Sorry, you need to enable JavaScript to visit this website.

മറവിയിലേക്ക് മറയുന്ന മധുരസ്മരണകൾ

നമ്മുടെയൊക്കെ ബാല്യം അറിഞ്ഞും അനുഭവിച്ചും വളർന്ന എന്തെല്ലാം കാര്യങ്ങളാണ് ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നത് എന്നാലോചിച്ചിട്ടുണ്ടോ? കാലം മനുഷ്യർക്കായി കാത്തുവെച്ച ഏറ്റവും മനോഹരമായ ജീവിതമുഹൂർത്തമാണ് ബാല്യം എന്ന് അക്ഷരാർഥത്തിൽ അവർ അറിയാതെ പോകുന്നു. ബാല്യം അതിന്റെ തനിമയിലും പൊലിമയിലും ആഘോഷവും ആഹ്ലാദവുമാക്കി മാറ്റാതെ അവർ മൊബൈലിൽ ചാറ്റ് ചെയ്തും ടാബിൽ ഗെയിം കളിച്ചും ലാപ്‌ടോപ്പിലെ ഇന്റർനെറ്റിലൂടെ അന്തമില്ലാതെ അലഞ്ഞും അലസരും അസഹിഷ്ണുക്കളും അസുഖക്കാരുമായി തീരുകയാണ്.  

സ്‌കൂളിലെ ചെറിയ ക്ലാസുകളിലൊന്നിൽ പുതുതായി വന്ന അധ്യാപക ൻ കുട്ടികൾക്ക് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്ന കഥ പറഞ്ഞു കൊടുക്കുകയായിരുന്നു. കഥ അവസാനിച്ചപ്പോൾ ഒരു കുട്ടി എഴുന്നേറ്റ് ചോ ദിച്ചു, ആനയാണോ മാഷെ വലുത്, അതോ കുഴിയാനയോ? അധ്യാപകൻ വിചാരിച്ചത് കുട്ടി തന്നെ കളിയാക്കുകയാണ് എന്നാണ്. പക്ഷെ, പിന്നെ മനസിലായി അവന് കുഴിയാനയെ അറിയില്ല എന്ന്. കുഴിയാനയെ കണ്ടവർ കൈ ഉയർത്തൂ എന്നായി മാഷ്. 45 കുട്ടികളുള്ള ക്ലാസിൽ ആരും കൈ പൊക്കിയില്ല. അവരാരും കുഴിയാനയെ കണ്ടിട്ടില്ല. എന്നല്ല, കുഴിയാനയെ കുറിച്ച് അവർക്ക് കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല! 


കുട്ടിക്കാലത്ത് കുപ്പായമിടാതെ, ബട്ടൻ പൊട്ടിയ ട്രൗസറുമിട്ട,് അത് അരയിൽ നിന്ന് ഊർന്നു വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച്ച്, സൈക്കിൾ ടയറോ കമ്പിവളയമോ വടികൊണ്ട് തട്ടി, തിരിച്ച് അതിന് പിന്നാലെ ഇ ടവഴികളിലൂടെ നഗ്നപാദരായി ഓടിയിട്ടില്ലേ നമ്മളിൽ പലരും?കാലുഷ്യമില്ലാത്ത മനസും നാടുമുഴുവൻ ചങ്ങാത്തവുമായി സ്വാതന്ത്ര്യത്തോടെ കളിച്ചും ചിരിച്ചും ഉല്ലസിച്ചൊരു കാലം. മാങ്ങയ്ക്കായി മാവിലേക്ക് കല്ലെറിഞ്ഞും വീഴുന്ന മാമ്പഴം പെറുക്കിയും മാവിന്റെ ഉടമസ്ഥരെത്തുമ്പോൾ ഓടിമറഞ്ഞും നടന്ന ബാല്യം. കുട്ടിയും കോലും പിന്നെ ഗോട്ടിയും കളിച്ച്, പട്ടംപറത്തിയും പൂമ്പാറ്റയേയും തുമ്പിയേയും പിടിച്ചും ഊഞ്ഞാലാടിയും നടന്ന സുന്ദരവും സുരഭിലവുമായ അവധിക്കാലം. ഇന്നത്തെ കുട്ടികൾക്ക് ഇതു വല്ലതുമുണ്ടോ?
മഴ തുടങ്ങിയാൽ വീടിന്റെ കോലായിലിരുന്ന് എത്രയെത്ര കടലാസു വഞ്ചികളുണ്ടാക്കി മുറ്റത്തെ ഇറവെള്ളത്തിൽ ഒഴുക്കിയിട്ടുണ്ട് നമ്മൾ? വാഴപ്പിണ്ടികൾ കൂട്ടിക്കെട്ടി ചങ്ങാടമുണ്ടാക്കി അതിൽ കയറി വെള്ളത്തിലൂടെ തുഴ യുന്നത് മറ്റൊരു വിനോദം. തോർത്ത് വിരിച്ച് തോട്ടിൽ നിന്ന് ചെറുമീനുകളെ പിടിച്ച് കുപ്പിയിലിട്ട് വളർത്താൻ നോക്കിയതും പിറ്റേന്ന് രാവിലെ ഉണരുമ്പോ ൾ അവ ചത്തത് കണ്ട് സങ്കടപ്പെട്ടതും ഇന്നും ഓർമയിലില്ലേ? വീട്ടുകാരറിയാതെ, അരയിൽ തോർത്തു ചുറ്റി, മുകളിൽ കുപ്പായമിട്ട് കുളത്തിൽ നീന്തൽ പ ഠിക്കാൻ പോയത് ഇതേ ബാല്യകാലത്താണ്. നീന്തൽ പഠിച്ചാൽ പിന്നെ താനതിൽ കേമനാണെന്ന് കാണിക്കാനുള്ള അഭ്യാസമായി. കുളത്തിന്റെ കരയിലൂടെ ഓടിവന്നോ, അല്ലെങ്കിൽ കുളത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മരത്തിന്റെ ഉച്ചിയിൽ കയറി നിന്നോ വെള്ളത്തിലേക്കുള്ള സാഹസികമായ ഡൈവിങ് അതിൽ പ്രധാനം. കുളത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് മുങ്ങി നിവരുമ്പോഴുള്ള അവാച്യമായ ആനന്ദം. ഇതൊക്കെ മാനസികമായി ഉണ്ടാക്കുന്ന ഉല്ലാസം, ശാരീരികമായ കരുത്ത്, ആരോഗ്യപരമായ ഉണർവ് എന്നിവയെ കുറിച്ചൊന്നും പുതിയ കാലത്തെ കുട്ടികൾ ശ്രദ്ധിക്കുന്നതേയില്ല. 


ഇനി സ്‌കൂൾ തുറന്നാലോ? ചന്നംചിന്നം പെയ്യുന്ന മഴയത്ത് വലിയ നിലവിളിയോടെയാണ് ആദ്യ ദിവസങ്ങളിൽ ഒന്നാം ക്ലാസിലേക്ക് കുട്ടികൾ പലരും ചെല്ലുക(എൽകെജി, യുകെജി ക്ലാസുകൾ അന്നുണ്ടായിരുന്നില്ലല്ലൊ!) നീണ്ട മധ്യവേനലവധി കാലത്ത് കളിച്ചു തിമർത്ത് ചെന്നതിന്റെ മടി മുതിർന്ന ക്ലാസിലുള്ള കുട്ടികൾക്കും കാണും. വൈകുന്നേരം സ്‌കൂൾ വിടുന്നതിനാ യി ജനഗണമന തുടങ്ങുമ്പോൾ അത് പാടി തീരുന്നതിന് മുമ്പായി  ക്ലാസിൽ നിന്ന് ചാടിപ്പുറത്തിറങ്ങി വീട്ടിലേക്കോടിയിട്ടില്ലേ നമ്മളിൽ പലരും? കരഞ്ഞു കൊണ്ട് മടിയോടെ കയറിച്ചെന്ന സ്‌കൂളിൽനിന്ന് പിന്നൊരിൽ നാം മടിയോടെ കരഞ്ഞു കൊണ്ടു തന്നെ വിടവാങ്ങി പോരുമ്പോൾ എന്തെന്ത് സങ്കടങ്ങളായിരുന്നു നമുക്ക് മനസിൽ? ഇന്ന് കുട്ടികൾക്ക് അങ്ങനെ വല്ലതുമുണ്ടോ?
ഇങ്ങനെയൊക്കെ നാം ഓർമകളിലേക്ക് ഉദ്വേഗത്തോടെ ഉണരുന്നത് എന്തുകൊണ്ടായിരിക്കും? ജീവിക്കുന്ന വർത്തമാനകാലം നമ്മെ വല്ലാതെ അസ്വ സ്ഥരാക്കുന്നത് കൊണ്ടാണത്. ആശ്വാസത്തിന്റെ തീരം തേടിയുള്ള മനസി ന്റെ തീർഥയാത്രയായിട്ടാണ് നാം ഈ ഓർമകളെ കാണുന്നത്. അവയ്ക്ക് ജീ വിതത്തിൽ പുതിയൊരു ഉണർവും ഊർജവുമായി മാറാൻ കഴിയുമെന്ന് നമ്മ ൾ കരുതുന്നു. സാന്ത്വനവും സന്തോഷവുമായി പകർന്നാടുന്ന ആ ഓർമകൾ നാം അടുത്തറിഞ്ഞും അനുഭവിച്ചും ജീവിച്ച പഴയൊരു കാലത്തിന്റെ ഗന്ധ വും സ്പന്ദനവും കൂടി പേറുന്നവയാണ്. മറവിയിലേക്ക് മറയുന്ന ആ മധുര സ്മരണകളിൽ തെളിഞ്ഞു വരുന്ന മറ്റു ചില ചിത്രങ്ങൾ കൂടിയുണ്ട്. 


ഇന്ന് കോൺക്രീറ്റ് ഭവനങ്ങളിൽ തണുപ്പു കിട്ടാനായി തരം പോലെ കൂ ളറും ഫാനും എസിയും പിടിപ്പിച്ചാണ് നാം ജീവിക്കുന്നത്. എന്നാൽ ഇതൊ  ന്നുമില്ലാതെ സെൻട്രൽ എസിയേക്കാൾ സുഖശീതളമായ കാലാവസ്ഥയിൽ വീട്ടിൽ കിടന്നുറങ്ങിയ ഒരു കാലവും മനുഷ്യർക്കുണ്ടായിരുന്നു. വീടിന്റെ മേ ൽക്കൂരയിൽ നെയ്പ്പുല്ലുവിരിച്ച,് അതിന് മുകളിൽ ഓല മേഞ്ഞ്, അതിനകത്ത് ചാണകം മെഴുകിയ തറയിൽ പായവിരിച്ച് കിടന്നുറങ്ങുമ്പോഴാണ് അവർ ആ സുഖം അനുഭവിച്ചത്. 
അത്തരം വീടുകൾ വർഷാവർഷം ഓലമേയണം. പുരകെട്ടുക, കെട്ടിമേയുക എന്നൊക്കെയാണ് അതിന് പറയുക. അതു ചെയ്തില്ലെങ്കിൽ മഴക്കാല ത്ത് വീട് ചോർന്നൊലിക്കും. ഓലമെടയൽ അന്ന് മിക്ക സ്ത്രീകൾക്കും വശമുള്ള ഒരു കലയായിരുന്നു. വീട് കെട്ടിമേയാൻ അവർ ക്ഷമയോടെ കുത്തിയിരുന്ന് ഓലമെടയും. എന്നിട്ട് അവ കെട്ടുകളാക്കി സൂക്ഷിക്കും. പുരകെട്ടുന്നവർ നാട്ടിൽ അധികമുണ്ടാകാറില്ല. അതുകൊണ്ടു തന്നെ ഉള്ളവർക്ക് നല്ല ഡിമാന്റായിരുന്നു. മഴ വരുന്നതിന് മുമ്പ് വീട് മേയാൻ അവർക്ക് വേണ്ടി ആളുക ൾ പിടിവലിയായിരിക്കും. അപ്പോൾ അവർ പറയുന്നതാണ് കൂലി. ഓലമേയൽ ഒരു ചടങ്ങാണ്. നാട്ടിൽ ഒരാളുടെ പുരകെട്ടുമ്പോൾ അയൽവക്കത്തുള്ളവരും അടുത്തുള്ളവരുമായ ചെറുപ്പക്കാരൊക്കെ അവിടെ സഹായത്തിനെത്തും. ക്ഷണമൊന്നും ആവശ്യമില്ല; കൂലിയും. തികച്ചും നൻമയിലധിഷ്ഠിതമായ ഒരു സഹായ, സഹകരണ, സൗഹൃദ കൂട്ടായ്മ. വീട്ടുകാർ കഞ്ഞിയും പുഴുക്കും നൽകി അവരെ സൽക്കരിക്കും. ഇന്ന് നാട്ടിൽ കണി കാണാൻ കിട്ടുമോ അങ്ങനെ ഒരു കൂട്ടായ്മ?
ആ വീട്ടിലിരുന്ന് മണ്ണെണ്ണ വിളക്കി(പാട്ടവിളക്ക്)ന്റെ ഇത്തിരി വെട്ടത്തിൽ വായിക്കുകയും പഠിക്കുകയും ചെയ്ത്, ഒടുവിൽ കണ്ണുകൾ കലങ്ങി ചുവ ന്ന് തുടങ്ങുമ്പോൾ തളർന്നുറങ്ങുകയും ചെയ്‌തൊരു കാലവും നമുക്കുണ്ട്. മ ണ്ണെണ്ണ അന്ന് അമൂല്യ വസ്തുവാണ്. മിക്കവാറും കിട്ടാക്കനി തന്നെ. വെളി ച്ചം കൂടുതൽ കിട്ടാൻ തിരി വല്ലാതെ നീട്ടി വെച്ച് പാട്ടവിളക്കിലെ മണ്ണെണ്ണ പെട്ടെന്ന് തീർത്തതിന്  വീട്ടിലുള്ളവരുടെ ചീത്ത എത്ര കേട്ടിരിക്കുന്നു? എ  ണ്ണ തീർന്ന് വിളക്ക് കരിന്തിരി കത്തുമ്പോൾ പരക്കുന്ന പുകയിൽ ചുമച്ച് ചുമ ച്ച് പലപ്പോഴും ശ്വാസം മുട്ടിയിട്ടുണ്ട്. ഇലക്ട്രിസിറ്റി നാട്ടിൽ പ്രചാരത്തിലാകുന്നതിന് മുമ്പാണിത്. ബൾബും റ്റിയൂബും സിഎഫ്എല്ലും എൽഈഡിയുമൊന്നും അന്ന് ഇവിടേക്ക് എത്തിനോക്കിയിട്ടു പോലുമില്ല. 


രാവിലെ എഴുന്നേറ്റാൽ ആദ്യം ഉമിക്കരി കൊണ്ടുള്ള പല്ലു തേപ്പാണ്. വലതു കൈയുടെ ചൂണ്ടു വിരലാണ് ബ്രഷ്. ഉമിക്കരിയിൽ അല്പം ഉപ്പും കുരുമുളകു പൊടിയും ചേർത്ത് ഒരു പിടിപിടിച്ചാൽ പല്ല് കൂടുതൽ വൃത്തിയായി വെട്ടിത്തിളങ്ങും. ഇന്ന് നിലവിലുള്ള എല്ലാ പേസ്റ്റുകളേയും അത് പിന്നിലാക്കും. രണ്ടുനേരം കുളി മിക്കവർക്കും അന്ന് നിർബന്ധമാണ്. രാവിലേയും രാത്രി ഉറങ്ങുന്നതിന് മുമ്പും. എല്ലാ വീടിനും മുറ്റത്തിന്റെ കോണിലായി അന്ന് കിണറും കിണറിൽ ശുദ്ധമായ വെള്ളവുമുണ്ടായിരുന്നു. ആവശ്യത്തിന് ഭക്ഷണവും, അധ്വാനവും, ശരിയായ ദേഹശുദ്ധിയുമായിരുന്നു അന്നത്തെ മ നുഷ്യരുടെ പ്രധാന ആരോഗ്യ രഹസ്യം.
രാവിലത്തെ ഭക്ഷണം മിക്കപ്പോഴും പഴങ്കഞ്ഞിയാണ്. അടുക്കള ഭാഗ ത്തു നിന്നും അപ്പോൾ പറിച്ചെടുക്കുന്ന കാന്താരിയോ ചീനിമുളകോ അതിൽ ഞെരടി പ്ലാവില കോട്ടി, കഞ്ഞി കോരിക്കുടിച്ച് ഒരു ഏമ്പക്കം വിട്ടാൽ പിന്നെ ഉച്ചവരെ ഒന്നും വേണ്ടിവരില്ല. ഉച്ചയ്ക്ക് കുത്തരിച്ചോറും വീട്ടിലെ പെണ്ണുങ്ങൾ തൊടിയിൽനിന്ന് ചേനയോ ചേമ്പോ കാത്തോ കാച്ചിലോ വെള്ളരിയോ മുരിങ്ങയോ കൊണ്ടൊരു കറിയുമുണ്ടാക്കും. അതും അമ്മിയിലിട്ട് തേങ്ങ അരച്ച് നല്ല ചാന്തു പോലാക്കി ഉണ്ടാക്കുന്ന കറി. അതിന്റെ രുചി ഒന്നു വേറെത്തന്നെയല്ലേ? (അത് കഴിക്കാൻ യോഗവും ഭാഗ്യവുമുള്ളവരോടാണ് ചോദിക്കുന്നത്) മിക്‌സിയിലോ ഗ്രൈന്ററിലോ ഇട്ട് ചടപടേന്ന് അരച്ചെടുക്കുന്ന തേങ്ങാക്കറികൾ രുചിയുടെ കാര്യത്തിൽ അതിന്റെ നാലയൽവക്കത്ത് വരുമോ? രാത്രിയിലും അന്നത്തെ ആളുകളുടെ ഭക്ഷണം കഞ്ഞിയോ പയറോ പോലുള്ള ലളിതമായവ മാത്രമാണ്.


അമിതമായി ഭക്ഷണം കഴിച്ച് മതിമറക്കുന്ന ശീലം അന്നുള്ളവർക്ക് ഉണ്ടായിരുന്നില്ല.  കാരണം ദാരിദ്ര്യം മിക്കവാറും എല്ലാ വീടുകളിലുമുള്ള ഒരു പൊതു പ്രതിഭാസമായിരുന്നു എന്നതു കൊണ്ടുതന്നെ. അതിനാൽ തന്നെ വയറു നിറച്ചും ആഹാരമെന്നത് അന്ന് പലർക്കും ഒരു സ്വപ്‌നം മാത്രമായി അവശേഷിച്ചു. കല്യാണത്തിന് വരുമ്പോൾ ഒരു ദിവസത്തെ റേഷൻ ദയവായി കൊണ്ടു വരണേ എന്ന ദയനീയ അഭ്യർഥനയോടെ അന്ന് ക്ഷണക്കത്തുകൾ ഇറങ്ങിയിരുന്നു എന്നറിയുമ്പോൾ ഇന്ന് അതിശയം തോന്നുന്നില്ലേ? അതിൽ നിന്നും അക്കാലത്ത് നിലനിന്നിരുന്ന ഭക്ഷണ അപര്യാപ്തതയെ കുറിച്ച് നമുക്ക് ഒരു ഏകദേശ ധാരണ കിട്ടും. 
അമ്മിയിലെ അരവ്, ഉരലിൽ ഉലക്കകൊണ്ടുള്ള നെല്ല് കുത്ത്, മുറം ഉപയോഗിച്ചുള്ള നെല്ലും അരിയും പാറ്റൽ, കല്ലിൻ മേൽ അടിച്ചുള്ള തുണിയലക്ക് തുടങ്ങിയവ അന്നത്തെ സ്ത്രീകളുടെ പ്രധാന ജോലികളായിരുന്നു. അവരുടെ പ്രധാന ആരോഗ്യ രഹസ്യവും അത് തന്നെ. മെഷിനുകൾ ആ മേഖല കീഴടക്കിയതോടെയാണ് ഇന്നത്തെ പെണ്ണുങ്ങൾ അലസരും അനാരോഗ്യമുള്ളവരുമായി മാറിയത്. അന്ന് രണ്ടോ മൂന്നോ വീടുകളിലേക്ക് ഒരു ഉരൽ എന്നതാണ് കണക്ക്. അതുകൊണ്ടു തന്നെ വീടുകളിലെ പെണ്ണുങ്ങൾ കൂട്ടായി ഇരുന്ന് പരസ്പരം വിശേഷങ്ങളും സ്‌നേഹവും സൗഹൃദവും പങ്കുവെച്ചു കൊണ്ടാണ് നെല്ല് കുത്തിയതും അരി പാറ്റിയതുമൊക്കെ. ജാതി, മത സ്പർധയില്ലാത്ത, തികച്ചും ആത്മാർഥതയോടെയുള്ള ഒരു സഹകരണ കൂട്ടായ്മയായി പലപ്പോഴും അത് മാറുകയും ചെയ്തിരുന്നു. ഇന്ന് കാണാനാകുമോ അത്തരം ഒരു കാര്യം നമ്മുടെ സ്ത്രീകളുടെ ഇടയിൽ? 


വിശാലമായ നെൽവയലുകളും കാളപൂട്ടും കൃഷിയും പോയകാലത്തെ മറ്റു ചില സുഖമുള്ള ഓർമകളാണ്. ഗ്രാമത്തനിമയിലേക്ക് നിറയെ സാധനങ്ങളുമായി ഇഴഞ്ഞെത്തുന്ന കാളവണ്ടികളും കൂട്ടത്തിലുണ്ട്. ഉപ്പു തൊട്ട് കർപ്പൂ രം വരെ കിട്ടുന്ന അക്കാലത്തെ സൂപ്പർമാർക്കറ്റുകളായ അനാദിപ്പീടികകൾ, നാൽക്കവലകളിൽ അത്യാവശ്യ സാധനങ്ങളുമായി നിലകൊള്ളുന്ന മാടക്കടകൾ, തേങ്ങ പറിക്കാൻ മുളയേണിയും ചുമലിലേറ്റി പോകുന്ന പണിക്കാരൻ, ആഘോഷമുള്ള വീടുകളിൽ വലിയ വെളിച്ചം പകരുന്ന പെട്രോമാക്‌സ്, ഒരു കാലത്തിന്റെ മധുരം മുഴുവൻ ഉള്ളിലൊതുക്കുന്ന ഓറഞ്ച് മിഠായികൾ എന്നിങ്ങനെ പഴയ കാലത്തിന്റെ കാഴ്ചകൾ ഓർമകളും ഓർമപ്പെടുത്തലുകളുമായി പറയാൻ ഇനിയുമുണ്ട് ഒരുപാട് ബാക്കി. 
അവയിലൊക്കെയും ഏതൊക്കെയോ നൻമയുടെയും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ആർദ്രതയുടെയും അംശങ്ങളുണ്ടെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. വർത്തമാനകാല ജീവിതത്തിൽ നിന്നും അവയൊക്കെ നഷ്ടമാകുന്നു എന്നറിയുമ്പോഴുള്ള വേവലാതി മനസ്സിലാകെ കൊണ്ടുവന്നു നിറയ്ക്കുന്ന ആധിയും വ്യാധിയും അനവധിയാണ്. അതുകൊണ്ടാണ് ഭൗതികമായ നേട്ടങ്ങളുടെ സുഖസമൃദ്ധിയിൽ കഴിയുമ്പോഴും പഴമയുടെ പാരമ്പര്യ ചൈതന്യത്തെ കുറിച്ചുള്ള അവബോധം ആത്മരക്ഷയായി സ്വീകരിച്ച് മുന്നേറാൻ ആ ഓർമകളെ നാം കൂട്ടുപിടിക്കുന്നത്. ഒപ്പം പുതുതലമുറയെ അതിനെ കുറിച്ച് ഓർമിപ്പിക്കാനും മുന്നറിയിപ്പു നൽകാനും! 

Latest News