Sorry, you need to enable JavaScript to visit this website.

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ചു

ചെന്നൈ- തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 23-കാരിയായ അധ്യാപികയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി എ രാജശേഖരനെ (25) സംഭവത്തിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷം മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വില്ലുപുരം ജില്ലയിലെ ഉലുന്ദൂര്‍പേട്ടയില്‍ ഞായറാഴ്ചയാണ് യുവാവിനെ ആത്മഹത്യ ചെയ്തതായി കണ്ടത്. കടലൂരിലെ കുറിഞ്ഞിപ്പടി സ്വദേശിയായ രാജശേഖരന്‍  എന്‍ എല്‍ സി ഇന്ത്യയില്‍ കരാര്‍ ജീവനക്കാരനായിരുന്നു. സ്വദേശിയായ ഒരു കര്‍ഷകനാണ് മൃതദേഹം പറങ്കിമാവില്‍ തുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിച്ചു. 

അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതി രാജശേഖരന്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സഹോദരിക്കും സുഹൃത്തുക്കള്‍ക്കും സന്ദേശം അയച്ചിരുന്നു. തന്നെ തിരഞ്ഞ് വരേണ്ട. കണ്ടെത്തുന്നതിനു മുമ്പ് തന്നെ മരിച്ചിരിക്കുമെന്നും ബന്ധുക്കള്‍ക്കും പോലീസിനുമുള്ള മുന്നറയിപ്പായി പ്രതി സന്ദേശമയിച്ചിരുന്നു. ഈ സന്ദേശങ്ങള്‍ അയച്ച ശേഷം പ്രതി മൊബൈല്‍ ഉപേക്ഷിക്കുകയായിരുന്നു. പോലീസ് വ്യാപക തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഞായറാഴ്ച മൃതദേഹം ലഭിച്ചത്. ഒരാഴ്ചയായി പ്രതി ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കോളെജ് പഠനകാലം മുതല്‍ അടുപ്പമുള്ള സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ എസ് രമ്യയെ ക്ലാസ് മുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുങ്ങിയതായിരുന്നു രാജശേഖരന്‍. രാവിലെ ആയിരുന്നതിനാല്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല. ക്ലാസ് മുറികള്‍ നേരത്തെ തുറക്കാന്‍ ചുമലതയുണ്ടായിരുന്നതിനാലാണ് രമ്യ നേരത്തെ എത്തിയത്. പിന്നീട് സ്‌കൂള്‍ അധികൃതരാണ് രമ്യയുടെ മൃതദേഹം രക്തത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടത്. 

പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും രമ്യ നിരസിച്ചിരുന്നു. ആറു മാസം മുമ്പ് വിവാഹാഭ്യര്‍ത്ഥനയുമായി രാജശേഖരന്‍ രമ്യയുടെ മാതാപിതാക്കളേയും സമീപിച്ചിരുന്നു. അവരും തള്ളിയതോടെയാണ് പ്രതികാരമായി പ്രതി രമ്യയെ ദാരുണമായി കൊലപ്പെടുത്തിയത്.
 

Latest News