Sorry, you need to enable JavaScript to visit this website.

ബിജെപി വിരുദ്ധരെ ഒന്നിപ്പിക്കാന്‍ മമതയുടെ റാലി

കൊല്‍ക്കത്ത- ശനിയാഴ്ച പശ്ചിമ ബംഗാളില്‍ നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റാലി ബിജെപി വിരുദ്ധരുടെ ശക്തിപ്രകടനമാവുമെന്ന് സൂചനകള്‍. കോണ്‍ഗ്രസിനു പുറമേ, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനതാ ദള്‍, ജനതാ ദള്‍ സെക്കുലര്‍, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ലോക്ദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ദ്രാവിഡ മുന്നേറ്റ കഴകം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ റാലിയില്‍ പങ്കെടുക്കും.
നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഇന്നാണ് ബിഎസ്പി നേതാവ് പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെട്ടത്. പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് റാലിയില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൊല്‍ക്കത്തയിലെ റാലിയില്‍ പറയുമെന്നാണ് ശര്‍മ വാര്‍ത്താ ലേഖകരോട് പറഞ്ഞത്. 
കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് പുറമെ, എച്ച് ഡി ദേവ ഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ ബാബുലാല്‍ മറാണ്ടി, മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അജിത് സിംഗ്, മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള, ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ, യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും.  
നേരത്തെ, കര്‍ണാടക മന്ത്രി സഭാ അധികാരമേല്‍ക്കുന്ന ചങ്ങില്‍ വിവിധ ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു. 
അതിനിടെ, ബിജു ജനതാ ദള്‍, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങിയവയുടെ നേതാക്കള്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇത് വരെ തീരുമാനം വന്നിട്ടില്ല. 
ബിജെപിക്കെതിരെ ശക്തമായ ഫെഡറല്‍ സഖ്യം കൊണ്ടു വരാനാണ് മമതയുടെ ശ്രമം. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍ നേരത്തെത്തന്നെ മമതയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.
 

Latest News