Sorry, you need to enable JavaScript to visit this website.

വീരപ്പനേയും ഒമ്പത് കൂട്ടാളികളേയും കോടതി വെറുതെ വിട്ടു

ഈറോഡ്- 18 വര്‍ഷം മുമ്പ് കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതികളായ കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പനേയും ഒമ്പത് കൂട്ടാളികളേയും കോടതി വെറുതെ വിട്ടു. വിധികേള്‍ക്കാന്‍ വീരപ്പനും നടന്‍ രാജ്കുമാറും ജീവിച്ചിരിപ്പില്ലെന്നത് വിധിയുടെ മറ്റൊരു യാദൃശ്ചികതയായി. വീരപ്പനും മറ്റു കൂട്ടുപ്രതികള്‍ക്കുമെതിരെ പോലീസ് ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാനായില്ലെന്നു വ്യക്തമാക്കിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗോപിചെട്ടിപാളയം വിധി പറഞ്ഞത്. കേസില്‍ സാക്ഷി മൊഴികളും പ്രോസിക്യൂഷന്‍ വാദങ്ങളുമായി ഒത്തു പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രമാദയമായ കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചിരുന്നു. 

2000 ജൂലൈ 30ന് തമിഴ്‌നാട്ടിലെ ദൊഡ്ഡ ഗജനൂരിലെ ഫാം ഹൗസില്‍ നിന്നാണ് നടന്‍ രാജ്കുമാറിനെ തോക്കു ചൂടി വീരപ്പനും സംഘവും തട്ടിക്കൊണ്ടു പോയത്. 108 ദിവസം നടന്‍ വീരപ്പന്റെ വനത്തിനുള്ളിലെ അജ്ഞാത ഒളിത്താവളത്തില്‍ തടവിലായിരുന്നു. ഈ സംഭവം കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും വലിയ വിവാദമാകുകയും ചെയ്തിരുന്നു. രാജ്കുമാറിന്റെ ഭാര്യയാണ് വീരപ്പനെതിരെ കേസ് നല്‍കിയത്. ഒമ്പതു പ്രതികള്‍ ജാമ്യത്തിലായിരുന്നു. കോടതി വിധികേള്‍ക്കാന്‍ എട്ടു പേര്‍ എത്തിയിരുന്നു.  കനത്ത പോലീസ് കാവലിലായിരുന്നു വിധി പറച്ചില്‍.  

ഈ സംഭവം നടന്ന് നാലു വര്‍ഷത്തിനു ശേഷം 2004ല്‍ തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് വീരപ്പനേയും മൂന്ന് കൂട്ടാളികളേയും വെടിവച്ചു കൊലപ്പെടുത്തി. 2006 ഏപ്രിലിലായിരുന്നു നടന്‍ രാജ്കുമാറിന്റെ അന്ത്യം.
 

Latest News