Sorry, you need to enable JavaScript to visit this website.

കോപ്പിയടിക്കാന്‍ വഴികളില്ല; യുപിയില്‍ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷ ഉപേക്ഷിച്ചത് ആറു ലക്ഷം വിദ്യാര്‍ത്ഥികള്‍

ലഖ്‌നൗ- ഉത്തര്‍ പ്രദേശ് സെക്കണ്ടറി എജുക്കേഷന്‍ ബോര്‍ഡ് നടത്തി വരുന്ന 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഒമ്പതു ദിവസം പിന്നിട്ടപ്പോള്‍ ഇതുവരെ പരീക്ഷയ്ക്കിരിക്കാതെ മുങ്ങിയവരുടെ എണ്ണം ആറും ലക്ഷം കടന്നു. കുപ്രസിദ്ധമായ കോപ്പിയടി മാഫിയക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ ശക്തമാക്കുകയും കര്‍ശന നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതാണ് കാരണം. ഈ ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് രണ്ടിനാണ് അവസാനിക്കുക. വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ പരീക്ഷ ഉപേക്ഷിക്കാന്‍ സാധ്യയുണ്ട്. കഴിഞ്ഞ വര്‍ഷം 11 ലക്ഷം വിദ്യാര്‍ത്ഥികളാണ് മുങ്ങിയത്. ഇത്തവണ ഒമ്പതു ദിവസം പിന്നിട്ടപ്പോഴേക്കും ആറു ലക്ഷം കടന്നിരിക്കുന്നു.

സര്‍ക്കാര്‍ ഒരുക്കിയ കെണി ഭയന്ന് കോപ്പിയടി മാഫിയ പിന്‍വാങ്ങിയതോടെയാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടേയും പിന്മാറ്റം. നേപ്പാളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഈ വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്തവരില്‍ 94 ശതമാനത്തിലേറെ വിദ്യാര്‍ത്ഥികളും പരീക്ഷയ്‌ക്കെത്തിയില്ലെന്ന് യുപി ബോര്‍ഡ് സെക്രട്ടറി നീന ശ്രീവാസ്തവ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളുടെ നടത്തിപ്പുകാരുമായി ഒത്തുകളിച്ചാണ് വ്യാപകമായി കോപ്പിയടി നടക്കുന്നത്. ഇതിനായി മാഫിയകളും സജീവമാണ്. ഇത്തവണ മാഫിയകള്‍ക്കു കുരുക്കിടാന്‍ പരീക്ഷാ കേന്ദ്രങ്ങളിലും സ്‌കൂള്‍ നടത്തിപ്പുകാരിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബോര്‍ഡ് പരീക്ഷയ്ക്കായി ഇത്തവണ 58,06,922 വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരില്‍ 31,95,603 വിദ്യാര്‍ത്ഥികളും ഹൈസ്‌കൂള്‍ വിഭാഗക്കാരാണ്. പരീക്ഷകള്‍ എഴുതാതെ മുങ്ങിയവരില്‍ ഭൂരിപക്ഷവും പത്താം ക്ലാസുകാരാണെന്നും അധികൃതര്‍ പറഞ്ഞു. യുപിയിലെ മൊത്തം പരീക്ഷാ കേന്ദ്രങ്ങളില്‍ 21 ശതമാനവും കോപ്പിയടി സാധ്യത ഏറിയ കേന്ദ്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇവിടെ നിരീക്ഷണം ശക്തവുമാണ്. ഇതിനു പുറമെ വ്യാജ അപേക്ഷകള്‍ കണ്ടെത്താനും കോപ്പിയടി മാഫിയയും സ്‌കൂള്‍ നടത്തിപ്പുകാരും തമ്മിലുള്ള രഹസ്യഇടപാടുകള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ പലനടപടികളും സ്വീകരിക്കുകയും ചെയ്തു.

സിസിടിവി കാമറകള്‍ക്കു പുറമെ പരീക്ഷാ കേന്ദ്രങ്ങളില്‍ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നീരീക്ഷണവും ഉണ്ട്. ഉത്തരക്കടലാസുകളില്‍ ബാര്‍ കോഡ് ഏര്‍പ്പെടുത്തി. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ 252 വിദ്യാര്‍ത്ഥികളെ കോപ്പിയടിക്ക് പിടികൂടുകയും ചെയ്തു. ഓഡിയോ പിടിച്ചെടുക്കാന്‍ കഴിയുന്ന സിസിടിവി കാമറകളായിരുന്നില്ല കഴിഞ്ഞ വര്‍ഷം ഉപയോഗിച്ചത്. ഇതു മൂലം പരീക്ഷ നടത്തുന്നവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരം പറഞ്ഞു കൊടുക്കുന്നത് പിടികൂടാനായിരുന്നില്ല. എന്നാല്‍ ഇത്തവണ സ്ഥാപിച്ച സിസിടിവ കാമറകള്‍ ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദവും ഒപ്പിയെടുക്കുന്നവയാണ്. ഇതു റെക്കോര്‍ഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ സൂക്ഷിക്കണെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്.

Latest News