Sorry, you need to enable JavaScript to visit this website.

20 ശതമാനം ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ; ഞെട്ടിക്കുന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- നിര്‍ണായക പൊതു തെരഞ്ഞെടുപ്പു പോരാട്ടത്തിനിറങ്ങിയ കോണ്‍ഗ്രസ് എതിരാളികളെ ഞെട്ടിക്കുന്ന വാഗ്ദാനവുമായി രംഗത്ത്. അധികാരത്തിലെത്തിയാല്‍ രാജ്യത്തെ 20 ശതമാനം ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഘട്ടം ഘട്ടമായി ഈ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ തുക ബാങ്ക് മുഖേന വിതരണം ചെയ്യും.

കോണ്‍ഗ്രസ് എല്ലാ കണക്കുകൂട്ടലുകളും നടത്തിയും വിശദമായി പഠിച്ചുമാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്നും ഇതു നടപ്പിലാക്കാന്‍ കഴിയുന്നതാണെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി ഈ പദ്ധതി സംബന്ധിച്ച വിശദമായി പഠിച്ചിട്ടുണ്ട്. ഇതിനുള്ള ചെലവുകള്‍ ഇന്ത്യയ്ക്കു താങ്ങാനാകുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി. വര്‍ഷം 72000 രൂപയുടെ വരുമാനം ലഭിക്കാത്ത ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി. ഈ തുകയ്ക്കു താഴെ മാത്രം വരുമാനമുള്ള ദരിദ്ര കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കുന്നതാണ് പദ്ധതി.

അനില്‍ അംബാനിയെ പോലുള്ള സമ്പന്നര്‍ക്ക് കോടികള്‍ എടുത്തു കൊടുക്കാന്‍ സര്‍ക്കാരിനു കഴിയുമെങ്കില്‍ കോണ്‍ഗ്രസിന് ദരിദ്രര്‍ക്കു പണം നല്‍കാനും കഴിയുമെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി യുപിഎ സര്‍ക്കാരിന്റെ വലിയ ദരിദ്ര നിര്‍മ്മാര്‍ജ്ജന പദ്ധതിയായിരുന്നു. ഇതു വിജയം കണ്ടു. ഇതിന്റെ തുടര്‍ച്ചായിയിരിക്കും മിനിമം വരുമാനം ഉറപ്പു വരുത്തുന്ന പുതിയ പദ്ധതിയെന്നും രാഹുല്‍ വ്യക്തമാക്കി.
 

Latest News