Sorry, you need to enable JavaScript to visit this website.

വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികള്‍ ഭാര്യയെ ബന്ദിയാക്കിയെന്ന് ജെഎന്‍യു വിസി

ന്യൂദല്‍ഹി- ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി സമരം ഒരാഴ്ച പിന്നിട്ടു. തിങ്കളാഴ്ച രാത്രി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികല്‍ തന്റെ വീട്ടിലേക്ക് ബലപ്രയോഗത്തിലൂടെ പ്രവേശിക്കുകയും ഒറ്റയ്ക്കായിരുന്ന ഭാര്യയെ മണിക്കൂറുകളോളം ബന്ധിയാക്കിയെന്നും ആരോപിച്ച് വിസി എം ജഗദേഷ് കുമാര്‍ രംഗത്തെത്തി. ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. തങ്ങളുടെ ആശങ്കള്‍ നേരിട്ടറിയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞയാഴ്ച വിസിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം ചര്‍ച്ചയ്ക്ക് തയാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. നിരന്തം ആവശ്യപ്പെട്ടിട്ടും വിസി ചര്‍ച്ചയ്ക്ക് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ വിസിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. വിസിയെ കാണാതെ തിരിച്ചു പോകില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ വിദ്യാര്‍ത്ഥികള്‍ വിസിയുടെ വീട് വളയുകയായിരുന്നു.

തൊട്ടടുത്ത താമസിക്കുന്ന മറ്റു പ്രൊഫസര്‍മാരുടെ ഭാര്യമാരും പോലീസുമെത്തിയാണ് വിസിയുടെ ഭാര്യയെ രക്ഷിച്ചത്. വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരു സ്ത്രീയെ ഭയപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് നല്ല പ്രതിഷേധ രീതിയല്ലെന്നും ഇതില്‍ പോലീസിന് പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിസി ജഗദേഷ് കുമാര്‍ പറഞ്ഞു. 

അതേസമയം വിസിയെ കാണാന്‍ വീട്ടിലേക്കു പോയ വിദ്യാര്‍ത്ഥികളെ സുരക്ഷാ ഗാര്‍ഡുകള്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥി യുണിയന്‍ പ്രസിഡന്റ് എന്‍ സായ് ബാലാജി ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 

Latest News