Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; രഥയാത്ര നടത്താനുള്ള അനുമതി ഹൈക്കോടതി വീണ്ടും റദ്ദാക്കി

കൊല്‍ക്കത്ത- ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ പശ്ചിമ ബംഗാളില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച രഥയാത്ര ശനിയാഴ്ച ആരംഭിക്കാനിരിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി രഥയാത്ര സംഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം കല്‍ക്കട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബിജെപിക്ക് അനുമതി നല്‍കിയിരുന്നു. ഈ വിധി പുനപ്പരിശോധിച്ച ഡിവിഷന്‍ ബെഞ്ചാണ് വീണ്ടും അനുമതി നിഷേധിച്ചത്. ജനാധിപത്യ സംരക്ഷത്തിന് എന്ന മുദ്രാവാക്യവുമായാണ് ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നത്. എന്നാല്‍ ഈ യാത്ര സംസ്ഥാനത്തുടനീളം വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹോക്കോടതി അനുമതി നല്‍കി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നും കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിധി പുനപ്പരിശോധിച്ച ചീഫ് ജസ്റ്റിസ് ദേബാശിഷ് കര്‍ഗുപ്തയുടെ നേതൃത്വത്തിലുളള ഡിവിഷന്‍ ബെഞ്ച് ബിജെപിക്ക് യാത്ര നടത്താനുളള അനുമതി തടയുകയായിരുന്നു. ഈ കേസ് വീണ്ടും സിംഗിള്‍ ബെഞ്ചിന് തിരിച്ചയച്ചു. തീരുമാനമെടുക്കുന്നതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 36 രഹസ്യാന്വേഷണ റിപോര്‍ട്ടുകള്‍ കൂടി ഇതോടൊപ്പം പരിഗണിക്കണമെന്നും ബെഞ്ചിനോട് നിര്‍ദേശിച്ചു.

യാത്രയ്ക്ക് അനുമതി നിഷേധിക്കുന്ന സര്‍ക്കാര്‍ വാദത്തില്‍ യുക്തിയില്ലെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് തപബ്രത ചക്രബര്‍ത്തിയുടെ സിംഗിള്‍ ബെഞ്ച് പറഞ്ഞിരുന്നു. യാത്രയ്ക്കിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ബെഞ്ച് ഇന്നലെ നിര്‍ദേശിച്ചിരുന്നു. ഈ ബെഞ്ച് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച രഥയാത്രയ്ക്കു തുടക്കമിടാനായിരുന്നു ബിജെപിയുടെ നീക്കം. ഈ കേസ് ഇനി വക്കേഷന്‍ ബെഞ്ചിനു വിട്ടില്ലെങ്കില്‍ കേസ് ജനുവരി ആദ്യ ആഴ്ച മാത്രമെ വീണ്ടും പരിഗണിക്കൂ. ശീതകാല അവധിക്കായി ഇന്ന് ഹൈക്കോടതി അടക്കും.
 

Latest News