Sorry, you need to enable JavaScript to visit this website.

'സമയം ശരിയായില്ല'; ഒഡീഷ മുഖ്യമന്ത്രിയുടെ സഹോദരി പത്മശ്രീ പുരസ്‌ക്കാരം നിരസിച്ചു

ന്യുദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മശ്രീ പുരസ്‌ക്കാരം സ്വീകരിക്കുന്നത് തനിക്കും സര്‍ക്കാരിനും നാണക്കേടാകുമെന്നറിയിച്ച് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാ ദള്‍ (ബി.ജെ.ഡി) അധ്യക്ഷനുമായ നവീന്‍ പട്‌നായിക്കിന്റെ സഹോദരിയും പ്രമുഖ എഴുത്തുകാരിയുമായ ഗീത മേത്ത പത്മ പുരസ്‌ക്കാരം നിരസിച്ചു. അമേരിക്കയിലെ പ്രമുഖ എഴുത്താകാരന്‍ സോണി മേത്തയുടെ ഭാര്യയാണ് ഗീത. ഇരുവരും ന്യൂയോര്‍ക്കിലാണ്. 'ഞാന്‍ പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹയാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിച്ചതിലും ആദരിക്കപ്പെട്ടതിലും സന്തുഷ്ടയാണ്. എന്നാല്‍ ഒരു പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വലിയ ഖേദത്തോടെ ഇതു നിരസിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സമയം ഈ പുരസ്‌ക്കാരം സ്വീകരിക്കുന്നത് തെറ്റിദ്ധാരണകള്‍ക്കിടയാക്കിയേക്കാം. അത് എനിക്കും സര്‍ക്കാരിനും നാണക്കോടാകും. അതിലെനിക്ക് ഖേദമുണ്ട്,' ന്യൂയോര്‍ക്കില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഗീത പറഞ്ഞു.

മുഖ്യമന്ത്രി പട്‌നായിക്കിന്റെ സഹോദരിക്ക് പത്മശ്രീ പുരസ്‌ക്കാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ ഒഡീഷയിലെ കരുത്തരായ ബി.ജെ.ഡിയെ കൂടെ കൂട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപിയുടേയും തന്ത്രമായിരുന്നെന്നും വിലയിരുത്തപ്പെടുന്നു. ആറു മാസം മുമ്പ് പ്രധാനമന്ത്രി മോഡി അപ്രതീക്ഷിതമായി ഗീതയെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും പിന്നീട് അവര്‍ ഇന്ത്യയിലെത്തിയപ്പോള്‍ നേരിട്ട് കാണുകയും ചെയ്തിരുന്നു. ഏതാണ്ട് ഈ സമയത്തു തന്നെ ബിജെപി ഒഡീഷയിലെ ബിജെഡിയെ വിമര്‍ശിക്കുന്നതും അവസാനിപ്പിച്ചിരുന്നു. കേന്ദ്രത്തില്‍ ഒരു മുന്നണിയോടും അടുപ്പമില്ലാത്ത ബിജെഡിയെ പാട്ടിലാക്കാനുള്ള നീക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

മോഡി ആദ്യം ഗീതയുടെ ഡല്‍ഹിയിലെ വീട്ടിലേക്കാണ് വിളിച്ചത്. എന്നാല്‍ അവര്‍ ന്യൂയോര്‍ക്കിലാണെന്ന വിവരം വീട്ടിലെ കെയര്‍ടേക്കറാണ് മോഡിയെ അറിയിച്ചത്. മോഡി കെയര്‍ടേക്കറോടും കുശലാന്വേഷണങ്ങള്‍ നടത്തിയിരുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. പിന്നീടാണ് ന്യൂയോര്‍ക്കിലെ വീട്ടിലേക്ക് ഗീതയ്ക്ക് മോഡിയുടെ അപ്രതീക്ഷിത വിളി എത്തുന്നത്. ഇന്ത്യയിലെത്തുമ്പോള്‍ കാണണമെന്നും മോഡി ആവശ്യപ്പെടുകയായിരുന്നു. വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ മാത്രമെ ഇവര്‍ ഇന്ത്യയില്‍ വരാറുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് രണ്ടാഴച്ചത്തേക്ക് ഇന്ത്യയിലെത്തിയ ഗീതയും ഭര്‍ത്താവ് സോണി മേത്തയും പ്രധാനമന്ത്രിയെ ചെന്ന് കാണുകയും ചെയ്തിരുന്നു. 20 മിനിറ്റ് കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത് 90 മിനിറ്റ് വരെ നീണ്ടു പോയെന്നും ഒടുവില്‍ പ്രധാനമന്ത്രിയുടെ തിരക്കുകള്‍ സൂചിപ്പിച്ച് ഗീതയാണ് കൂടിക്കാഴ്ച അവസാനിപ്പിച്ച് പിരിഞ്ഞതെന്നും റിപോര്‍ട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റുമാരുടേയും മറ്റു രാഷ്ട്രത്തലവന്‍മാരുടേയും പ്രമുഖരുടേയും നോബെല്‍ ജേതാക്കളുടേയും ജീവിതം എഴുതി പേരെടുത്തയാളാണ് സോണി മേത്ത. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുടെ ജീവിതം പറയുന്ന മേത്തയുടെ പുസ്തകങ്ങള്‍ ബെ്‌സറ്റ്‌സെല്ലറുകളാണ്. മോഡിയുടെ ക്ഷണവും കൂടിക്കാഴ്ചയും ഇത്തരമൊരു ജീവിതകഥ എഴുത്തിന് പ്രേരിപ്പിക്കാനായിരിക്കാം എന്നായിരുന്നു ഇവര്‍ കരുതിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ പദവിയിലിരിക്കുന്ന രാഷ്ട്രനേതാക്കളുടെ ജീവിതം മേത്ത എഴുതിയിട്ടില്ല. 

Latest News