Sorry, you need to enable JavaScript to visit this website.

ജവാന്‍മാരെ വിമാനത്തില്‍ കൊണ്ടു പോകാന്‍ സിആര്‍പിഎഫ് അപേക്ഷിച്ചു; തള്ളിയത് കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍- ജമ്മു കശ്മരീലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിനിരയായ 45 ജവാന്‍മാര്‍ ഉള്‍പ്പെടുന്ന 2500-ലേറെ ജവാന്‍മാരടങ്ങുന്ന സംഘത്തെ വിമാന മാര്‍ഗം എത്തിക്കാന്‍ സിആര്‍പിഎഫ് അപേക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ ഈ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നുവെന്നും പേരു വെളിപ്പെടുത്താത്ത ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയതെന്നും എന്നാല്‍ ഇതു അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. മഞ്ഞു വീഴ്ച കാരണം ജമ്മുവിയില്‍ നിന്നും ശ്രീനഗറിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. നേരത്തെ പുറപ്പെട്ട പല ജവാന്‍മാരും വഴിമധ്യേ കുടുങ്ങുകയും ചെയ്തു. ഇതിനു മുമ്പ് അവസാന വാഹന വ്യൂഹമായി സിആര്‍പിഎഫ് സംഘം പോയത് ഫെബ്രുവരി നാലിനായിരുന്നു. റോഡ് തടസ്സം മുന്‍ നിര്‍ത്തി വിമാന മാര്‍ഗം കൊണ്ടു പോകാന്‍ സൗകര്യമൊരക്കണമെന്ന് അപേക്ഷിച്ച് സിആര്‍പിഎഫ് ആസ്ഥാനത്തിന് എഴുതിയിരുന്നു. എന്നാല്‍ ഇതിനു മറുപടി ലഭിച്ചില്ല, ഒരു നടപടിയും ഉണ്ടായതുമില്ല- മുതിര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നടപടി പ്രകാരം ഈ അപേക്ഷ സിആര്‍പിഎഫ ആസ്ഥാനം ആഭ്യന്തര മന്ത്രാലയത്തിന് അയച്ചിരുന്നു. ജവാന്‍മാരുടെ യാത്ര വിമാനത്തിലാക്കണമെന്നാവശ്യപ്പെട്ട് നേരത്തേയും അപേക്ഷിച്ചിരുന്നെങ്കിലും അതും സ്വീകരിക്കപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാന മാര്‍ഗം കൊണ്ടു പോകുന്നത് വഴി സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നതിനു പുറമെ വേഗത്തിലും ചുരുങ്ങിയ ചെലവിലും ജവാന്‍മാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുന്നതിനു ആറു ദിവസം മുമ്പ് തന്നെ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) സിആര്‍പിഎഫിന് ആക്രമണ മുന്നറിയിപ്പു നല്‍കിയിരുന്നു. സ്‌ഫോടന സാധ്യതയുള്ളതിനാല്‍ മേഖല ശരിയായ രീതിയില്‍ ഭീഷണി മുക്തമാക്കുക എന്നു മാത്രമെ ഐബി നല്‍കിയ അറിയിപ്പിലൂള്ളൂ. ഏതു തരത്തിലുള്ള ആക്രമണത്തിനാണ് സാധ്യത തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളൊന്നും ഐബി നല്‍കിയില്ല. ഭീകരാക്രമണത്തിന് വഴിയൊരുക്കിയത് പുര്‍ണമായും സുരക്ഷാ വീഴ്ചയാണെന്ന് നേരത്തെ സൈനിക വ്യൂഹത്തെ നയിച്ച കമാന്‍ഡറായ മുന്‍ സിആര്‍പിഎഫ് ഐജിപി വിപിഎസ് പന്‍വര്‍ പറയുന്നു.
 

Latest News