Sorry, you need to enable JavaScript to visit this website.

പ്രാതലില്‍ മുട്ട; കീറ്റോ ഭക്ഷണം ശരിവെച്ച് അമേരിക്കന്‍ പഠനം

വാഷിംഗ്ടണ്‍- ടെപ്പ് 2 പ്രമേഹമുള്ളവര്‍ പ്രാതലില്‍ മുട്ട ഉള്‍പ്പെടുത്തണമെന്ന് ഇതുസംബന്ധിച്ച് അമേരിക്കയില്‍ നടത്തിയ പഠനം നിര്‍ദേശിക്കുന്നു. കൊഴുപ്പ് കൂടിയതും കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞതുമായ (എല്‍സിബിഎഫ്) പ്രാതല്‍ ശീലമാക്കിയാല്‍ ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

രാവിലെ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നതെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ജോനാഥന്‍ ലിറ്റില്‍ പറയുന്നു.
പ്രാതലാണ് പ്രധാന പ്രശ്‌നമെന്നും ടെപ്പ് 2 പ്രമേഹമുള്ളവരില്‍ ഇതാണ് പഞ്ചസാരയുടെ തോത് ഉയര്‍ത്തുന്നതെന്നും രാവിലെ കഴിക്കുന്ന ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കുറച്ച് കൊഴുപ്പ് കൂട്ടിയാല്‍ ഇത് പരിഹരിക്കാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പ്രമേഹമുള്ളവര്‍ക്ക് ഒരു ദിവസം ഓംലെറ്റും രണ്ടാമത്തെ ദിവസം ഓട്‌സും പഴങ്ങളും പ്രാതലായി നല്‍കിയായിരുന്നു പഠനം. അടിവയറില്‍ ഘടിപ്പിച്ച ഗ്ലൂക്കോസ് മോണിറ്റര്‍ ഉപയോഗിച്ച് ഓരോ അഞ്ച് മിനിറ്റിലും ഗ്ലൂക്കോസിന്റെ തോത് രേഖപ്പെടുത്തി.

കാര്‍ബോഹൈഡ്രേറ്റ് കുറച്ച് കൊഴുപ്പ് കൂട്ടിയ ബ്രേക്ക്ഫാസ്റ്റ് കഴിച്ചവരില്‍ ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിച്ചില്ലെന്നാണ് ലിറ്റിലിന്റെ പഠനം വ്യക്തമാക്കുന്നത്. പ്രമേഹമില്ലാത്തവരും ഈ ഭക്ഷണ രീതിയിലേക്ക് മാറുന്നത് ആരോഗ്യരംഗത്ത് മികച്ച ചുവടുവെപ്പായിരിക്കുമെന്ന് ജോനാഥന്‍ ലിറ്റില്‍ നിര്‍ദേശിക്കുന്നു.

 

Latest News