Sorry, you need to enable JavaScript to visit this website.

ലാലുവിന്റെ അറസ്റ്റിന് അസ്താനയും സുശീൽ മോഡിയും പി.എം.ഒയും ഒരുമിച്ച് പ്രവർത്തിച്ചു -അലോക് വർമ

ന്യൂദൽഹി - ഐ.ആർ.സി.ടി.സി അഴിമതി കേസിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ കേസെടുത്തത് സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാഗേഷ് അസ്താനയും പ്രധാനമന്ത്രിയുടെ ഓഫീസും ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോഡിയും ഒരുമിച്ച് പ്രവർത്തിച്ചാണെന്ന് അവധിയിൽ പ്രവേശിച്ച സി.ബി.ഐ ഡയറക്ടർ അലോക് വർമ. കേന്ദ്ര വിജിലൻസ് കമ്മീഷൻ (സി.വി.സി) മുമ്പാകെ നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
ലാലുവിനെതിരായ അഴിമതി കേസ് ദുർബലമാക്കാൻ അലോക് വർമ പ്രവർത്തിച്ചുവെന്നായിരുന്നു അസ്താന ഉന്നയിച്ച പ്രധാന ആരോപണം. ഇതിന് മറുപടിയായാണ് വർമ സി.വി.സി മുമ്പാകെ ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണം നിഷേധിച്ച അലോക് വർമ, ലാലുവിനെതിരായ അന്വേഷണത്തിന് നേതൃത്വം നൽകിയ അസ്താന രാഷ്ട്രീയ പ്രേരിതമായാണ് കേസ് അന്വേഷിച്ചതെന്ന് വ്യക്തമാക്കി. ലാലുവിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. രാഗേഷ് അസ്താന ബിഹാറിൽ നിന്നുള്ള ബി.ജെ.പി നേതാവായ സുശീൽ മോഡിയുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നിരന്തരം ഈ കേസ് അന്വേഷണ പുരോഗതി തിരക്കിയിരുന്നുവെന്നും അലോക് വർമ വെളിപ്പെടുത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഈ കേസിൽ സി.ബി.ഐയുടെ എല്ലാ പദ്ധതികളും അറിയാമായിരുന്നു. സി.ബി.ഐ എടുക്കുന്ന ഓരോ തീരുമാനവും അതാത് സമയങ്ങളിൽ അദ്ദേഹത്തെ അറിയിച്ചു കൊണ്ടിരുന്നു. ലാലുവിന്റെയും മകനും ഉപ മുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിന്റെ വീട്ടിലും രണ്ടു മുൻ മുഖ്യമന്ത്രിമാരുടെ വീട്ടിലും സി.ബി.ഐ റെയ്ഡ് നടത്തിയതും അദ്ദേഹത്തിന്റെ അറിവോടു കൂടി ആസൂത്രണം ചെയ്താണെന്നും അലോക് വർമ സി.വി.സിയെ അറിയിച്ചിട്ടുണ്ട്. 

Latest News