Sorry, you need to enable JavaScript to visit this website.

പ്രിയങ്ക ഹാരമിട്ട പ്രതിമ ബി.ജെ.പിക്കാര്‍ ഗംഗാജലം കൊണ്ട് കഴുകി

വരാണസി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി പ്രാര്‍ഥിക്കുന്നു

വരാണസി- എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗന്ധി ഹാരമിട്ട മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗംഗാജലം കൊണ്ട് കഴുകി ശുദ്ധീകരിച്ചു. ഭര്‍ത്താവ് റോബര്‍ട്ട് വധ്‌രയും കോണ്‍ഗ്രസും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കെ, പ്രിയങ്ക നടത്തിയ ഹാരാര്‍പ്പണം മുന്‍ പ്രധാനമന്ത്രി ശാസ്ത്രിയോടുള്ള അവഹളേനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ നടപടി. ഞങ്ങള്‍ ഗംഗാജലം കൊണ്ട് പ്രതിമ ശുദ്ധീകരിച്ചു. യു.പി.എ സര്‍ക്കാരിന്റെ അഴിമതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണിത്. 70 വര്‍ഷമായി അവര്‍ ഈ രാജ്യത്തെ കൊള്ളയടിച്ചുവെന്നും ബി.ജെ.പിക്കാര്‍ പറഞ്ഞു.
രാം നഗറിലെ ശാസ്ത്രി ചൗക്കിലെത്തിയാണ് നേരത്തെ ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ പ്രിയങ്ക ഹാരാര്‍പ്പണം നടത്തിയിരുന്നത്.  പ്രയാഗ് രാജില്‍നിന്ന് വരാണസിയിലേക്ക് നടത്തിയ ത്രിദിന ഗംഗാ യാത്രയുടെ സമാപനമായിരുന്നു ബുധനാഴ്ച.
പ്രയാഗ് രാജിലെ മനയ്യ ഘട്ടില്‍നിന്ന് ആരംഭിച്ച യാത്ര വരാണസിയിലെത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. പ്രിയങ്കയുടെ റാലിയില്‍ ബി.ജെ.പി പ്രവര്‍ത്തകരെത്തി മുദ്രവാക്യം വിളിച്ചു.  
ബി.ജെ.പി മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രകോപനമില്ലാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് ദിവസം കൊണ്ട് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു ജനങ്ങളെ നേരില്‍ കണ്ടു സംസാരിക്കുകയെന്ന ലക്ഷ്യം വെച്ചു കൊണ്ടാണു 'സാഞ്ചി ബാത്ത് പ്രിയങ്ക കേ സാത്ത്' എന്ന പരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. അലഹബാദിലെ രണ്ട് മണ്ഡലങ്ങള്‍, മിര്‍സാപൂര്‍, ബദോയ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസി എന്നിവടങ്ങളിലാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

 

Latest News