Sorry, you need to enable JavaScript to visit this website.

വിസിറ്റ് വീസയിലെത്തുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ വീസ അനുവദിക്കരുതെന്ന് യുഎഇയോട് ഇന്ത്യ

അബുദബി- വിസിറ്റ്, ടൂറിസ്റ്റ് വീസകളില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന വനിതകള്‍ക്ക് തൊഴില്‍വീസ അനുവദിക്കുന്നത് തടയണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടു. അനധികൃത മാര്‍ഗങ്ങളിലൂടെ കുടിയേറുന്ന ജോലിക്കാര്‍ പല പ്രശ്‌നങ്ങളിലും പെട്ടുപോകുന്നുണ്ടെന്നും ഇക്കൂട്ടത്തില്‍ സ്ത്രീകളെയാണ് ഏറ്റവും കുടുതല്‍ ബാധിക്കുന്നതെന്നും യുഎഇയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വിസിറ്റ്, ടൂറിസറ്റ് വീസകളിലെത്തുന്ന വനിതകളെ ഇന്ത്യയിലെ തട്ടിപ്പുകാരായ ഏജന്റുമാരും വിദേശങ്ങളിലെ തൊഴിലുടമകളും പലപ്പോഴും ചൂഷണം ചെയ്യുന്നുണ്ട്. ഇതു തടയാനാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമം. ഇത്തരം വീസകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ഇവിടെ എത്തി ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് യുഎഇയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും സുഷമ പറഞ്ഞു. 

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പിനിരയായി കുടുങ്ങിയ 2.33 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് തൊഴില്‍തേടി പോകുമ്പോള്‍ നിയമപരമായ മാര്‍ഗത്തിലൂടെ മാത്രെ പാടുള്ളൂവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. തട്ടിപ്പിനിരയാകാന്‍ സാധ്യതയുള്ള തൊഴിലന്വേഷകര്‍ക്കു വേണ്ടിയാണ ഇ-മൈഗ്രേറ്റ് സംവിധാനം. നിയമവിരുദ്ധ വഴികളിലൂടെ വിദേശത്തേക്കു പോകുന്നവര്‍ എവിടെയാണ് എത്തികപ്പെടുക എന്നറിയില്ല. അവരുടെ അവകാശങ്ങളും സുരക്ഷാ സംവിധാനകളും അവര്‍ക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മന്ത്രി സുഷമ ബുധനാഴ്ച ദല്‍ഹിക്കു മടങ്ങി.

Latest News