Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ മതം മാത്രം വേര്‍ത്തിരിച്ചറിയാന്‍ നിര്‍ബന്ധ ഓണ്‍ലൈന്‍ ഫോം

അഹമദാബാദ്- ഗുജറാത്തില്‍ വിദ്യഭ്യാസ ബോര്‍ഡിന്റെ 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികളിലെ മുസ്ലിംകളെ കണ്ടെത്താന്‍ മാത്രമായി ഏര്‍പ്പെടുത്തിയ നിര്‍ബന്ധ ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കല്‍ നടപടിയില്‍ ദുരൂഹത. ഈ ഫോം പൂരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുമോ എന്ന ചോദ്യമുണ്ട്. ഇതിനു ഉത്തരം നല്‍കാനായി ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്താല്‍ രണ്ട് ഒപ്ഷനുകള്‍ മാത്രമാണ് നല്‍കാന്‍ കഴിയുക. 'മുസ്ലിം' അല്ലെങ്കില്‍ 'മറ്റുള്ളവ' എന്നിവയില്‍ ഏതെങ്കിലും ഒന്നു മാത്രമെ സെലക്ട് ചെയ്യാന്‍ കഴിയൂ. അതേസമയം സംസ്ഥാനത്ത് ക്രിസത്യന്‍, സിഖ്, ബുദ്ധ, ജൈന ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടി ഉണ്ടെങ്കിലും ഇവരെ ഒറ്റ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികളെ മാത്രം തിരിച്ചറിയാനും ഇവരുടെ വിവര ശേഖരണത്തിനുമാണെന്ന സംശയം ബലപ്പെട്ടിരിക്കുന്നതായി അഹമദാബാദ് മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ നിര്‍ബന്ധ ഓണ്‍ലൈന്‍ ഫോം വഴി ശേഖരിക്കുന്ന ഡാറ്റ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക പങ്കുവച്ച് നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഗുജറാത്ത് സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി ബോര്‍ഡുകള്‍ നടത്തുന്ന വാര്‍ഷിക പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഓരോ വര്‍ഷവും 17.5 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ഈ ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കണം. കംപ്യൂട്ടറോ ഇന്റര്‍നെറ്റ് സംവിധാനമോ ഇല്ലാത്ത ലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന്റെയോ അധ്യാപകരുടേയൊ സഹായത്തോടെയാണ് ഇതു ചെയ്യുന്നത്.

ആശങ്കയ്ക്ക് കാരണമുണ്ട്
ഇത്തരത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ മാത്രം വിവരം വേറിട്ട് ശേഖരിക്കുന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടി ഒരു രക്ഷിതാവ് മുന്‍ അനുഭവം വിശദീകരിക്കുന്നത് ഇങ്ങനെ: '2002നു മുമ്പ് ഗുജറാത്ത് സര്‍ക്കാര്‍ ഒരു വിവര ശേഖരണം നടത്തിയിരുന്നു. അന്ന് മുസ്ലിം വ്യാപാര സ്ഥാപനങ്ങളുടേയും കച്ചവടക്കാരുടേയും വിവരം ശേഖരിക്കാന്‍ അതതു പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. കലാപത്തില്‍ എന്റെ റസ്ട്രന്റ് തെരഞ്ഞെുപിടിച്ച് ആക്രമിക്കപ്പെട്ടു. സമീപത്തെ കടകളെ ഒഴിവാക്കിയായിരുന്നു ഇത്. സര്‍ക്കാരും പോലീസും നേരത്തെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കലാപകാരികള്‍ ആക്രമണം നടത്തിയതെന്ന് തെളിഞ്ഞു. എന്റെ മകന്റെ കാര്യത്തില്‍ ഇപ്പോള്‍ ആശങ്കയുണ്ട്. വിദ്യാര്‍ത്ഥി മുസ്ലിം ആണോ അല്ലെ എന്ന് അറിയാന്‍ എന്തിനാണ് ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത്. ഇതിന്റെ ലക്ഷ്യമെന്താണ്?' ഭക്ഷണശാല നടത്തിപ്പുകാരനായ ഒരു മുസ്ലിം രക്ഷിതാവ് അഹമദാബാദ് മിററിനോട് പറഞ്ഞതാണിത്. 12ാം ക്ലാസ് പരീക്ഷ എഴുതുന്ന ഇദ്ദേഹത്തന്റെ മകന്‍ ഐഐടിയില്‍ ഉപരിപഠനം നടത്താനാണ് ആഗ്രഹിക്കുന്നത്.

ഈ നീക്കം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ന്യൂനപക്ഷ സ്‌കൂളുകളിലെ പ്രധാനധ്യാപകര്‍ തന്നെ പറയുന്നു. മുസ്ലിംകളെ മാത്രം ഒറ്റപ്പെടുത്തുന്ന ഈ അപേക്ഷ രീതി വിദ്യാര്‍ത്ഥികള്‍ക്കിടയിലും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും ഗുജറാത്ത് സര്‍ക്കാര്‍ മുസ്ലിംകളോട് പെരുമാറുന്ന രീതി നേരത്തേയും വിര്‍ശന വിധേയമായതാണെന്നും ശമ സ്‌കൂള്‍ പ്രധാനാധ്യാപിക സീമ നെര്‍മേതി പറയുന്നു. 

അപേക്ഷയില്‍ ഇത്തരമൊരു ചോദ്യം ബോര്‍ഡ് ഉന്നയിക്കുന്നതില്‍ വ്യക്തതയില്ലെന്നും ആശങ്കയുണ്ടാക്കുന്നതാണെന്നും അഹമദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രൊഫസര്‍ നവദീപ് മാത്തൂര്‍ പറയുന്നു. വിവര ശേഖരമാണ് ലക്ഷ്യമെങ്കില്‍ മറ്റു ന്യൂനപക്ഷ സമുദായങ്ങളേയും ഉള്‍പ്പെടുത്തേണ്ടിയിരുന്നു. ഗുജറാത്ത് ഒരു അടഞ്ഞ സംസ്ഥാനമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കുന്നു. എന്തിന് മുസ്ലിംകളെ മാത്രം ഒറ്റപ്പെടുത്തുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.  രാഷ്ട്രീയ നിരീക്ഷകരും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. 

ഇത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണെന്ന് പിന്നാക്ക നേതാവും എല്‍.എല്‍.എയുമായ ജിഗ്നേഷ് മേവാനി പറഞ്ഞു. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഭരണഘടന വിലക്കിയിട്ടുണ്ട്. ബി.ജെ.പി എല്ലാകാലത്തും മുസ്ലിം വിരുദ്ധരാണെന്നും ഏറ്റവും പുതിയ ഈ നടപടി കൂടുതല്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിവരങ്ങള്‍ ബി.ജെ.പി നല്ല കാര്യത്തിന് ഉപയോഗപ്പെടുത്തുമെന്ന് ഒരിക്കലും വിശ്വസിക്കാനാകില്ല. ഇതു ഭീതിപ്പെടുത്തുന്നതു തന്നെയാണ്. കുട്ടികളുടെ മനസ്സില്‍ തന്നെ ഇത്തരത്തിലുള്ള വിവേചനത്തിന്റെ വിത്തിടുന്നത് അത്യന്തം അപകടകരമാണെന്നും മേവാനി പറഞ്ഞു. 

പടിദാര്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലും ഈ നീക്കത്തിനെതിരെ പ്രതികരിച്ചു. ഒരു ഭാഗത്ത് ബി.ജെ.പി ദേശീയത പറയുമ്പോള്‍ മറുഭാഗത്ത് ഭിന്നിപ്പുണ്ടാക്കുകയാണ്. മുസ്ലിം വിദ്യാര്‍ത്ഥികളുടെ മാത്രം മതം ചോദിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം ഞെട്ടിപ്പിക്കുന്നതാണ്. ഈ വിവേചനപരമായ നീക്കത്തിനു പിന്നില്‍ വിദ്യാഭ്യാസ വകുപ്പല്ലെന്നും സര്‍ക്കാരാണെന്നും പട്ടേല്‍ ആരോപിച്ചു. 

Latest News