില്‍ സൈന്‍ അപ് ചെയ്യുമ്പോള്‍ ഇമെയില്‍ വിലാസം നല്‍കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഉപയോക്താക്കളുടെ ഇമെയിലിലേക്ക് ലിങ്ക് വരികയും അതില്‍ ക്ലിക്ക് ചെയ്ത് വെരിഫൈ ചെയ്യുകയുമാണ് പതിവ്. എന്നാല്‍ ഉപയോക്താക്കളില്‍നിന്ന് ഇമെയില്‍ പാസ് വേഡ് കൂടി കരസ്ഥമാക്കി ഫേസ് ബുക്ക് തന്നെ വെരിഫിക്കേഷന്‍ നടത്തുകയായിരുന്നു.
പുതിയ അംഗങ്ങള്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ ഇ മെയിലും പാസ്വേഡും നല്‍കുന്ന രീതി മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കി.

 

 

Latest News