Sorry, you need to enable JavaScript to visit this website.

കമ്മീഷണറെ അറസ്റ്റ് ചെയ്യരുത്, സിബിഐയുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി; സ്വാഗതം ചെയ്ത് മമത

ന്യൂദല്‍ഹി- ശാരദ, റോസ് വാലി ചിട്ടി ഫണ്ടു കേസുകളില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. അതേസമസയം സി.ബി.ഐ അന്വേഷണവുമായി സഹകരിക്കണമെന്നും എല്ലാ തെളിവുകളും ലഭ്യമാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കമ്മീഷണറെ പിടികൂടാന്‍ സിബിഐ സംഘമെത്തിയതോടെ കേന്ദ്രം അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നാരോപിച്ച് അനിശ്ചിതകാലം കുത്തിയിരിപ്പു സമരം നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഈ ഉത്തരവ് നേരിയ ആശ്വാസമായി. അതേസമയം കോടതി സിബിഐക്കു കൈമാറാന്‍ ആവശ്യപ്പെട്ട തെളിവുകളില്‍ പലതും മമതയ്ക്ക് എതിരാണെന്നാണ് ഇതുവരെയുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുറ്റക്കാരായ കമ്പനികളേയും സംരക്ഷിക്കുകയും തെളിവുകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയുമാണ് ബംഗാള്‍ സര്‍ക്കാര്‍ ചെയ്യുന്നത് കേന്ദ്രവും ആരോപിക്കുന്നു.

കോടതി ഉത്തരവിനെ മമത ബാനര്‍ജി സ്വാഗതം ചെയ്തു. ഈ രാജ്യത്ത് ആരും ബിഗ് ബോസ് അല്ലെന്നും ജനാധിപത്യമാണ് വലുതെന്നും അവര്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവ്് അനുകൂലമാണെന്ന് മമത വ്യക്തമാക്കി. 'പ്രധാനമായു നാലു കാര്യങ്ങളാണ് കോടതി ഉത്തരവിലുള്ളത്. ഒന്ന്, അവര്‍ ഞങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യം അരോപിച്ചു. അതു കോടതി തള്ളി. രാജീവ് കുമാറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. അവയും തള്ളി. പരസ്പര ധാരണ പ്രകാരമുള്ള ഇടത്തു വച്ച് ചര്‍ച്ചയാകാമെന്ന് നേരത്തെ ഞങ്ങല്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അഞ്ചു കത്തുകളയച്ചെങ്കിലും ഒന്നിനു പോലും മറുപടി ലഭിച്ചില്ല. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്,' മമത വിശദീകരിച്ചു.

കേന്ദ്രത്തിനെതിരെ രൂക്ഷമായാണ് മമത പ്രതികരിച്ചത്. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേണ്‍ പാണ്ഡ്യ 2003-ല്‍ ദൂരൂഹമായി കൊല്ലപെട്ടതും മമത പരാമര്‍ശിച്ചു. 'അവര്‍ ഹരേണ്‍ പാണ്ഡ്യയെ കൊന്നു. അവര്‍ എന്നേയും കൊല്ലും. പക്ഷേ എനിക്കു പേടിയില്ല. മുട്ടുമടക്കുന്ന പ്രശ്്‌നമില്ല,' മമത പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും പ്രധാനമന്ത്രി മോഡിയേയും സംശയത്തിന്റെ നിഴലിലാക്കിയ ദുരൂഹ മരണമാണ് ഗുജറാത്തിലെ മുന്‍ മോഡി സര്‍ക്കാരില്‍ മന്ത്രിയായ ഹരേണ്‍ പാണ്ഡ്യയുടേത്.

കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ചിട്ടി ഫണ്ട് കുംഭകോണ കേസുകളാണ് വിവാദത്തിന്റെ കേന്ദ്ര ബിന്ദു. ഈ  കേസുകളില്‍ നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായിരുന്നു. രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം കുറ്റക്കാരായ കമ്പനികളെ സംരക്ഷിക്കുകയാണെന്ന് സിബിഐ സുപ്രീം കോടതിയില്‍ പറഞ്ഞു. പോലീസിനും കുറ്റാരോപിതരായ കമ്പനിക്കുമിടയില്‍ ബാന്ധവമുണ്ടെന്നും നടപടികള്‍ ഉണ്ടാകുന്നില്ലെന്നും സിബിഐ ആരോപിച്ചു. അന്വേഷണ സംഘം കൈമാറിയ തെളിവുകള്‍ അപര്യാപ്തവും കെട്ടിച്ചമച്ചതുമാണെന്നടക്കമുള്ള ആരോപണങ്ങളാണ് രാജീവ് കുമാറിനെതിരെ സിബിഐ സുപ്രീകം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്.

രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി ഞായറാഴ്ച വൈകുന്നേരമാണ് സിബിഐ സംഘം കൊല്‍ക്കത്ത പേലീസ് കമ്മീഷണറുടെ വസതിയിലെത്തിയത്. എന്നാല്‍ ബംഗാള്‍ പോലീസ് ഇവരെ തടഞ്ഞു ഏതാനും മണിക്കൂറുകള്‍ കസ്റ്റഡിയില്‍വച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്കു പിന്നാലെയാണ് മമത കേന്ദ്ര സര്‍ക്കാരിനെതിരെ അനിശ്ചിതകാല കുത്തിയിരുപ്പു സമരം തുടങ്ങിയത്. സിബിഐ ഓഫീസര്‍മാര്‍ക്കെതിരെ ഉണ്ടായ നടപടിക്കെതിരെ കേന്ദ്രം തിങ്കളാഴ്ചയാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ് കുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണം സംഘം നല്‍കിയ കേസ് രേഖകള്‍ അപൂര്‍ണമാണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. 

Latest News