Sorry, you need to enable JavaScript to visit this website.

വധ്‌രക്ക് മുന്‍കൂര്‍ ജാമ്യം, വിദേശയാത്ര പാടില്ല

ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്‌രക്ക് മുന്‍കൂര്‍ജാമ്യം. ദല്‍ഹി പട്യാല കോടതിയാണ് റോബര്‍ട്ട് വധ്‌രക്ക് സോപാധിക ജാമ്യം അനുവദിച്ചത്.
കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടാല്‍ ഏതുസമയത്തും ഹാജരാകണം, അഞ്ചുലക്ഷം രൂപ വീതമുള്ള രണ്ടു ജാമ്യക്കാരെ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് മുന്‍കൂര്‍ജാമ്യം നല്‍കിയത്. റോബര്‍ട്ട് വധ്‌രക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അഡ്വ. അഭിഷേക് മനു സിംഗ്‌വി കോടതിയില്‍ ഹാജരായി. റോബര്‍ട്ട് വധ്‌രക്കൊപ്പം സഹായി മനോജ് അറോറക്കും പട്യാല കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ഇരുവരും നിലവില്‍ ഇടക്കാല ജാമ്യത്തിലായിരുന്നു.
ലണ്ടനിലെ ബ്രയാന്‍സ്റ്റണ്‍ സ്ക്വയറില്‍ 1.9 ദശലക്ഷം പൗണ്ട് വിലവരുന്ന വസ്തുവകകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വധ്‌രക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ റോബര്‍ട്ട് വധ്‌രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ ചോദ്യം ചെയ്തിരുന്നു.

 

Latest News